|    Jan 18 Wed, 2017 12:47 am
FLASH NEWS

കോഴിക്കോട് നഗരം പെരുന്നാള്‍ തിരക്കില്‍

Published : 2nd July 2016 | Posted By: SMR

കോഴിക്കോട്: പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നാടും നഗരവും തിരക്കിലമര്‍ന്നു. നഗരത്തിലെ വാണിജ്യ കേന്ദ്രങ്ങളിലും മാളുകളിലുമെല്ലാം വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മുമ്പൊക്കെ നോമ്പിന് രാവിലെ മുതല്‍ വൈകീട്ട് വരെയും രാത്രിയുമാണ് കടകളില്‍ തിരക്ക് അനുഭവപ്പെടാറുള്ളത്.
നോമ്പ് തുറക്കുന്നതിന് വീടുകളിലെത്തുകയെന്ന നിര്‍ബന്ധം പലര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതി മാറി. കടകളിലും പള്ളികളിലും വച്ചാണ് പലരും നോമ്പ് തുറക്കുന്നത്. പല കടകളിലും നോമ്പ് തുറക്കുള്ള പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. കാരക്കയും വെള്ളവും പഴവര്‍ഗങ്ങളും ഇവിടെ നിന്ന് ലഭിക്കും. കൂടുതല്‍ വിശാലമായ തുറക്കെത്തുന്നവര്‍ക്ക് പ്രത്യേക ഭക്ഷണങ്ങളുമായി വൈകുന്നേരത്തോടെ ഹോട്ടലുകളും സജ്ജമാണ്. ചിലര്‍ വലിയ ഹോട്ടലുകളിലെ നോമ്പ് തുറക്കുള്ള പ്രത്യേക പാക്കേജുകളെയാണ് ആശ്രയിക്കുന്നത്. പെരുന്നാളിന് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത് മിഠായിത്തെരുവില്‍ തന്നെ. മാവൂര്‍ റോഡും ഇപ്പോള്‍ പിറകിലല്ല. നഗരത്തിനകത്തും പുറത്ത് നിന്നുമായി നിരവധിയാളുകളാണ് മിഠായിത്തെരുവില്‍ എത്തുന്നത്. വസ്ത്രവിപണിയായി മാറിയ മിഠായിത്തെരുവില്‍ നിന്ന് തിരിയാന്‍ സ്ഥലമില്ല. രാവും പകലും ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. പെരുന്നാള്‍ അടുത്തതോടെ വസ്ത്ര ടകളെല്ലാം രാത്രി വളരെ വൈകിയാണ് അടയ്ക്കുന്നത്. ചെരുപ്പ്, ഫാന്‍സി സാധനങ്ങളുടെ കച്ചവടവും തകൃതി. പെരുന്നാള്‍ അടുത്തതോടെ നഗരത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ചന്തയും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ആരംഭിച്ച രാജസ്ഥാന്‍ ഗ്രാമീണ മേളയിലും തിരക്കിന് കുറവില്ല. പാളയം പച്ചക്കറിമാര്‍ക്കറ്റിലും തിരക്കോട് തിരക്ക് തന്നെ. തയ്യല്‍ കടകള്‍ സമയം നോക്കാതെയാണ് ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വിപണി കൈയടക്കിയെങ്കിലും ചെറിയ മാറ്റങ്ങള്‍ വരുത്താനും ശരീരത്തിന് കൂടുതല്‍ ഫിറ്റാക്കുന്നതിനും തയ്യല്‍ കടകള്‍ കൂടിയേ തീരൂ എന്നതിനാല്‍ റെഡിമെയ്ഡുകളുടെ ആധിക്യം ഇവരെ ബാധിച്ചിട്ടേയില്ല. അതുകൊണ്ട് തന്നെ പെരുന്നാല്‍ തിരക്ക് ഏറ്റവും അടുത്തറിയുക തയ്യല്‍കടകളിലാണ്. ബീച്ചിലും രാത്രിയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വസ്ത്രം വങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കായും നഗരത്തില്‍ എത്തുന്നവര്‍ വൈകീട്ട് സമയം ചെലവിടാന്‍ തിരഞ്ഞെടുക്കുന്നത് ബീച്ചാണ്. മാനാഞ്ചിറ സ്‌ക്വയറിലും തിരക്കിന് കുറവില്ല. ഇതിനിടെയില്‍ വാഹനപാര്‍ക്കിങ് സൗകര്യങ്ങളുടെ കുറവും ഗതാഗതക്കുരുക്കും നഗരത്തിന്റെ ശാപമായി മാറിയിരിക്കുകയാണ്. ചെറിയ ഗ്യാപ് കിട്ടുന്നിടത്തെല്ലാം വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും പലയിടത്തും റോഡ് പണി നടക്കുന്നതും രൂക്ഷമായ ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. കാല്‍നടയാത്രകാര്‍ക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക