|    Apr 25 Wed, 2018 10:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോവളത്ത് മധ്യവയസ്‌കന്‍ വെട്ടേറ്റു മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

Published : 8th July 2016 | Posted By: SMR

കോവളം: ദുരൂഹ സാഹചര്യത്തില്‍ ദമ്പതികള്‍ക്ക് നേരെയുണ്ടായ അജ്ഞാതരുടെ ആക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടു. ഭാര്യ ഗുരുതരാവസ്ഥയില്‍. കൊളിയൂര്‍ ചാനല്‍ക്കര ചരുവിള പുത്തന്‍വീട്ടില്‍ മേരിദാസനെ(45)യാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഷീജ (41) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഇന്നലെ പുലര്‍ച്ചെ നാലരയോടെ മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടന്ന മകന്‍ എണീറ്റപ്പോഴാണ് ഹാളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന മാതാപിതാക്കളെ കണ്ടത്. കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാരും ബന്ധുകളുമെത്തി പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. പോലിസ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ട ഷീജയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവസ്ഥലത്തുതന്നെ മരണപ്പെട്ട മേരിദാസന്റെ മൃതദേഹം പോലിസ് മെഡിക്കല്‍ കോളജിലേക്കു മാറ്റി. പിന്‍വശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്നാണ് ഹാളില്‍ ഉറങ്ങിയിരുന്ന ഇവരെ ആക്രമിച്ചിരിക്കുന്നതെന്നാണ് പോലിസ് ഭാഷ്യം.
പുലര്‍ച്ചെ രണ്ടുമണിയോടെ ആയിരിക്കണം ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ചുറ്റിക പോലുള്ള ഭാരമേറിയ ആയുധം ഉപയോഗിച്ച് മേരിദാസന്റെ മുഖത്തേറ്റ അടിയാണ് മരണകാരണമെന്ന് പോലിസ് പറയുന്നു. ഷീജയുടെ തലയില്‍ മൂന്ന് വെട്ടേറ്റിട്ടുണ്ട്. ഇരുവരുടെയും തലയ്ക്കാണ് പരിക്ക്. അതിനാല്‍ ഉറങ്ങിക്കിടക്കവെയാണ് ആക്രമണം നടന്നതെന്ന് പോലിസ് പറയുന്നു. പിന്‍വശത്തെ വാതിലിനു സമീപമാണ് വളര്‍ത്തുനായയുടെ കൂട്. എന്നാല്‍, നായ കുരയ്ക്കാതിരുന്നതും വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന മക്കളോ സമീപവാസികളോ അലര്‍ച്ചയോ ബഹളമോ കേള്‍ക്കാതിരുന്നതുമാണ് സംഭവത്തില്‍ ദുരൂഹത ഉയര്‍ത്തുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് മരിച്ച മേരിദാസന്‍.
വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തിവരുകയായിരുന്നു ഭാര്യ ഷീജ. ഇതുകൂടാതെ ഇവര്‍ ചെറിയ രീതിയിലുള്ള പണമിടപാടും നടത്തിവന്നിരുന്നതായി പോലിസ് പറഞ്ഞു.
മൂത്ത മകള്‍ ആന്‍സി ദാസ് പ്ലസ്‌വണ്ണിന് അലോട്ട്‌മെന്റ് കാത്തിരിക്കുകയാണ്. ഇളയ മകന്‍ അഭയ ദാസ് വെങ്ങാനൂര്‍ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ്. സംഭവമറിഞ്ഞ് എഡിജിപി ബി സന്ധ്യ, ഐജി മനോജ് എബ്രഹാം, സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപി ശിവവിക്രം തുടങ്ങി സ്‌പെഷ്യല്‍ ബ്രാഞ്ച്, ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം സ്ഥലത്തെത്തി. സ്ഥലം എംഎല്‍എ ഒ രാജഗോപാലും സംഭവസ്ഥലം സന്ദര്‍ശിച്ചു. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം വൈകീട്ട് ആറോടെ പാലപ്പൂര്‍ പള്ളിയില്‍ സംസ്‌കരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss