|    Apr 25 Wed, 2018 8:14 pm
FLASH NEWS

കോഴിക്കോട് കലക്ടറും എം കെ രാഘവന്‍ എംപിയും തുറന്ന പോരിലേക്ക്; കലക്ടര്‍ക്കെതിരേ നിയമനടപടികളുമായി മുന്നോട്ട്‌പോവും

Published : 1st July 2016 | Posted By: SMR

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെതിരേ പാര്‍ലമെന്ററി നടപടികളും നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് എം കെ രാഘവന്‍ എംപി. കഴിഞ്ഞ ദിവസം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എംപി ഫണ്ട് റിവ്യൂ മീറ്റിങിനിടെ താന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന രീതിയില്‍ വാസ്തവവിരുദ്ധമായ കാര്യമാണ് പ്രചരിപ്പിച്ചതെന്നും എംപി പറഞ്ഞു.
കലക്ടര്‍ക്കുവേണ്ടി എഡിഎമ്മിന്റെ ക്ഷണം ലഭിച്ച പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ചട്ടപ്രകാരം നടക്കുന്ന എംപി ഫണ്ട് റിവ്യൂ മീറ്റിങിന് താന്‍ കലക്ടറേറ്റില്‍ എത്തിയത്. ഫയലില്‍ ഒപ്പിട്ട് ക്ഷണിച്ച കലക്ടര്‍ സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം പങ്കെടുക്കാത്തത് തന്നെ അറിയിച്ചിട്ടുമില്ല. എഡിഎം, ജില്ലാ പ്ലാനിങ് ഓഫിസ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍, ബില്ല് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍, മറ്റ് നൂറില്‍പരം നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തില്‍ ഉണ്ടായിരുന്നത്. താന്‍ ഉദ്യോഗസ്ഥരെ ശാസിച്ചോ എന്ന് മാധ്യമപ്രവര്‍ത്തകരും വീഡിയോ ക്ലിപ്പിങ്ങുകളും സാക്ഷിയാണ്. താന്‍ അവരെ ഭീഷണിപ്പെടുത്തിയെന്ന് സ്ഥാപിക്കാന്‍ കലക്ടറെ എംപി വെല്ലുവിളിച്ചു.
പിആര്‍ഡിയെ ദുരുപയോഗം ചെയ്ത് ഔദ്യോഗിക പ്രസ് റിലീസ് ഇറക്കിയത് കലക്ടറുടെ പദവിക്ക് യോജിച്ചതല്ലെന്നും എംപി അഭിപ്രായപ്പെട്ടു. തനിക്ക് പൊതുസമൂഹത്തോടാണ് കടപ്പാട്. വാട്‌സ്ആപ്പിനോടും ഫേസ്ബുക്കിനോടും ഓണ്‍ലൈനോടും കടപ്പാടില്ലെന്ന് എംപി പറഞ്ഞു. കലക്ടറുടേത് സൈബര്‍ ഭരണമാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു മാസത്തിനടുത്ത് 35ഓളം പ്രവൃത്തികളുടെ ഭരണാനുമതി കലക്ടര്‍ വൈകിപ്പിച്ചതായി എംപി ആരോപിച്ചു. ജോയിന്റ് ഡയറക്ടര്‍ റാങ്കിലുള്ള ഡിപിഒ നൂറ് ശതമാനം ഇന്‍സ്‌പെക്ഷന്‍ നടത്തിയ ഒന്നരകോടിയുടെ 35ഓളം ബില്ലുകളില്‍ റീ ഇന്‍സ്‌പെക്ഷന് കലക്ടര്‍ ഉത്തരവിട്ടിരുന്നു. തന്റെ പദ്ധതികള്‍ വൈകിപ്പിക്കാന്‍ റീ ഇന്‍സ്‌പെക്ഷന് ഉത്തരവിടുമ്പോള്‍ കോഴിക്കോട്ടെ മറ്റ് രണ്ട് എംപിമാര്‍ക്കും ഒരു ഇന്‍സ്‌പെക്ഷന്‍ മാത്രമാണുള്ളത്. പരാതികള്‍ ഉണ്ടെങ്കില്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുമ്പോള്‍ എംപിയെ അറിയിക്കണമെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടത്തണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ചട്ടം. ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല.
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തില്‍ കലക്ടറുടെ നിരുത്തരവാദപരമായ നടപടികള്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫിസറായി മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കുകയാിരുന്നു. ഇതിലുള്ള വിദ്വേഷമാണ് കലക്ടര്‍ തന്നോട് കാണിക്കുന്നതെന്നും എംപി ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss