|    Aug 17 Fri, 2018 7:01 am
Home   >  Todays Paper  >  Page 5  >  

കോഴിക്കോട്ട് വെസ്റ്റ് നൈല്‍ ബാധ

Published : 4th August 2018 | Posted By: kasim kzm

കോഴിക്കോട്: നിപാക്കും കരിമ്പനിക്കും പിന്നാലെ കോഴിക്കോട്ട് വെസ്റ്റ് നൈല്‍ വൈറസ് ബാധയും. പുതിയങ്ങാടി പാവങ്ങാട് സ്വദേശിനിയായ സുല്‍ഫത്തി(24)നാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്.
പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രണ്ടാഴ്ചയായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സമാന രോഗലക്ഷണവുമായി മറ്റൊരാളും നിരീക്ഷണത്തിലുണ്ട്. പനി ബാധിച്ച് ആദ്യം ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുല്‍ഫത്തിനെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പനി, തലവേദന, കണ്‍പോളകള്‍ താഴേക്ക് തൂങ്ങിയ അവസ്ഥ, അപസ്മാരം, തലചുറ്റല്‍, കൈകാല്‍ കുഴച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരുടെ രക്തസാംപിളും നട്ടെല്ലില്‍ നിന്നെടുത്ത സ്രവവും പരിശോധനയ്ക്ക് മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയക്കുകയായിരുന്നു.
ഇവിടത്തെ പരിശോധനയില്‍ വെസ്റ്റ് നൈലിന്റെ സാധ്യത സ്ഥിരീകരിച്ചെങ്കിലും പൂര്‍ണമായി ഉറപ്പുവരുത്താന്‍ രണ്ടാമത്തെ പരിശോധന കൂടി അനിവാര്യമാണെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ ജി സജിത് കുമാര്‍ പറഞ്ഞു. രണ്ടാമത്തെ സാംപിള്‍ ഉടനെ പൂനെയിലേക്ക് അയക്കും.
രണ്ടാമത്തെ പരിശോധനാ ഫലത്തിനു ശേഷമേ വെസ്റ്റ് നൈല്‍ ആണോയെന്നു സ്ഥിരീകരിക്കാനാവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീയും പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ നിപാ സമയത്ത് ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റിയ പേവാര്‍ഡിലാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതിതീവ്ര പരിചരണ വിഭാഗത്തില്‍ എല്ലാ ആധുനിക ചികിത്സാസൗകര്യവും ഇവിടെ ലഭ്യമാണ്. രോഗിക്ക് ഇപ്പോള്‍ ആശ്വാസമുണ്ട്. എന്‍സഫലൈറ്റിസിനെ പോലെ നാഡീവ്യൂഹത്തെയാണ് ഈ അസുഖം ബാധിക്കുന്നത്. വൈറസ് മൂലമുണ്ടാകുന്ന രോഗത്തിനു നല്‍കുന്ന മരുന്നുകളാണ് രോഗിക്ക് നല്‍കുന്നത്.
രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെ അനുവദിക്കുന്നുണ്ട്. പനി കണ്ടെത്തിയ പുതിയങ്ങാടി ഭാഗത്ത് ആരോഗ്യപ്രവര്‍ത്തകര്‍ കൊതുകിനെ നശിപ്പിക്കാന്‍ ഫോഗിങും മറ്റും ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. പക്ഷികളില്‍ നിന്ന് കൊതുകു വഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് വെസ്റ്റ് നൈല്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss