|    Jan 20 Fri, 2017 5:00 am
FLASH NEWS

കോഴിമാലിന്യം റോഡില്‍ തള്ളുന്നത് ജനങ്ങള്‍ക്ക് ദുരിതമാവുന്നു

Published : 11th July 2016 | Posted By: SMR

കോഴിക്കോട്: കോഴി മാലിന്യം റോഡില്‍ നിക്ഷേപിക്കുന്ന സംഘങ്ങള്‍ മലയോര മേഖലയില്‍ സൈ്വര്യ വിഹാരം നടത്തുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. തുഷാരഗിരി റോഡില്‍ 30 ചാക്കോളം കോഴി മാലിന്യം വിതറിയതാണ് അവസാന സംഭവം. താമരശ്ശേരി, പുതുപ്പാടി, കോടഞ്ചേരി മേഖലകളിലാണ് കോഴിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ റോഡില്‍ വലിച്ചെറിയുന്നത്. കോഴിക്കടകളില്‍നിന്നും മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുക്കുന്ന സംഘങ്ങള്‍ ഇവ ശാസ്ത്രീയമായി സംസ്‌കരിക്കാതെ റോഡിലും പൊതു സ്ഥലങ്ങളിലും വലിച്ചെറിയുന്നത് വ്യാപകമായിരിക്കുകയാണ്. സംസ്‌കരിക്കാന്‍ സ്ഥലം ലഭിക്കാത്തതിനാലും ഏറെ ദൂരം വാഹനം ഓടേണ്ടതിനാലും കോഴിമാലിന്യം ആളൊഴിഞ്ഞ ഭാഗത്ത് റോഡില്‍ വലിച്ചെറിയുകയാണ് ചെയ്യുന്നത്.
മീമുട്ടി മുതല്‍ ചെമ്പുകടവ് വരെയുള്ള ഭാഗത്താണ് കഴിഞ്ഞ ദിവസം കോഴിമാലിന്യം ചാക്കോടെ വലിച്ചെറിഞ്ഞത്. വാഹനങ്ങള്‍ കയറിയിറങ്ങി റോഡില്‍പരന്ന മാലിന്യം മഴവെള്ളത്തിനൊപ്പം പരന്നൊഴുകി. സംഭവത്തില്‍ പ്രതിഷേധിച്ച് ഏറെനേരം നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഗ്രാമപഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും മാലിന്യം നീക്കം ചെയ്യാന്‍ ഫണ്ടില്ലെന്നു പറഞ്ഞ് സ്ഥലം വിട്ടതായി നാട്ടുകാര്‍ പറഞ്ഞു. വാഹനങ്ങള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ മാലിന്യം പ്രദേശത്താകെ ഒഴുകിയെത്തിയത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. കോടഞ്ചേരി മേഖലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെ പടര്‍ന്നു പിടിക്കുകയും ഏതാനും ആളുകള്‍ മരിക്കുകയും ചെയ്തത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോടഞ്ചേരി ഈരോടില്‍ കോഴിമാലിന്യം തള്ളിയ വാഹനം ചിലര്‍ അടിച്ച് തകര്‍ത്തിരുന്നു. വാഹനത്തിന്റെ നാലു വശത്തും മൂന്ന് വ്യത്യസ്ഥ രജിസ്‌ട്രേഷന്‍ നമ്പറുകളാണ് രേഖപ്പെടുത്തിയിരുന്നത്. വാഹനത്തില്‍നിന്നും ലഭിച്ച വെയ് ബ്രിഡ്ജില്‍നിന്നുള്ള ബില്ലില്‍ മറ്റൊരു നമ്പറുമാണ് രേഖപ്പെടുത്തിയത്. താമരശ്ശേരി പുല്ലാഞ്ഞിമേടിന് സമീപവും രണ്ടാഴ്ച്ച മുമ്പ് കോഴിമാലിന്യം റോഡില്‍ തള്ളിയിരുന്നു.
ദേശീയപാതയില്‍ അമ്പായത്തോട് ഭാഗങ്ങളിലും ചുരത്തിലും കോഴി മാലിന്യങ്ങള്‍ നിക്ഷേപിക്കല്‍ പതിവാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക