|    May 26 Fri, 2017 2:57 pm
FLASH NEWS

കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; സര്‍ക്കാര്‍ അഭിഭാഷകന്റെ ഒത്താശയോടെ

Published : 1st August 2016 | Posted By: SMR

കോഴിക്കോട്: വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കഴിഞ്ഞദിവസം ജില്ലാ കോടതി വളപ്പില്‍ തടഞ്ഞത് സര്‍ക്കാര്‍ അഭിഭാഷകന്റെ ഒത്താശയോടെയെന്നു സംശയം. ഐസ്‌ക്രീം കേസ് റിപോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ പോലിസ് കസ്റ്റഡിയിലെടുത്തത് സര്‍ക്കാര്‍ അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണെന്നാണ് ആരോപണമുയര്‍ന്നത്. ഇതു സംബന്ധിച്ച് ഗവണ്‍മെന്റ് പ്ലീഡര്‍ പോലിസിനു നല്‍കിയ മൊഴിയുടെ പകര്‍പ്പ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.
സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ഗവ. പ്ലീഡര്‍ കെ ആലിക്കോയ ഒപ്പിട്ടു നല്‍കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പാണ് ചാനല്‍ പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ലെന്നാണ് ജില്ലാ ജഡ്ജി ഹൈക്കോടതി രജിസ്ട്രാറെ അറിയിച്ചിരുന്നത്.
മാവോവാദി നേതാവ് രൂപേഷിനെ ഹാജരാക്കുമ്പോള്‍ കോടതിയില്‍ പ്രശ്‌നമുണ്ടാവുമോ എന്ന് ജഡ്ജി തന്നോട് ചോദിച്ചെന്നും താന്‍ ഇത് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനോട് അന്വേഷിച്ചുവെന്നുമാണ് ഗവണ്‍മെന്റ് പ്ലീഡറുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ കോടതിവളപ്പില്‍ കയറിയാല്‍ അഭിഭാഷകരുടെ ഭാഗത്തുനിന്നു പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് പറയുകയും ഈ വിവരം ജഡ്ജിയെ അറിയിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഒരുകാരണവശാലും കോടതിയില്‍ കയറ്റരുതെന്ന് അദ്ദേഹം നിര്‍ദേശിക്കുകയുമായിരുന്നു. ഇക്കാര്യം ടൗണ്‍ എസഐയെ അറിയിക്കാനാവശ്യപ്പെട്ടതനുസരിച്ച് താനാണ് എസ്‌ഐയെ വിളിച്ചുവരുത്തിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മുസ്‌ലിംലീഗ് നോമിനിയായാണ് ആലിക്കോയയെ നിയമിച്ചത്. ഐസ്‌ക്രീം കേസ് പരിഗണിക്കുന്ന കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം നിഷേധിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത ടൗണ്‍ എസ്‌ഐ വിമോദിനെ കഴിഞ്ഞ ദിവസം അന്വേഷണവിധേയമായ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വിമോദിനെ അനുകൂലിച്ച് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day