|    Jul 23 Mon, 2018 4:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോവളം കൊട്ടാരം ഏറ്റെടുക്കല്‍ : എം വിന്‍സെന്റ് എംഎല്‍എയുടെ സത്യഗ്രഹം ആരംഭിച്ചു

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യവ്യക്തിക്ക് കൈമാറിയ സര്‍ക്കാര്‍ നടപടിക്കെതിരേ സ്ഥലം എംഎല്‍എ എം വിന്‍സെന്റ് സത്യഗ്രഹം ആരംഭിച്ചു. കോവളം ഉദയ സമുദ്രയ്ക്കു മുന്നില്‍ 24 മണിക്കൂറാണ് എംഎല്‍എ സത്യഗ്രഹമിരിക്കുന്നത്. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച സത്യഗ്രഹം ഇന്നു പത്തിന് അവസാനിക്കും. ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.സ്ഥലം എംഎല്‍എ ആയ തന്നെ കള്ളക്കേസില്‍ കുടുക്കിയതിനു ശേഷമാണു കോവളം കൊട്ടാരം കൈമാറിയതെന്ന് വിന്‍സെന്റ് ആരോപിച്ചു. കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണം. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രദേശികമായി വന്‍ജനപങ്കാളിത്തമുണ്ടെങ്കിലും വിന്‍സെന്റിന്റെ സമരത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും പങ്കെടുത്തില്ല. തിരുവനന്തപുരം ഡിസിസി സെക്രട്ടറി മാത്രമാണ് സത്യഗ്രഹ പന്തല്‍ സന്ദര്‍ശിച്ചത്. മുതിര്‍ന്ന നേതാക്കളാരും സ്ഥലത്തില്ലെന്ന വിശദീകരണമാണ് ഇതിനു കെപിസിസി നല്‍കിയത്. എന്നാല്‍, കോവളം കൊട്ടാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ എതിര്‍പ്പുണ്ടായിരുന്നു. രാഷ്ട്രീയകാര്യസമിതിയില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയായിട്ടും കാര്യമായ പ്രതിഷേധം ഉയര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്നാണു വിമര്‍ശനം. സ്ഥലത്ത് ഒരു ചെറിയ ജനകീയസമരം സംഘടിപ്പിച്ചതില്‍ മാത്രം വിഷയത്തിലെ പ്രതിഷേധം പാര്‍ട്ടി ഒതുക്കി എന്ന ആക്ഷേപത്തിനിടെയാണ് വിന്‍സെന്റ് എംഎല്‍എ സംഘടിപ്പിച്ച സത്യഗ്രഹം നടക്കുന്നത്. ഇതിനു പ്രാദേശികമായി ലഭിച്ച സ്വീകാര്യത പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുമെന്ന വിലയിരുത്തലും നേതൃത്വം നടത്തുന്നുണ്ട്. അതേസമയം, ഇന്ന് രാവിലെ പത്തിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ പങ്കെടുക്കും. വിന്‍സെന്റിന്റെ സത്യഗ്രഹം രാഷ്ട്രീയപ്രേരിതമാണെന്നാണു സിപിഎം നിലപാട്. പീഡനകേസില്‍ അറസ്റ്റിലായ ശേഷം എംഎല്‍എ നടത്തുന്ന മുഖംമിനുക്കലാണെന്നും സിപിഎം ആരോപിക്കുന്നു. അയല്‍വാസിയായ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയില്‍വാസം അനുഭവിച്ച എംഎല്‍എക്ക് അടുത്തിടെയാണു ജാമ്യം ലഭിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss