|    Sep 23 Sun, 2018 10:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കോഴിക്കോട് ജില്ലയില്‍ എലിപ്പനി പടരുന്നു; ഏഴ് മരണം

Published : 31st August 2018 | Posted By: kasim kzm

കോഴിക്കോട്: ജില്ലയില്‍ പ്രളയത്തിന്റെ തുടര്‍ച്ചയായി എലിപ്പനി പടരുന്നതായും ഏഴു പേര്‍ മരിച്ചതായും ഡിഎംഒ ഡോ. വി ജയശ്രീ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലു പേര്‍ ബുധനാഴ്ചയും മൂന്നു പേര്‍ ഇന്നലെയുമാണ് മരിച്ചത്. മലപ്പുറം ചെട്ടിപ്പടി ആമനായി തറയില്‍ പ്രമേഷ് (35), കടലുണ്ടി കാക്കതിരുത്തി ബാലന്‍ (65), മലപ്പുറം കവളമുക്കട്ട കുട്ടവന്‍ വീട്ടില്‍ ഗോപാലന്‍ (37), മലപ്പുറം കണ്ണാടിപ്പടി ഉള്ളാട്ടുപറമ്പില്‍ ചാത്തുക്കുട്ടി (60) എന്നിവരാണ് ബുധനാഴ്ച മരിച്ചത്.
കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ കല്ലന്‍തോട് വീട്ടില്‍ ബാലന്‍-മീനാക്ഷി ദമ്പതികളുടെ മകന്‍ വിനോദ് (27), കുളങ്ങരപ്പീടിക നോര്‍ത്ത് താന്നിക്കാട്ട്പറമ്പ് ഷബീറലിയുടെ ഭാര്യ കെ വി ഹസീന (31), തിരുവമ്പാടി തമ്പലമണ്ണ തുണ്ടിക്കാട്ടില്‍ ഹൗസില്‍ മാധവന്‍-ശാന്ത ദമ്പതികളുടെ മകന്‍ കുമാര്‍ (52) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇവര്‍ മൂന്നു പേരും കഴിഞ്ഞ ഒരാഴ്ചയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടത്തിച്ചികില്‍സയിലായിരുന്നു.
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി 41 പേര്‍ എലിപ്പനി ബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 28 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 64 പേര്‍ക്ക് രോഗമുള്ളതായി സംശയിക്കുന്നുമുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും പ്രളയബാധിത പ്രദേശങ്ങളിലുള്ളവര്‍ക്കും പ്രതിരോധ ഗുളിക നല്‍കിയിരുന്നെങ്കിലും പലരും അതു കഴിക്കാതെ ഉപേക്ഷിച്ചിട്ടുണ്ടാവാമെന്ന് ഡിഎംഒ പറഞ്ഞു.
നാളെ മുതല്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും 16 പ്രത്യേക ആശുപത്രികളിലൂടെയും രാവിലെ 9 മുതല്‍ 12 വരെ ഡോക്‌സിസൈക്ലിന്‍ 200 എംജി ഗുളികകള്‍ വിതരണം ചെയ്യും. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും ദുരിതബാധിതരുമെല്ലാം ഗുളിക നിര്‍ബന്ധമായും കഴിക്കണം.
കാക്കൂര്‍, ചെറുവണ്ണൂര്‍, ബേപ്പൂര്‍, ചക്കിട്ടപ്പാറ, ചൂലൂര്‍, കക്കോടി, കുണ്ടുതോട്, കുന്ദമംഗലം, മൂഴിക്കല്‍, പെരുവയല്‍, പുതുപ്പാടി, തണ്ണീര്‍പ്പന്തല്‍, വാണിമേല്‍, വേളം, മരുതോങ്കര, തണ്ണീര്‍പ്പന്തല്‍ എന്നിവിടങ്ങളിലായാണ് പ്രളയത്തെ തുടര്‍ന്നുള്ള പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനായി 16 താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss