|    Jan 21 Sat, 2017 9:05 pm
FLASH NEWS

കോഴ്‌സ് തട്ടിപ്പ്; സ്വകാര്യ കോളജിന് എതിരേ വിദ്യാര്‍ഥികള്‍ രംഗത്ത്

Published : 2nd July 2016 | Posted By: SMR

തൊടുപുഴ: യുനിവേഴ്‌സിറ്റി കോഴ്‌സിനു അംഗീകാരമില്ലെന്ന വിവരം മറച്ചുവച്ച് സ്വകാര്യ കോളജ് അധികൃതര്‍ വിദ്യാര്‍ഥികളെ കബളിപ്പിച്ചതായി ആക്ഷേപം. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് അല്‍ഫോന്‍സാ കോളജിനെതിരേയാണ് ഗുരുതര ആരോപണവുമായി വിദ്യാര്‍ഥികളും കേരളാ പുലയര്‍ മഹാസഭയും വാര്‍ത്താ സമ്മേളനം നടത്തിയത്.
സെന്റ് അല്‍ഫോന്‍സ കോളജില്‍ പഠിപ്പിച്ചിരുന്ന കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സിനാണ് 2013ല്‍ അംഗീകാരം നഷ്ടപെട്ടതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.
ഇതോടെയാണ് ഈ കോഴ്‌സിനു പഠിച്ചിരുന്ന ആറു വിദ്യാര്‍ഥികളും ഈ വിവരം അറിയുന്നത്. എന്നാല്‍ ഈ കാര്യം കോളജ് അധികൃതരെ യൂനിവേഴ്‌സിറ്റി 2013ല്‍ അറിയിച്ചിരുന്നു. കര്‍ണാടക സ്റ്റേറ്റ് ഓപണ്‍ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോഴ്‌സാണിത്. ഇതിനാണ് അംഗികാരം നഷ്ടപ്പെട്ടത്. ഇത്തരത്തില്‍ ഈ കോളജില്‍ വിവിധ കോഴ്‌സുകളിലായി പഠിക്കുന്ന മറ്റ് 31 വിദ്യാര്‍ഥികളും പരാതിയുമായി രംഗത്തെത്തി. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ കോഴ്‌സിനു രണ്ടാം വര്‍ഷം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളില്‍ നിന്നു കോളജ് അധികൃതര്‍ 43,000 രൂപയാണ് ഈടാക്കിയിരുന്നത്. കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ 80000 രൂപ ചെലവാകും. രണ്ട് വര്‍ഷവും 43000 രൂപയും നഷ്ടപെട്ട അവസഥയിലാണ് ആറ് വിദ്യാര്‍ഥികള്‍.
അഡ്മിഷന്‍ എടുത്തിരുന്ന സമയത്ത് കോളജധികൃതര്‍ യുനിവേഴ്‌സിറ്റി അംഗീകാരമുള്ള കോഴ്‌സാണിതെന്ന് വിദ്യാര്‍ഥികളെും മാതാപിതാക്കളെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ആദ്യ സെമസ്റ്ററില്‍ 16000 രൂപയും രണ്ടാമത്തെ സെമസ്റ്ററില്‍ 13500 രൂപയും മൂന്നാമത്തെ സെമസ്റ്ററില്‍ 13500 രൂപയും കോളജ് അധികൃതര്‍ കൈപ്പറ്റി.ഈ വിവരങ്ങള്‍ കാണിച്ച് തൊടുപുഴ പോലിസില്‍ കോഴ്‌സിനു പഠിച്ചിരുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി അഖില ലാല്‍സനാണ് പരാതിയുമായി രംഗത്തെത്തിയത്. 31 വിദ്യാര്‍ഥികള്‍ ഒപ്പിട്ട പരാതിയുമായി തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും കേസെടുക്കാന്‍ വിസമ്മതിച്ചു. പിന്നീട് ജില്ലാ പോലിസ് മേധാവി ഇടപെട്ടാണ് കേസെടുപ്പിച്ചത്. എന്നാല്‍ മാതാപിതാക്കള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മറ്റ് സംസ്ഥാനങ്ങളുടെ കോഴ്‌സ് നല്‍കാമെന്ന വാഗ്ദാനവുമായി കോളജ് അധികൃതര്‍ എത്തിയതായി ഇവര്‍ ആരോപിക്കുന്നു. വിദ്യാഭ്യാസ സ്ഥാപന ഉടമക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കെപിഎംഎസും ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ കോളജ് വിദ്യാര്‍ഥിനി അഖില ലാല്‍സണ്‍, കെപിഎംഎസ് തൊടുപുഴ യൂനിയന്‍ സെക്രട്ടറി പി കെ സോമന്‍, ജില്ലാ സെക്രട്ടറി സി സി കൃഷ്ണന്‍, രമാ ബിനു, വി എസ് അനില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക