|    Apr 21 Sat, 2018 1:58 am
FLASH NEWS
Home   >  Editpage  >  Editorial  >  

കോഴ ആരോപണങ്ങളെപ്പറ്റി അന്വേഷിക്കണം

Published : 3rd October 2015 | Posted By: G.A.G

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക നിയമനത്തിനു കോഴ വാങ്ങുന്നുവെന്നത് രഹസ്യമല്ല. വിരലിലെണ്ണാവുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ മാതൃകാപരമെന്ന് എടുത്തുകാണിക്കാവുന്നതായി ഇന്നു നിലവിലുള്ളത്. വളരെ ഉദാത്തമായ ലക്ഷ്യങ്ങളോടെ തുടക്കമിട്ട വിദ്യാകേന്ദ്രങ്ങള്‍ പോലും കാലം ചെല്ലുമ്പോള്‍ കോഴയ്ക്കു കീഴൊതുങ്ങുന്ന ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഈ പശ്ചാത്തലത്തില്‍ വേണം കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങരയില്‍ സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സെമിനാറില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വെള്ളാപ്പള്ളി നടേശനെതിരായി ഉന്നയിച്ച കോഴയാരോപണവും തുടര്‍ന്നുള്ള ചര്‍ച്ചകളും വിലയിരുത്താന്‍.
എസ്.എന്‍.ഡി.പി. യോഗം, എസ്.എന്‍. ട്രസ്റ്റ് എന്നിവയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനത്തിനു നൂറു കോടി രൂപ കോഴ വാങ്ങിയെന്നാണ് വി എസ് ആരോപിച്ചത്.

യോഗത്തിന്റെയും ട്രസ്റ്റിന്റെയും ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ നടന്ന 302 അധ്യാപക നിയമനങ്ങളിലെ കണക്കാണ് വി എസ് പറഞ്ഞത്. രണ്ടു പതിറ്റാണ്ടായി ഇരുപദവികളും വഹിക്കുന്ന നടേശന്‍ അവയുടെ കോളജുകളില്‍ അധ്യാപക-അനധ്യാപക തസ്തികകളിലായി 2200 നിയമനങ്ങള്‍ നടത്തിയതായാണ് ആരോപണം. ഇതുപോലെ ബന്ധപ്പെട്ട സ്‌കൂളുകളിലും കോളജുകളിലും മാനേജ്‌മെന്റ് സീറ്റ് പ്രവേശനങ്ങളിലും കോഴ നിലനില്‍ക്കുന്നതായി വി എസ് ആരോപിച്ചു.
മൂന്നു വര്‍ഷമായി നിയമനം നടന്നിട്ടില്ലെന്നാണ് വെള്ളാപ്പള്ളിയുടെ മറുപടി. നിയമനത്തിനു കോഴ വാങ്ങുന്നതായി പരോക്ഷമായി അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍, നിയമനവുമായി ബന്ധപ്പെട്ട ഒരു തുകയും കണക്കില്‍ വരവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് നടേശന്റെ എതിര്‍വിഭാഗം രേഖകള്‍ ഉന്നയിച്ചു തെളിയിക്കുന്നു. എസ്.എന്‍.ഡി.പി. നേതൃത്വം കൂടുതലായി സംഘപരിവാര ആഭിമുഖ്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് വി എസിന്റെ ആരോപണം ഉയര്‍ന്നത്. സ്വിസ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ പേര് വെളിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോള്‍ നടേശന്‍ ഞെട്ടുന്നതാണ് പുതിയ ബി.ജെ.പി. ബന്ധത്തിനു പ്രേരകമാവുന്നതെന്നുകൂടി വി എസ് വിശദീകരിക്കുമ്പോള്‍ കാര്യം വ്യക്തമാണ്.
വെള്ളാപ്പള്ളിക്കെതിരേ ഇത്തരമൊരു ആരോപണം ഉയരുന്നത് ഇതാദ്യമല്ല. വി എസ് മുഖ്യമന്ത്രിയായിരുന്ന സമയത്തും ഇതുതന്നെയായിരുന്നു അവസ്ഥ. കഴിഞ്ഞ രണ്ടു ദശകത്തിനിടയില്‍ പല തവണ ലഘുലേഖകളിലും മറ്റുമായി ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന് ബന്ധപ്പെട്ടവര്‍ രേഖാമൂലം പരാതി നല്‍കിയതായും പറയുന്നു. ആരോപണങ്ങളില്‍ എന്തു തുടര്‍നടപടി സ്വീകരിച്ചുവെന്നു വിശദീകരിക്കാനുള്ള ബാധ്യത അച്യുതാനന്ദനുണ്ട്.

‘സ്വകാര്യ വിദ്യാഭ്യാസവും ന്യൂനപക്ഷങ്ങളും’ എന്ന വിഷയവുമായി ബന്ധപ്പെട്ട, കഴിഞ്ഞ ദിവസം തേജസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങള്‍ വിലയിരുത്തിയിരുന്നു. ഓരോ വര്‍ഷവും പ്രവേശനത്തിനും നിയമനത്തിനുമായി കോടിക്കണക്കിനു രൂപയാണ് പല സ്ഥാപനങ്ങളും ഈടാക്കുന്നത്. വ്യക്തമായ കണക്കുകളില്ലാതെ, ബന്ധപ്പെട്ട സംഘടനാവേദികളില്‍ പോലും അവതരിപ്പിക്കപ്പെടാത്തതാണ് ഈ തുക.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss