|    Jan 25 Wed, 2017 6:47 am
FLASH NEWS

കോഴിക്കോട് യുഎല്‍ സൈബര്‍പാര്‍ക്ക് ഉദ്ഘാടനം 27ന്

Published : 24th February 2016 | Posted By: G.A.G

ul-PARK

കോഴിക്കോട്: സഹകരണമേഖലയിലെ രാജ്യത്തെ ആദ്യത്തെ ഐടി സംരംഭമായ യുഎല്‍ സൈബര്‍പാര്‍ക്ക് 27ന് കോഴിക്കോട് നെല്ലിക്കോട്ട് ഉച്ചയ്ക്ക് 12.45ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തിനും കൊച്ചിക്കും ശേഷം സംസ്ഥാനത്തെ മൂന്നാമത്തെ ഐടി ഹബ്ബായി കോഴിക്കോടിനെ മാറ്റുകയെന്ന ലക്ഷ്യം യുഎല്‍ സൈബര്‍പാര്‍ക്കിന്റെ ഉദ്ഘാടനത്തോടെ സാധ്യമാവുമെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി എം കെ മുനീര്‍, മേയര്‍ വികെസി മമ്മദ് കോയ, എം കെ രാഘവന്‍ എംപി, എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, എളമരം കരീം പങ്കെടുക്കും.
കോഴിക്കോട്ടെ ആദ്യത്തെ ഐടി സൈബര്‍പാര്‍ക്കാണ് യുഎല്‍സിസിയുടെ നേതൃത്വത്തി ല്‍ പ്രവര്‍ത്തനം തുടങ്ങുന്ന യുഎല്‍ സൈബര്‍ പാര്‍ക്ക്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 2012ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് ബില്‍ഡിങിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. മലബാറിലെ ആദ്യത്തെ സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്ന സവിശേഷതയും യുഎല്‍ സൈബര്‍പാര്‍ക്കിനു സ്വന്തമാണ്. ദേശീയപാത ബൈപാസിലെ നെല്ലിക്കോട്ട് 25.11 ഏക്കര്‍ സ്ഥലത്ത് 270കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വിക് സ്‌പേസ് എന്നു പേരിട്ട സൈബര്‍പാര്‍ക്കിന് 3.1 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. 600 കോടി രൂപയാണ് സൈബര്‍ പാര്‍ക്കിന്റെ അടങ്കല്‍ തുക.
കോഴിക്കോടിനെ ഐടി ഹബ്ബാക്കി മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഈമാസം 27ന് ‘ഡിജിറ്റല്‍ കേരള’പ്രഖ്യാപനം കോഴിക്കോട്ടു വച്ചു നടത്തുന്നത്. യുഎല്‍ സൈബര്‍ പാര്‍ക്കിന്റെ വരവോടെ കോഴിക്കോട് ഐടി ഡെസ്റ്റിനേഷന്‍ ആയി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറെ വൈകാതെ തന്നെ ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ഡല്‍ഹി, പൂനെ, കൊല്‍ക്കത്ത തുടങ്ങിയ ഐടി നഗരങ്ങളുടെ നിരയിലേക്ക് കോഴിക്കോടിനെയും ഉയര്‍ത്താനാണു ശ്രമം. കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ പ്രാധാന്യം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ വലിയ കമ്പനികള്‍ വരുന്നില്ലെന്ന ആക്ഷേപം ശരിയല്ല. ഐടി ഹബ്ബുകള്‍ സംബന്ധിച്ച് അന്തിമതീരുമാനമാവാതെ പേരു വെളിപ്പെടുത്താന്‍ കമ്പനികളുമായുണ്ടാക്കിയ ധാരണപ്രകാരം സാധ്യമല്ല. അതിനാലാണ് അത്തരം വലിയ സംരംഭകരുടെ പേരുകള്‍ പരസ്യമാക്കാത്തത്. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ചെറിയ കമ്പനികള്‍ക്കും ഐടി മേഖലയില്‍ ഏറെ പ്രാധാന്യമുണ്ട്. കേരളത്തില്‍ തന്നെ ചെറിയതോതില്‍ തുടങ്ങിയ ഒട്ടേറെ ഐടി കമ്പനികള്‍ ഇന്ന് അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഗവ. സൈബര്‍പാര്‍ക്ക് സിഇഒ അജിത്കുമാര്‍, യുഎല്‍ സൈബര്‍പാര്‍ക്ക് ചെയര്‍മാന്‍ പി രമേശന്‍, അരുണ്‍ എന്നിവരും പങ്കെടുത്തു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 207 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക