|    May 24 Thu, 2018 11:59 am

കോഴി വില കുതിക്കുന്നു ; നിയന്ത്രിക്കുന്നത് തമിഴ്‌ലോബി

Published : 4th June 2017 | Posted By: fsq

 

ഈരാറ്റുപേട്ട: കോഴിയുടെയും കോഴി ഇറച്ചിയുടെയും വില ഓരോ ദിവസവും മുകളിലേക്ക് കുതിക്കുന്നു.  നോമ്പുതുറ സല്‍ക്കാരത്തിനും മറ്റും കോഴി ഇറച്ചിയുടെ ഉപയോഗം കൂടിയതിനാല്‍ വില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ആവശ്യത്തിന് കോഴിയില്ലെന്ന കാരണം പറഞ്ഞാണ് വില ഓരോ ദിവസവും കൂട്ടുന്നത്. ചിലയിടങ്ങളില്‍ കഴിഞ്ഞമാസംവരെ വേനലായതിനാല്‍ കോഴിഫാമുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ വെള്ളം കിട്ടാനില്ലാത്തതാണ് വിലകൂടാന്‍ കാരണമെന്നാണ് പറഞ്ഞിരുന്നത്. കോഴിക്ക് കിലോയ്ക്ക്് 140- 145 രൂപ വിലയുള്ളപ്പോള്‍ കോഴി ഇറച്ചിക്ക് 210 രൂപ വരെ വിലവരുന്നുണ്ട്. ജില്ലയിലേക്കാവശ്യമായ കോഴി ഇപ്പോഴും ജില്ലയില്‍തന്നെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍, ഇവ മുവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി പ്രദേശങ്ങളിലേക്ക് കയറ്റി അയക്കുകയാണ്. ജില്ലയിലെ കോഴിവില തീരുമാനിക്കുന്നതാവട്ടെ തമിഴ്‌നാട് കോഴിക്കച്ചവട ലോബിയാണ്. തമിഴ്‌നാട്ടില്‍ ഇപ്പോഴും കടുത്ത വേനലാണനുഭവപ്പെടുന്നത്. അതേസമയം, കൃത്രിമമായി കോഴിയുടെ ദൗര്‍ലഭ്യമുണ്ടാക്കി വന്‍കിട കച്ചവടക്കാര്‍ കോഴിവില കൂട്ടുകയാണെന്ന് ചെറുകിടവില്‍പ്പനക്കാര്‍ ആരോപിക്കുന്നു. ജില്ലയില്‍ ആവശ്യത്തിന് ഫാമുകളും, കോഴിയുമുണ്ടായിരിക്കെ കോഴിവില കൂട്ടേണ്ട സാഹചര്യമില്ലെന്ന് ഇവര്‍ പറയുന്നു. നോമ്പുകാലമായതിനാല്‍ കോഴിയുടെ ആവശ്യക്കാര്‍ കൂടിയതിനാല്‍ വില ഉടനെ കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. പെരുന്നാളാവുന്നതോടെ വീണ്ടും കോഴിവില വര്‍ധിക്കാനാണ് സാധ്യത. പലയിടങ്ങളിലും മഴ പെയ്‌തെങ്കിലും കിണറുകളില്‍ ആവശ്യത്തിന് വെള്ളമുയര്‍ന്നിട്ടില്ല. വേനലില്‍ വെള്ളം കിട്ടാത്തതിനാല്‍ അടച്ചുപൂട്ടിയ കോഴി ഫാമുകള്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ കോഴിക്ക് ക്ഷാമമുണ്ടായ സാഹചര്യത്തിലാണ് വില ഉയര്‍ന്നതെന്നാണ് മറുവാദം. കോഴി വിലയ്ക്ക് ആനുപാതികമായി മല്‍സ്യത്തിന്റെയും വിലയില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. മത്തിക്ക് 120 രൂപയും അയലയ്ക്ക് 160 രൂപയുമാണ് ഇപ്പോഴത്തെ വില. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനമായി ബന്ധപ്പെട്ട് പോത്ത് വ്യാപാരേമഖലയിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. വെള്ളിയാഴ്ച കന്നുകാലികളുമായെത്തിയ ലോറികള്‍ സംസ്ഥാന അതിര്‍ത്തിയായ പാലക്കാടിന്റെ 5 കിലോമീറ്റര്‍ അകലെ തമിഴ്‌നാട്ടിലെ കിണറ്റുകടവില്‍ ഹിന്ദുമക്കള്‍ കക്ഷി പ്രവര്‍ത്തര്‍ തടഞ്ഞതിനാല്‍ ഇവ തിരിച്ചുപോയി. കശാപ്പുനിരോധനം മുതലെടുത്ത് വരുംദിവസങ്ങളില്‍ മാട്ടിറച്ചി വിലയും ക്രമാതീതമായി ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss