|    Nov 18 Sun, 2018 12:38 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോഴിക്കോട് ഉത്തരമേഖലാ സൈബര്‍ സ്‌റ്റേഷന്‍ വരുന്നു; സൈബര്‍ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കല്‍ ലക്ഷ്യം

Published : 4th August 2018 | Posted By: kasim kzm

കോഴിക്കോട്: സൈബര്‍ ആക്രമണങ്ങളും സോഷ്യല്‍ മീഡിയയിലൂടെയുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരള പോലിസിന്റെ ഉത്തരമേഖലാ സൈബര്‍ സ്റ്റേഷന്‍ കോഴിക്കോട്ട് സ്ഥാപിക്കുന്നു. നിലവില്‍ സിറ്റി പോലിസ് കമ്മീഷണറുടെ ഓഫിസിനോട് ചേര്‍ന്ന് സൈബര്‍ പോലിസ് സിഐ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. കമ്മീഷണര്‍ ഓഫിസില്‍ ഉത്തരമേഖലാ ഓഫിസിനായി ഫര്‍ണിച്ചറും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.
ഇതിനായി 30 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു എഎസ്‌ഐ, നാലു സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാര്‍, 11 സിവില്‍ പോലിസ് ഓഫിസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിങ്ങനെ 18 തസ്തികകള്‍ സ്റ്റേഷനിലുണ്ടാവും. എന്‍ജിനീയറിങ് സേനാംഗങ്ങളായ വിവിധ ബറ്റാലിയനുകളിലെ 135 പേരുടെ പട്ടികയില്‍ നിന്നാണ് ഇവിടേക്ക് വേണ്ട ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്.
എംടെക്, ബിടെക് ബിരുദധാരികള്‍ ഉള്‍പ്പെടെ കംപ്യൂട്ടര്‍ വൈദഗ്ധ്യമുള്ള മിടുക്കരെയാണ് കോഴിക്കോട്ട് നിയമിക്കുന്നത്. സൈബര്‍ കേസുകളിലെ അന്വേഷണത്തിന് പോലിസിനു പലപ്പോഴും സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടിവരുന്നുണ്ട്. ഇത് ഒഴിവാക്കി സൈബര്‍ മേഖലയില്‍ സ്വയംപര്യാപ്തത നേടാനുള്ള ശ്രമങ്ങളാണ് കേരള പോലിസ് നടത്തുന്നത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്നു മേഖലകളാക്കി തിരിച്ച് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് പോലിസ് മേധാവി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ കേസുകളാണ് ഉത്തരമേഖലാ സൈബര്‍ സ്‌റ്റേഷന്റെ പരിധിയില്‍ വരുക. തൃശൂര്‍ ഐജിക്കാണ് ഈ മേഖലയുടെ ചുമതല. തിരുവനന്തപുരത്ത് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss