|    Oct 23 Tue, 2018 5:03 pm
FLASH NEWS

കോഴിച്ചെന അപകട പരമ്പര : നിസാറിന്റെ വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി

Published : 15th January 2017 | Posted By: fsq

 

കോട്ടക്കല്‍: സാമൂഹിക-സാംസ്‌കാരിക-രാഷ്്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന നിസാറിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞദിവസം കോഴിച്ചെനയിലുണ്ടായ വാഹനാപകട പരമ്പരയില്‍പെട്ടാണ് പച്ചക്കറി വ്യാപാരിയായ നിസാര്‍ മരണപ്പെട്ടത്. തൃശൂര്‍ ഭാഗത്തുനിന്നു കോഴിക്കോട് ഭാഗത്തേക്ക് കെമിക്കല്‍സുമായി പോവുകയായിരുന്ന ലോറി മേലെകോഴിച്ചെനയില്‍ വച്ച് പതിനാലു വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ച് കാര്‍, നാലു ഗൂഡ്‌സ് ഓട്ടോ, മൂന്ന് ബൈക്ക്, ഒരു ഓട്ടോ, ലോറി എന്നിവയാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നിസാറിന്റെ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ലോറിക്കടിയിപ്പെട്ട നിസാറിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു.കുറഞ്ഞകാലം കൊണ്ടുതന്നെ നാട്ടുകാരുടെ മനസ്സില്‍ ഇടം നേടിയ നിസാര്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പ്രിയങ്കരനായിരുന്നു. മത-രാഷ്ട്രീയ രംഗത്ത് നിസാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളായിരുന്നു കാഴ്ചവച്ചിരുന്നത്. ജീവിത പ്രാരാബ്ധത്തില്‍ പോലും തന്റെ വിഷമതകളൊന്നും തന്നെ കാര്യമാക്കാതെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ഇറങ്ങുമായിരുന്ന നിസാര്‍ യുവാക്കള്‍ക്കു മാതൃകയാണ്. ജനസേവനം ജീവിത മാര്‍ഗമാക്കിയ അദ്ദേഹം കര്‍മ രംഗത്തെ സൂര്യതേജസ്സു തന്നെയെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടുകാര്‍ക്കെന്നപോലെ അയല്‍പക്കക്കാര്‍ക്കും നിസാര്‍ സ്വന്തം മകനെ പോലെയാണ്. ഇന്നലെ പുലര്‍ച്ചെ കടയിലേയ്ക്ക് പച്ചക്കറിയെടുക്കാനായി പോയതായിരുന്നു നിസാര്‍. പതിവായി രാവിലെ പത്തിന് മല്‍സ്യവുമായി എത്താറുള്ള നിസാറിനെ കാത്തുനിന്ന വീട്ടുകാര്‍ക്ക് കേള്‍ക്കാനായത് ഹൃദയഭേദകമായ അപകട വാര്‍ത്തയായിരുന്നു. വാര്‍ത്തയറിഞ്ഞയുടനെ നാട്ടുകാര്‍ സംഭവസ്ഥലത്തേയ്ക്കും തുടര്‍ന്ന് അല്‍മാസ് ആശുപത്രിയിലേയ്ക്കും ഓടിയെത്തി. പലരും മരണവാര്‍ത്ത വിശ്വസിക്കാനാവാതെ അന്താളിച്ചു നിന്നു. അല്‍മാസിന്റെ മോര്‍ച്ചറി പരിസരം നിശബ്ദരായ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. ഏതാണ്ട് ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയിലേയ്ക്കു കൊണ്ടുപോയപ്പോഴും തിരിച്ച് വീട്ടിലേയ്ക്കു കൊണ്ടുവന്നപ്പോഴും സഹപ്രവര്‍ത്തകരും നാട്ടുകാരുമടങ്ങുന്ന വന്‍ ജനക്കൂട്ടം അനുഗമിച്ചു. ഏഴു മാസങ്ങള്‍ക്കുമുമ്പാണ് നിസാറിന്റെ വിവാഹം നടന്നത്. മൃതദേഹം വീട്ടിലെത്തിയപ്പോള്‍ കുടുംബത്തിന്റെ കരച്ചില്‍കേട്ട് തടിച്ചുകൂടിയ ജനക്കൂട്ടം വിതുമ്പി. കര്‍മരംഗത്തെ ധീരനായ നിസാര്‍ അഞ്ചുവര്‍ഷമായി പെരിമണ്ണ പഞ്ചായത്ത് എസ്ഡിപിഐ സെക്രട്ടറിയാണ്. പാര്‍ട്ടിയുടെ തുടക്കം മുതല്‍ക്കുതന്നെ സജീവ സാന്നിധ്യമായിരുന്ന നിസാറിനെ ചെറുപ്രായത്തില്‍ തന്നെ പാര്‍ട്ടി പഞ്ചായത്ത് നേതൃത്വത്തിലേയ്ക്ക് തിരഞ്ഞെടുക്കുകയായിരുന്നു. കര്‍മ രംഗത്തെ ആത്മാര്‍ഥത നിസാറിനെ വീണ്ടും വീണ്ടും സെക്രട്ടറിയാക്കി. മരണവാര്‍ത്തയറിഞ്ഞ് ഉച്ചയ്ക്കുമുമ്പുതന്നെ നിസാറിന്റെ വീടും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞു. മൃതദേഹം ഖബറിലേയ്ക്ക് ഇറക്കി മടങ്ങിയിട്ടും പലര്‍ക്കും നിസാറിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടുതവണയായാണ് മയ്യിത്ത് നമസ്‌കാരം നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss