|    Apr 30 Sun, 2017 8:41 am
FLASH NEWS

കോഴിക്കോടിന്റെ സ്വന്തം കെ ടി സി അബ്ദുല്ല

Published : 7th November 2016 | Posted By: SMR

കോഴിക്കോട്: സ്വന്തം പേരിന്റെ വാലായി തറവാട്ട് പേരോ ദേശപ്പേരോ ചേര്‍ക്കാറുണ്ട്. നാടകപ്രവര്‍ത്തകരോ നര്‍ത്തകരോ ആണെങ്കില്‍  പഠിച്ച സ്ഥാപനത്തിന്റെയോ നാടക ട്രൂപ്പിന്റേയോ പേര് ചേര്‍ക്കും.
തനിക്കും കുടുംബത്തിനും ജീവിക്കാനുള്ള അന്നന്നത്തെ അപ്പത്തിന് വഴിതുറന്ന തൊഴില്‍ സ്ഥാപനത്തിന്റെ പേര് ഒപ്പം ചേര്‍ത്തുവെച്ചവര്‍ കുറവാണ്. സ്ഥാപന ഉടമകള്‍ അത് ചെയ്യാറുണ്ട്. പക്ഷെ, ഒരു ജീവനക്കാരന്‍ തന്റെ പേരിന്റെ വാലായല്ല, മുഖമായി തന്നെ അങ്ങനെ ചെയ്തു.
അതാണ് കെ ടി സി അബ്ദുല്ല. അബ്ദുല്ലയ്ക്ക് വേണമെങ്കില്‍ കാരാടി അബ്ദുല്ലയെന്നോ, അബ്ദുല്ല കോട്ടപ്പറമ്പ് എന്നോ ചേര്‍ക്കമായിരുന്നു. എന്നാല്‍ അബ്ദുല്ല അല്ല അബ്ദുല്ലയെ കെ ടി സി അബ്ദുല്ല എന്ന പേര് വിളിച്ചത്. അത് അന്യരുടെ നാവിന്‍തുമ്പില്‍ നിന്നും അറിയാതെ വിളിപ്പേരായി വന്നുചേര്‍ന്നതാണ്. അതിനുള്ള അര്‍ഹതയുണ്ട് അബ്ദുല്ലയ്ക്ക്. അതുകൊണ്ട് തന്നെ ഒരാളും അതിനെ മാറ്റിപറഞ്ഞതുമില്ല. നാടക-സിനിമ-കലാ സാംസ്‌കാരിക രംഗത്ത് ആറു പതിറ്റാണ്ട് നിറസാന്നിധ്യമാണ് ഈ കലാകാരന്റേത്.
ഇക്കാലമത്രയും നഗരത്തിലെ സാംസ്‌കാരിക-സാമൂഹ്യ കൂട്ടായ്മകളില്‍ അബ്ദുല്ലയുടെ നിറഞ്ഞ മനസ്സും സാന്നിധ്യവും ഉണ്ടായിരുന്നു. ജീവിതത്തെപ്പറ്റി ആക്ഷേപമില്ലാത്ത ഒരാള്‍. തികഞ്ഞ കൃതാര്‍ത്ഥത, അതിസന്തുഷ്ടം…’ അബ്ദുല്ല തന്നെക്കുറിച്ച് എപ്പോഴും പറയുന്നതാണീ വാക്കുകള്‍.  1959 മുതല്‍ കെടിസി എന്ന സ്ഥാപനത്തിന്റെ കൈയ്യാളായി, കൈക്കാരനായിവര്‍ത്തിക്കുന്നു.
പി വി സാമി എന്ന മനുഷ്യസ്‌നേഹിയുടെ ഉപദേശ നിര്‍ദേശങ്ങള്‍ ശിരസ്സാവഹിച്ച് തുടങ്ങിയ സേവനം ഇന്നും തന്റെ തൊഴിലിടത്തില്‍ തുടരുന്നു. ഇത് സാമൂഹിക പ്രതിബദ്ധതയുടെ പ്രത്യയശാസ്ത്രം എന്നൊക്കെ പറയുമ്പോലെയാണ്. ആര്‍ദ്രമായ മനസ്, ത്രസിപ്പിക്കുന്ന ആവേശം, ഇത് രണ്ടും തന്നെയാണ് അബ്ദുല്ലയെ സമൂഹം ആദരവോടെ സ്‌നേഹിക്കുന്നതിന് പിന്നില്‍. കോഴിക്കോട് പാളയം കിഴക്കേ കോട്ടപറമ്പില്‍ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി പിറന്ന അബ്ദുല്ലയ്ക്ക് കലാജീവിതത്തോടായിരുന്നു ചെറുപ്പത്തിലേ പ്രിയം. പ്രാഥമിക വിദ്യാഭ്യാസം ബൈരായിക്കുളം സ്‌കൂളിലും പിന്നീട് ഹിമായത്തുല്‍, ഗണപത് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലുമായിരുന്നു. അക്കാലത്തുതന്നെ നാടകരചനയും അഭിനയവും സംവിധാനവും തുടങ്ങി. കലകളോടുള്ള അമിതമായ സ്‌നേഹം കാരണം അക്കാലത്തു തന്നെ പ്രശസ്തമായ യുഡിഎ (യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമി) യുടെ രൂപീകരണത്തില്‍ പങ്കാളിയായി. യുഡിഎയുടെ പുതിയ പുതിയ നാടകങ്ങളില്‍ വേഷമിട്ടു.
‘നാടിന്റെ അകം നാടകം’ തന്നെയാണെന്ന് അബ്ദുല്ലയും തന്റെ ആപ്തവാക്യമാക്കി. മലബാര്‍ നാടകോത്സവത്തില്‍ എ കെ പുതിയങ്ങാടിയുടെ ‘കണ്ണുകള്‍ക്ക് ഭാഷയുണ്ട്’ എന്ന നാടകം കളിച്ചപ്പോള്‍ നടിയുടെ അഭാവത്തില്‍ സ്ത്രീ വേഷം അണിഞ്ഞു. കെ പി ഉമ്മറിനെ പെണ്‍വേഷം കെട്ടിച്ച് അരങ്ങിലെത്തിച്ച പി എന്‍ എം ആലിക്കോയ അബ്ദുല്ലക്കും ഒരു നാടകത്തില്‍ പെണ്‍വേഷം നല്‍കി. ‘വമ്പത്തീ നീയാണ് പെണ്ണ്’ എന്ന നാടകത്തിലായിരുന്നു രണ്ടാമത്തെ സ്ത്രീ വേഷം. പിന്നീട് നിരവധി നാടകങ്ങളില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്തു.
കെടിസി സിനിമാ രംഗത്തേക്ക് ചുവടുവെച്ചപ്പോള്‍ ‘ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സി’ന്റെ എല്ലാമായി പി വി ഗംഗാധരന്‍ എന്ന പി വി ജി അബ്ദുല്ലയെത്തന്നെയാണ് കണ്ടത്. അങ്ങിനെ നാടകവും സിനിമയും അബ്ദുല്ല കൈകാര്യം ചെയ്തു.  ഗൃഹലക്ഷ്മിയുടെ നിര്‍മ്മാണ-വിതരണ-പ്രദര്‍ശന രംഗങ്ങളില്‍ തന്റേതായ വ്യക്തിത്വം തെൡയിക്കാന്‍ അബ്ദുല്ലയ്ക്ക് അവസരമുണ്ടായി. സംഗം, പുഷ്പ, കല്‍പക പ്രദര്‍ശനശാലകളിലും  ഓരോ ഷോയ്ക്കും അബ്ദുല്ല ഓടിയെത്തി. ചലച്ചിത്ര നടനെന്ന നിലയില്‍ അറബിക്കഥയിലെ പ്രവാസിയും യെസ് യുവര്‍ ഓണറിലെ വേഷവും മൂലം അബ്ദുല്ല ചലച്ചിത്ര പ്രേക്ഷകര്‍ക്കിടയിലും അംഗീകരിക്കപ്പെട്ടു. സീരിയലുകളിലും വേഷമിട്ടു. ഏതു വേഷവും തനിക്ക് ചേരുമെന്നതിന്റെ തെളിവാണ് 25ലേറെ സിനിമകളില്‍ വേഷമിടാനുള്ള അവസരം അബ്ദുല്ലയെന്ന നടനെ തേടിവന്നത്.
കേന്ദ്രമന്ത്രിമാര്‍ മുതല്‍ പഞ്ചായത്ത് അംഗംവരെ, സംവിധായകരായ ഭരതന്‍ മുതല്‍ സത്യന്‍ അന്തിക്കാട് വരെ, മമ്മൂട്ടി, മോഹന്‍ലാലില്‍ തുടങ്ങി നാടകലോകത്തെ കാവാലം മുതല്‍ പുതിയ തലമുറയിലെ സംവിധായകര്‍ വരെ കെ ടി സി അബ്ദുല്ലയെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. റേഡിയോ നാടകങ്ങളിലും അബ്ദുല്ല സജീവമായിരുന്നു.
അബ്ദുല്ല ‘ആത്മകഥ’യെഴുതിയാല്‍ അത് സാമൂഹ്യ-സാംസ്‌കാരിക, കലാ, രാഷ്ട്രീയരംഗത്തെ ആധികാരിക ഗ്രന്ഥമാവും. കലാ സാംസ്‌കാരിക രംഗത്ത് ആറു പതിറ്റാണ്ട് സത്യസന്ധമായി പിന്നിട്ട അബ്ദുല്ലയ്ക്ക് ഇന്ന് ടൗണ്‍ഹാളില്‍ നഗരം ആദരമൊരുക്കും. 5ന് എം ടി വാസദേവന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day