|    May 24 Wed, 2017 1:35 pm
FLASH NEWS

കോഴിക്കോട്, പാലക്കാട് കലക്ടര്‍മാര്‍ തുടരും; 12 ജില്ലാ കലക്ടര്‍മാര്‍ക്കു സ്ഥാനചലനം

Published : 4th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ കലക്ടര്‍മാരെ മാറ്റാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കോഴിക്കോട്, പാലക്കാട് ജില്ലകളിലൊഴികെയുള്ള കലക്ടര്‍മാരെയാണു മാറ്റിയത്. ഇതില്‍ മിക്കവര്‍ക്കും പകരം നിയമനം നല്‍കി. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എം കെ രാഘവന്‍ എംപിയുമായി കൊമ്പുകോര്‍ത്ത കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തിനെ സ്ഥലംമാറ്റിയിട്ടില്ല എന്നതാണു ശ്രദ്ധേയം. തന്നെ അപകീര്‍ത്തിപ്പെടുത്തിയ കലക്ടറെ നീക്കണമെന്ന് എംപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് കലക്ടര്‍ ഫേസ്ബുക്കിലൂടെ മാപ്പുപറഞ്ഞതോടെയാണ് വിവാദം അവസാനിച്ചത്.
ബിജു പ്രഭാകറിന് പകരം 2009 ബാച്ചിലെ എസ് വെങ്കടേശപതിയാണ് പുതിയ തിരുവനന്തപുരം കലക്ടര്‍. ബിജു പ്രഭാകറിന് കൃഷി ഡയറക്ടറായി പകരം നിയമനം നല്‍കി. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പോലിസിനെതിരേ റിപോര്‍ട്ട് നല്‍കിയ കൊല്ലം കലക്ടര്‍ എ ഷൈനമോളെ മലപ്പുറത്ത് നിയമിച്ചു. ടി മിത്രയാണു പുതിയ കൊല്ലം കലക്ടര്‍.
എറണാകുളം കലക്ടര്‍ എം ജി രാജമാണിക്യത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എംഡിയായി നിയമിച്ചു. രാജമാണിക്യത്തെ മാറ്റണമെന്ന് സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എക്‌സൈസ് അഡീഷനല്‍ കമ്മീഷണറുടെ ചുമതല കൂടിയുണ്ടാവും. കെ മുഹമ്മദ് വൈ സഫീറുല്ലയാണ് പുതിയ എറണാകുളം കലക്ടര്‍. പത്തനംതിട്ട- ആര്‍ ഗിരിജ, ആലപ്പുഴ-വീണാ മാധവന്‍, കോട്ടയം- സി എ ലത, ഇടുക്കി- ജി ആര്‍ ഗോപു, തൃശൂര്‍- എ കൗശിഗന്‍, വയനാട്- ബി എസ് തിരുമേനി, കണ്ണൂര്‍- മിര്‍ മുഹമ്മദലി, കാസര്‍കോട്- ജീവന്‍ ബാബു എന്നിവരെ മറ്റു ജില്ലകളിലും നിയമിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പത്തനംതിട്ട കലക്ടറായിരുന്ന എസ് ഹരികിഷോറിനെ നിയമിക്കാനും തീരുമാനിച്ചു. വി രതീശനാണ് പുതിയ പഞ്ചായത്ത് ഡയറക്ടര്‍. എംഎന്‍ആര്‍ഇജിഎസ് മിഷന്‍ ഡയറക്ടറുടെ ചുമതലകൂടി ഇദ്ദേഹത്തിനുണ്ടാവും.
വയനാട് ജില്ലാ കലക്ടറായിരുന്ന കേശവേന്ദ്രകുമാറിനെ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറായും നിയമിച്ചു. ടി വി അനുപമ അവധിയില്‍ പോയതോടെ ഒഴിഞ്ഞുകിടക്കുന്ന ഫുഡ്‌സേഫ്റ്റി കമ്മീഷണറുടെയും സാമൂഹികനീതി ഡയറക്ടറുടെയും അധികചുമതലകള്‍ കൂടിയുണ്ടാവും. പി ബാലകിരണിനെ ഐടി മിഷന്‍ ഡയറക്ടറായും ഇ ദേവദാസനെ സര്‍വേ ആന്റ് ലാന്‍ഡ് റിക്കാര്‍ഡ്‌സ് ഡയറക്ടറായും നിയമിച്ചു. ദേവദാസന് രജിസ്‌ട്രേഷന്‍ ഐജിയുടെ അധികചുമതലകൂടിയുണ്ടാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day