|    Feb 19 Mon, 2018 5:37 am
FLASH NEWS

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സാ ഫീസ് വര്‍ധിപ്പിക്കുന്നു

Published : 30th January 2017 | Posted By: fsq

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സാ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനം. ആശുപത്രി വികസന സമിതി (എച്ച്ഡിഎസ്) ജീവനക്കാര്‍ക്ക് കഴിഞ്ഞ ജൂലൈ 15 മുതല്‍ മാനദണ്ഡമില്ലാതെ ശമ്പളം വര്‍ധിപ്പിച്ചതോടെയാണ്് രോഗികള്‍ക്ക് വിനയായത്. കോടിക്കണക്കിന് രൂപ ഫീസിനത്തില്‍ നീക്കിയിരിപ്പ് ഉണ്ടായിരുന്നെങ്കിലും രോഗികള്‍ക്കുവേണ്ടി ഈ ഫണ്ട് ഒന്നുംതന്നെ ഉപയോഗിക്കാതെ ധൃതിപിടിച്ച് ശമ്പളം വര്‍ധിപ്പിച്ചത് വികസനസമിതിയെ കടത്തിലേക്ക് തള്ളിനീക്കി. ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് നല്‍കിയ ഇനത്തില്‍ 48 ലക്ഷം രൂപ ഇപ്പോള്‍ കടമാണ്. വിവിധ കമ്പനികള്‍ക്ക് ഉപകരണങ്ങളും മറ്റും വാങ്ങിയ ഇനത്തില്‍ ഒരു കോടിരൂപ വേറെയും നല്‍കാനുണ്ട്. വരുമാനത്തിന്റെ എഴുപത് ശതമാനത്തില്‍ കൂടുതല്‍ ശമ്പളം ഇനത്തില്‍ ചിലവാക്കാന്‍ പാടില്ലെന്നാണ് ചട്ടം അനുശാസിക്കുന്നത്. ഇതെല്ലാം കാറ്റില്‍പറത്തിയാണ് ആശുപത്രി വികസനസമിതി ചികില്‍സ തേടുന്ന പാവപ്പെട്ട രോഗികളില്‍ നിന്നു വിവിധ ഇനങ്ങളില്‍ ഈടാക്കുന്ന ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി ഒന്നു മുതലാണ് ചികില്‍സാഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മാസത്തില്‍ 65 ലക്ഷം രൂപയാണ് ഇതുവരെ ജീവനക്കാരുടെ ശമ്പള ഇനത്തില്‍ വേണ്ടിവന്നതെങ്കില്‍ ഇപ്പോള്‍ 1.15 കോടി രൂപയാണ് ശമ്പള ഇനത്തില്‍ മാത്രം ചിലവഴിക്കുന്നത്. വരുമാനത്തിന്റെ ഭൂരിഭാഗവും ഇപ്പോള്‍ ശമ്പളത്തിനായി ഉപയോഗിക്കുകയാണ്. ആശുപത്രി കാത്ത്‌ലാബ്, സിടി സ്‌കാന്‍, എംആര്‍ഐ തുടങ്ങിയ സ്ഥാപനങ്ങള്‍ എച്ച്ഡിഎസിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളാണ്. 15 വര്‍ഷം മുമ്പ് സ്ഥാപിച്ച സിടി സ്‌കാനര്‍ കാലപ്പഴക്കം ചെന്ന് ഉപയോഗശൂന്യമായികിടക്കുകയും ഒന്ന് ഭാഗികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അത്യാധുനിക രീതിയിലുള്ള സിടി സ്‌കാനര്‍ സ്ഥാപിക്കാന്‍ ഇതുവരെ ആശുപത്രിവികസന സമിതിക്ക് കഴിഞ്ഞിട്ടില്ല. ആശുപത്രി വികസന സമിതിക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളില്‍ നിന്നും വികസനസമിതിക്ക് നല്ല വരുമാനമാര്‍ഗങ്ങളുണ്ട്. എല്ലാ മാസവും മെഡിക്കല്‍ കോളജിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് സമിതി യോഗം ചേരുന്നത്. യോഗം ചേര്‍ന്ന് പിരിയുക എന്നല്ലാതെ രോഗികളുടെ ചികില്‍സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് യാതൊരുവിധ ആലോചനകളും വികസന സമിതിയില്‍ രൂപപ്പെടുന്നില്ല. രോഗികളില്‍ നിന്ന് വിവിധ ഇനങ്ങളില്‍ പണം ഈടാക്കുമ്പോള്‍ അതിന്റെ ഓഡിറ്റ് ചെയ്ത് വരവ് ചിലവ് കണക്കുകള്‍ പ്രസിദ്ധപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ജീവനക്കാരുടെ ശമ്പളം കൂട്ടിനല്‍കിയ ഇനത്തിലുണ്ടായ കടം വീട്ടുന്നതിന് പാവപ്പെട്ട രോഗികളെ പിഴിയാനുള്ള വികസന സമിതിയുടെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss