|    Nov 15 Thu, 2018 3:04 am
FLASH NEWS

കോഴിക്കോട് നഗരസഭാ കൗണ്‍സില്‍ യോഗം: ഞെളിയന്‍പറമ്പ് മാലിന്യസംസ്‌കരണ പ്ലാന്റ്; കേസ് തോല്‍ക്കാനിടയായ സാഹചര്യം പരിശോധിക്കണമെന്ന് കൗണ്‍സില്‍

Published : 15th December 2015 | Posted By: SMR

കോഴിക്കോട്: ഞെളിയന്‍പ്പറമ്പ് മാലിന്യ സംസ്‌കരണപ്ലാന്റ് വിഷയത്തില്‍ കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ തോല്‍ക്കാനിടയായ സാഹചര്യം പരിശോധിക്കണമെന്ന് കോഴിക്കോട് കോര്‍പറേഷന്റെ ആദ്യ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ 131 അജണ്ടകളാണ് കൗണ്‍സില്‍ അംഗീകാരത്തിനായി അവതരിപ്പിച്ചത്.
കൗണ്‍സില്‍ യോഗത്തിലെ 103ാമത്തെ അജണ്ടയായ ഞെളിയന്‍പ്പറമ്പ് മാലിന്യ സംസ്‌കരണപ്ലാന്റ് സിവില്‍ വര്‍ക്കിന് കരാറുകാരന് അഞ്ചുകോടി കോടിയോളം രൂപ നല്‍കുന്നതാണ് കൗണ്‍സിലില്‍ നീണ്ടചര്‍ച്ചയായത്. ചര്‍ച്ച മുക്കാല്‍ മണിക്കൂറോളം നീണ്ടു. കരാര്‍ ഏറ്റെടുത്ത വകയില്‍ ലഭിക്കേണ്ട 2,39, 54 529 രൂപയ്ക്കായി കരാറുകാരന്‍ കോടതിയെ സമീപിക്കുകയും രണ്ടരകോടി രൂപ നല്‍കേണ്ട സ്ഥാനത്ത് അഞ്ചു കോടിയോളം രൂപ കോര്‍പറേഷന്‍ നല്‍കാന്‍ ഉത്തരാവുകയും ചെയ്തിരുന്നു. എന്നാല്‍, എസ്റ്റിമേറ്റ് പ്രകാരമുള്ള തുക നല്‍കിയപ്പോള്‍ കരാറുകാരന്‍ വാങ്ങാന്‍ കൂട്ടാക്കിയില്ലെന്ന് സെക്രട്ടറി കൗണ്‍സിലിനെ അറിയിച്ചു. ഇതില്‍ രേഖമൂലമുള്ള തെളിവ് കോടതിയില്‍ ഹാജാരാക്കുന്നതില്‍ കോ ര്‍പറേഷന്‍ വീഴ്ച വരുത്തിയതായി കൗണ്‍സില്‍ യോഗം ചൂണ്ടിക്കാട്ടി. മൂന്നുകോടി രൂപയില്‍ താഴെ നല്‍കേണ്ടിയിരുന്ന തുകയ്ക്ക് പകരം അഞ്ചുകോടി രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരുന്നത് ഗുരുതരമായ വീഴ്ച മൂലമാണെന്ന് മുന്‍ മേയറും കൗണ്‍സിലറുമായ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
കോര്‍പറേഷനില്‍ നിന്ന് രേഖകള്‍ ലഭിക്കാന്‍ കാലതാമസം വരുന്നതില്‍ കോടതി അതൃപ്തി അറിയിച്ചിട്ടുള്ളതാണ്. രേഖകള്‍ സൂക്ഷിക്കുന്നതില്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവം കോര്‍പറേഷന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ഞെളിയന്‍ പറമ്പ് മാലിന്യ സംസ്‌കരണ പ്ലാന്റിന് നല്‍കിയ എസ്റ്റിമേറ്റ് ശരിയല്ല. കരാര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിലും ആരും ശ്രദ്ധിച്ചില്ലെന്നും ഇത് പാഠമായി കണക്കാക്കി മുന്നോട്ടു പോവണമെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. മേയര്‍ വികെസി മമ്മദ് കോയ കോര്‍പറേഷന്‍ സെക്രട്ടറിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
വലിയ തുകകളില്‍ അംഗീകാരത്തിനായി വരുമ്പോള്‍ തുക ചെലവഴിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങളും അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് കൗണ്‍സിലര്‍ അഡ്വ. പി എം സുരേഷ് ബാബു പറഞ്ഞു. നഗരസഭയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട എല്‍എആര്‍ കേസുകളില്‍ എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജ് ഇനത്തില്‍ 67,71,446 രൂപ അടവാക്കുന്നതു സംബന്ധിച്ച അജണ്ടയിലാണ് ഈ അഭിപ്രായമുയര്‍ന്നത്.
തെരുവുനായശല്യം പരിഹരിക്കുന്നതിനായി നിയന്ത്രണ പരിപാടികള്‍ അംഗീകരിച്ചു.വിഷയത്തില്‍ കൗണ്‍സിലര്‍മാരായ അഡ്വ. സീനത്ത്, വിദ്യാബാലകൃഷ്ണന്‍, രാധാകൃഷണന്‍ മാസ്റ്റര്‍ സംസാരിച്ചു. അരമണിക്കൂര്‍ ഇതേ കുറിച്ച് ചര്‍ച്ചയും നടന്നു. പൊതുമരാമത്ത് പണികള്‍ എത്രയും വേഗം നടപ്പാക്കണമെന്നും മാര്‍ച്ച് 31നകം പദ്ധതി തുക ചെലവഴിച്ചില്ലെങ്കില്‍ നഷ്ടമാവുമെന്നും കൗണ്‍സിലര്‍ കിഷന്‍ ചന്ദ് അറിയിച്ചു. ജില്ലാ പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് പൊതുമാരമത്തു പണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടാറിങ് പ്രവര്‍ത്തികളില്‍ കോര്‍പറേഷന്‍ ടെന്‍ഡര്‍ സ്വീകരിക്കാന്‍ ആളുകളെത്തുന്നത് കുറവാണ്. കഴിഞ്ഞ വര്‍ഷത്തെ നൂറിന പ്രവൃത്തികളില്‍ 23 പ്രവൃത്തികളാണ് അംഗീകാരത്തിനായി കൗണ്‍സിലില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ടാറിങ് പ്രവൃത്തികളില്‍ ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് നടപടികള്‍ പഠിച്ച് നിര്‍ദേശം നല്‍കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനായി എന്‍ജിനീയര്‍മാരുടെയും സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ യോഗം ചേരും. കൗണ്‍സിലര്‍മാരുടെ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കുന്നതിനായി നമ്പര്‍ നല്‍കുന്നതിനായി കൂടിയലോന നടത്താനും യോഗത്തില്‍ തീരുമാനമായി. കൗണ്‍സിലര്‍മാരായ അഡ്വ. പി എം നിയാസ്, പി സി രാജന്‍, ഉഷാദേവി ടീച്ചര്‍, നമ്പിടി നാരായണന്‍, ശോഭിത, അബ്ദുര്‍റഹ്മാന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss