|    Aug 20 Sun, 2017 4:10 am
FLASH NEWS

കോഴിക്കടകളില്‍ ഉപഭോക്താക്കളെ പിഴിഞ്ഞ് കച്ചവടക്കാരുടെ വില്‍പന

Published : 13th August 2017 | Posted By: fsq

 

വൈക്കം: കോഴിക്കടകളില്‍ ഉപഭോക്താക്കളെ പിഴിഞ്ഞ് കച്ചവടക്കാരുടെ വില്‍പന. നിയോജകമണ്ഡലത്തിന്റെ വെള്ളൂര്‍ മുതല്‍ വെച്ചൂര്‍ വരെയുള്ള കടകളില്‍ കോഴിയിറച്ചിക്ക് തോന്നിയ വിലകളാണ്  ഈടാക്കുന്നത്.പോത്തിറച്ചിയുടെയും വില കച്ചവടക്കാര്‍ക്ക് തോന്നുംപോലെയാണ്. ഇതിനെതിരേ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലാണ്. നടപടികള്‍ സ്വീകരിക്കേണ്ട തദ്ദേശഭരണകൂടം തികഞ്ഞ നിഷ്‌ക്രിയത്വം കാണിക്കുമ്പോള്‍ വില കൂട്ടി കച്ചവടം നടത്തുന്നവര്‍ക്ക് ഇതു വലിയ സഹായമാണ് നല്‍കുന്നത്. ഇതിനിടയില്‍ മാന്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കടകളും ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളുമുണ്ട്. വെള്ളൂരില്‍ 80ല്‍ ആരംഭിക്കുന്ന വില വെച്ചൂരിലേക്കെത്തുമ്പോള്‍ നൂറുകടക്കുന്നു. ഇത്തിപ്പുഴയിലും നാനാടത്തും തോട്ടകത്തുമെല്ലാം പ്രവര്‍ത്തിക്കുന്ന കോഴിക്കടകളില്‍ എപ്പോഴും 100 രൂപ തന്നെയാണെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. വില കുറയാത്ത കാര്യം തിരക്കുമ്പോള്‍ കുറച്ചുകിട്ടുന്ന കടയില്‍ പോയി വാങ്ങാന്‍ ഇവര്‍ നിര്‍ദേശിക്കുകയാണ്. ജിഎസ്ടി വന്നപ്പോള്‍ ഇത് ഉയര്‍ത്തിയാണ് ഇവര്‍ സാധാരണക്കാരായ ഉപഭോക്താക്കളെ പിഴിയുന്നത്. പല സ്ഥലങ്ങളിലും കോഴിയുടെ അന്നന്നത്തെ വില പ്രദര്‍ശിപ്പിക്കണമെന്ന് നിയമം അനുശാസിക്കന്നുണ്ടെങ്കിലും പല കച്ചവടക്കാരും ഇത് കൂട്ടാക്കാറില്ല. ഇതിനെതിരേ നടപടി സ്വീകരിക്കേണ്ട താലൂക്ക് ഓഫിസ് അധികാരികള്‍ മൗനം പാലിക്കുന്നു. ഇന്നലെ വൈക്കത്തെ പല കടകളിലും 87 രൂപയാണ് ഇറച്ചിക്ക് ഉണ്ടായിരുന്നതെങ്കില്‍ തോട്ടകത്ത് പ്രവര്‍ത്തിക്കുന്ന കടകളില്‍  100 രൂപയായിരുന്നു. അതുപോലെ തന്നെ കോഴിയിറച്ചി നുറുക്കുന്ന സമയങ്ങളില്‍ ഇവര്‍ കൃത്രിമം നടത്താറുണ്ടെന്നും ആക്ഷേപങ്ങളുണ്ട്. കന്നുകാലികളെ കശാപ്പു ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ ഇതിനെ കൂട്ടപിടിച്ച് പോത്തിറച്ചിയുടെ വില കൂട്ടിയ ചില കച്ചവടക്കാരുമുണ്ട്. 280 രൂപയ്ക്ക് ലഭിച്ചിരുന്ന പോത്തിറച്ചിക്ക് ഇവര്‍ 300 ആക്കി. വൈക്കം നഗരത്തില്‍ 320 രൂപയാണ് പോത്തിറച്ചിക്ക് ഈടാക്കുന്നത്. ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ നഗരസഭ രംഗത്തുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെട്ടിക്കാട്ട്മുക്കിലും തലയോലപ്പറമ്പിലും നാനാടത്തും വല്ലകത്തും ഉല്ലലയിലുമെല്ലാം 290 മുതല്‍ 300 രൂപയ്ക്ക് വരെ പോത്തിറച്ചി ലഭിക്കുമ്പോഴാണ് നഗരത്തില്‍ അമിതവില. ഇതുപോലുള്ള പകല്‍ക്കൊള്ളക്കെതിരേ ഇനിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണരാന്‍ വൈകിയാല്‍ ഉപഭോക്താക്കളുടെ കാര്യം വളരെ കഷ്ടത്തിലാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക