|    Mar 26 Sun, 2017 10:35 pm
FLASH NEWS

കോഴിക്കോഴ: മാണിക്ക് അനുകൂലമായി റിപോര്‍ട്ട് നല്‍കിയ നിയമോപദേശകനെതിരേ വിജിലന്‍സ് അന്വേഷണം

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: കോഴിനികുതി വെട്ടിച്ച കേസില്‍ മുന്‍മന്ത്രി കെ എം മാണിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച വിജിലന്‍സ് നിയമോപദേശകന്‍ പി കെ മുരളീകൃഷ്ണനെതിരേ വിജിലന്‍സ് അന്വേഷണം. അഴിമതിയാരോപണം നേരിടുന്ന കെ എം മാണിക്ക് അനുകൂലമായി കോടതിയില്‍ നിലപാട് സ്വീകരിച്ചെന്നും വിവരങ്ങള്‍ മറച്ചുവച്ചെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
ധനമന്ത്രിയായിരുന്ന കെ എം മാണി കോഴിക്കച്ചവടക്കാര്‍ക്കും മരുന്നുകമ്പനികള്‍ക്കും നികുതിയിളവ് നല്‍കിയത് അന്വേഷിക്കണമെന്ന പരാതി കോട്ടയം വിജിലന്‍സ് കോടതിയില്‍ വന്നപ്പോള്‍ വിജിലന്‍സ് അഭിഭാഷകന്‍ മുരളീകൃഷ്ണന്‍ അട്ടിമറി നടത്തിയെന്നാണ് ആരോപണം. നികുതിവകുപ്പിലെ ഫയലുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ രേഖകള്‍ ഹാജരാക്കുന്നതിന് പകരം മാണിയെ കുറ്റവിമുക്തനാക്കുന്ന റിപോര്‍ട്ടാണ് അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയത്. ഇതേത്തുടര്‍ന്ന് ഹരജി കോടതിയില്‍ തള്ളിപ്പോവുകയും ചെയ്തിരുന്നു.
കേസില്‍ മുരളീകൃഷ്ണന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ഇദ്ദേഹത്തിന് പുനര്‍നിയമനം നല്‍കരുതെന്നും സര്‍ക്കാരിനോട് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കച്ചവടക്കാര്‍ നികുതി വെട്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയെ തുടര്‍ന്ന് 65 കോടി രൂപ പിഴ ഈടാക്കാന്‍ ഉത്തരവിറക്കിയിരുന്നു. ഇതു മറികടന്ന് കോഴിക്കച്ചവടക്കാരെ അനധികൃതമായി സഹായിച്ചെന്നാണ് മാണിക്കെതിരായ കേസ്.
സുപ്രിംകോടതിയെ സമീപിച്ചിട്ടും ഒഴിവാക്കിക്കിട്ടാതിരുന്ന പിഴനികുതി കെ എം മാണി സ്വന്തം നിലയില്‍ അധികാരദുര്‍വിനിയോഗം നടത്തി കോഴിക്കച്ചവടക്കാര്‍ക്കു വേണ്ടി ഒഴിവാക്കിക്കൊടുക്കുകയായിരുന്നുവെന്നാണ് പരാതി. കേസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് രണ്ടാണ് അന്വേഷിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക