|    Dec 12 Tue, 2017 8:07 am
Home   >  Todays Paper  >  Page 5  >  

കോവളം കൊട്ടാരം കൈമാറിയത് കോടതിയലക്ഷ്യ നടപടി ഒഴിവാക്കാന്‍ : പിണറായി വിജയന്‍

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കൊട്ടാരത്തിലും സ്ഥലത്തിലും സര്‍ക്കാരിനുള്ള അവകാശം ഉറപ്പാക്കുന്നതിന് ഭാവിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാനുള്ള അവകാശം നിലനിര്‍ത്തിയാണ് കൈമാറ്റമെന്നും പി സി ജോര്‍ജിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. കൊട്ടാരവും സ്ഥലവും തിരികെ ഏറ്റെടുക്കുന്നതിനായി നടത്തിയ നിയമനിര്‍മാണം ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ഇതിനെതിരേ നല്‍കിയ അപ്പീല്‍ ഹരജി സുപ്രിംകോടതിയും തള്ളി. ഇതേതുടര്‍ന്ന് അഡ്വക്കറ്റ് ജനറല്‍, അറ്റോര്‍ണി ജനറല്‍ റിവ്യൂ ഹരജിക്കുള്ള സാധ്യതയില്ലെന്ന് അറിയിച്ചു. സ്വകാര്യഗ്രൂപ്പ് വിധി നടപ്പാക്കാല്‍ ഹരജിയുമായി വീണ്ടും കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കോടതിയലക്ഷ്യ നടപടി ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കോവളം കൊട്ടാരം കൊള്ളക്കാരനായ വ്യവസായിക്ക് വിറ്റുതുലച്ചതോടെ ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്ന് പി സി ജോര്‍ജ് ആരോപിച്ചു. തികച്ചും വിചിത്രമാണ് മന്ത്രിസഭയുടെ തീരുമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പെട്ടിപോയി താക്കോല്‍ കൈയിലുണ്ടെന്ന അവസ്ഥയാണ് സര്‍ക്കാരിന്റേത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക