|    Feb 20 Mon, 2017 11:38 pm
FLASH NEWS

കോഴചാക്യാരുടെ ധര്‍മസങ്കടങ്ങള്‍

Published : 12th November 2016 | Posted By: SMR

slug-nattukaryamസാമ്പത്തിക മേഖലയിലെ കേന്ദ്രന്റെ മിന്നല്‍ വിളയാട്ടത്തിനു ശേഷം സാധാരണ കഴുതകളുടെ സ്ഥിതി ഒന്നുകൂടി ദയനീയമാെയന്ന് കാംഗ്രസിന്റെ പുതിയ വല്യെശ്മാന്‍ രാഹുലന്‍ പോലും വിലപിക്കുന്നുണ്ട്. സംഗതി നേരാണ് കെട്ടോ. ബല്യ നോട്ടുകളെല്ലാം കേന്ദ്രന് അസാധുവാക്കാന്‍ എളുപ്പമാണ്. ആയിരവും അഞ്ഞൂറും നോട്ടുകള്‍ കുപ്പായക്കീശയില്‍ തിരുകാത്തവര്‍ ഇക്കാലത്ത് ആരുണ്ടിഷ്ടാ? അവന്മാരുടെ കാര്യമാണ് കട്ടെപ്പാകയായത്.
കൈവശമുള്ള നോട്ടുകള്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു ദാഹിച്ച് ഒരുത്തന്‍ കുപ്പിവെള്ളം വാങ്ങാന്‍ കടയില്‍ കയറിയെന്നു വിചാരിക്കുക. അപ്പോള്‍ കടക്കാരന്‍ പറയും: ”മുപ്പതു രൂപയോ നൂറു രൂപയോ ഉണ്ടെങ്കില്‍ വെള്ളം കുടിച്ചാല്‍ മതി.”
”കടക്കാരനങ്ങുന്ന് അങ്ങനെ പറയരുത്. ദാഹിച്ചു തൊണ്ട പൊട്ടിയിട്ടാണ്.”
”ഇവിടെ ഇങ്ങനെ വിലാപഗാനം പാടിയിട്ട് കാര്യമില്ല. ആയിരം രൂപ മോദിത്തമ്പ്രാനോട് മാറിത്തരാന്‍ പറ.”
അപ്പോള്‍ ദാഹിക്കുന്നവനു ദര്‍ശനമിളകും: ”പ്രധാനമന്ത്രിയെ തൊട്ടുകളിക്കരുത്. അന്നെപ്പോല്ള്ള കള്ളപ്പണ ബലാലുകളെ പൂട്ടാനുള്ള വിദ്യയാണിത്.”
പണം വേണ്ടത്ര കൈവശമുണ്ട്. അവയൊന്നും 100 രൂപ നോട്ടുകളല്ല. സാമാന്യം ഭേദപ്പെട്ട നിലയിലായിരുന്നു ഇതുവരെ കഴിഞ്ഞിരുന്നത്. ഇടത്തരക്കാരന്‍ എന്നാണ് ടിയാന്റെ പേര്. ഈ പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ 200 ശതമാനം നികുതി ചുമത്തും. ആശങ്ക ആകുലതയായി മാറുമ്പോള്‍ ടിയാന്‍ മദ്യക്കടയിലെത്തുന്നു. പതിവിനു വിപരീതമായി അവിടെ വില്‍പനക്കാര്‍ ഉണങ്ങിയിരിക്കുന്നു.
”എന്താ, ഇന്നു കള്ളുകച്ചോടമൊന്നും നടന്നില്ലേ?”
”നടന്നാലും ഇല്ലെങ്കിലും ബല്യ നോട്ടുമായി ഇങ്ങോട്ടു വരണ്ട.”
”അല്‍പം കുടിക്കാന്‍ മോഹിച്ചിട്ടാണ്. ആയിരത്തിന്റെ ബാക്കി വേണമെന്നില്ല.”
”ഇതു സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. അഴിമതിയില്ല.”
”അയ്യോ, ഇത് അഴിമതിയല്ല. ഞാന്‍ നിങ്ങള്‍ക്ക് പാരിതോഷികം തരുന്നു. പാരിതോഷികം എങ്ങനെ അഴിമതിയാവും?”
”വിശദീകരണത്തില്‍ സത്യമുള്ളതുകൊണ്ട് പാരിതോഷികം സ്വീകരിക്കുന്നു. കുടിയന്മാരുടെ ക്ഷേമമാണ് ഞങ്ങള്‍ക്ക് വലുത്. പിന്നെ മാറാം. കള്ളനോട്ടൊന്നുമല്ലല്ലോ?”
അപ്പോള്‍ കള്ളുകുടിയനായ ടിയാന്‍ ഇപ്രകാരം മനസ്സില്‍ പറഞ്ഞു: അല്ല, കള്ളപ്പണത്തില്‍ നിന്നു വലിച്ചതാണ്.
ബിവറേജസ് കോര്‍പറേഷന്റെ കടകളില്‍ ആളുകള്‍ എത്തുന്നില്ല എന്നതിനാല്‍ സര്‍ക്കാരിനു നഷ്ടമുണ്ട്. അതവിടെ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യട്ടെ. ഇങ്ങനെ പോയാല്‍ സര്‍ക്കാരിന്റെ മദ്യവര്‍ജനം കുടിയന്മാര്‍ തന്നെ ഏറ്റെടുക്കും. അരി, പച്ചക്കറി, പഴംനുറുക്ക്, വായുഗുളിക തുടങ്ങി അവശ്യവസ്തുക്കള്‍ കടക്കാര്‍ തരാതിരുന്നാല്‍ എന്തു ചെയ്യും? ബുധനാഴ്ച രാത്രി പലവ്യഞ്ജന-പച്ചക്കറിക്കടകള്‍ കൊള്ളയടിച്ചതായി റിപോര്‍ട്ടുകള്‍.
ചൊവ്വാഴ്ച രാത്രിയാണ് മോദിത്തമ്പ്രാന്‍ നോട്ടുപിന്മാറ്റവെടി പൊട്ടിച്ചത്. കൊള്ള നടക്കുന്ന എടിഎമ്മുകള്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും പ്രവര്‍ത്തിച്ചില്ല. വെള്ളിയാഴ്ച ബാങ്കിലും എടിഎമ്മിലും തൃശൂര്‍പൂരത്തെ വെല്ലുന്ന നോട്ടുമാറ്റത്തിരക്ക്. തിക്കിലും തിരക്കിലും ആളുകള്‍ മൃത്യുവെ പുല്‍കി രക്തസാക്ഷിത്വം വരിക്കുന്നത് തടയാന്‍ ബാങ്കുകളില്‍ ദുരിതനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. സേനാസാന്നിധ്യമില്ലെങ്കില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കി മുടിയുമെന്ന് സര്‍ക്കാരിനെ റിസര്‍വ് ബാങ്ക് തെര്യപ്പെടുത്തിയതു നന്നായി. സംഗതി വഷളാവുന്നുവെങ്കില്‍ ഇടപെടാന്‍ സിആര്‍പിഎഫിനെയും വിന്യസിച്ചു.
സംഗതിയുടെ ഒരു വശം ഇങ്ങനെയാണെങ്കില്‍ മറുവശത്തിന്റെ ഗുട്ടന്‍സ് എന്തായിരിക്കും ബലാലേ? പറയാം. സര്‍ക്കാരിന്റെ ഉന്നതപദവിയില്‍ നിന്ന് വിരമിച്ച കോഴചാക്യാരുടെ കാര്യം നോക്കുക. തൊട്ടതിനും പിടിച്ചതിനുമൊക്കെ കോഴ വാങ്ങിയതുകൊണ്ടാണ് കോഴചാക്യാര്‍ എന്ന പേരു കിട്ടിയത്. തന്റെ യഥാര്‍ഥ പേര് ചാക്യാര്‍ തന്നെ മറന്നുപോയിരുന്നു. കോഴപ്പണം കുമിഞ്ഞുകൂടിയപ്പോള്‍ ചാക്യാര്‍ വീട്ടില്‍ ബൃഹത്തായ ഒരു നിലവറ പണിത് കോഴപ്പണം അതില്‍ കുത്തിനിറച്ചു.
അടുത്തയാഴ്ച ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ വാങ്ങാന്‍ അച്ചാരം കൊടുത്തിരിക്കെയാണ് മോദിത്തമ്പ്രാന്‍ ഇടിത്തീ വീഴ്ത്തിയത്: ”ആയിരവും അഞ്ഞൂറും നോട്ട് ഞാന്‍ അസാധുവാക്കിയിരിക്കുന്നു. ഇനി എടുക്കാത്ത ഉറുപ്പികയുമായി ആരും കുട്ട്യേട്ടന്റെ പീടികയില്‍ ചെല്ലേണ്ട.”
അതു കേട്ട് കോഴചാക്യാര്‍ എന്ന താപ്പാന ഞെട്ടിവിറച്ചു. സെക്കന്‍ഡുകള്‍ക്കകം മെലിഞ്ഞു. ‘മോഹങ്ങള്‍ അവസാന നിമിഷം വരെ’ എന്ന പാട്ട് പാടി ചങ്ങായി പുറത്തിറങ്ങി. വഴിപോക്കര്‍ക്ക് ആയിരം രൂപ വെറുതെ കൊടുക്കാന്‍ നോക്കി. ശുദ്ധഗതിക്കാര്‍ വാങ്ങി. വേറെ ചിലര്‍ കള്ളനോട്ടാണോ എന്നു സൂക്ഷിച്ചുനോക്കി. കാര്യം പിടികിട്ടിയ മറ്റു ചിലര്‍ മുഖത്തു നോക്കി പറഞ്ഞു: ”കള്ളപ്പണം വെറുതെ തന്ന് മ്മളെ പറ്റിക്കാന്ന് കരുതി, അല്ലേ?”
ചാക്യാര്‍ ഒന്നും മിണ്ടിയില്ല. അപ്പോള്‍ ഭാര്യ പറഞ്ഞു: ”ഗുരുവായൂര്‍ അമ്പലത്തില്‍ ഞാന്‍ നോട്ടു കൊണ്ടു തുലാഭാരം നേര്‍ന്നിട്ടുണ്ട്. രണ്ടു കോടി അങ്ങനെ ചെലവാക്കാം.” ”ബാക്കി എന്തു ചെയ്യും ഹമുക്കേ?”
”കത്തിച്ചുകളയാം.”
ചാക്യാര്‍ സ്ഥലത്തെ പ്രധാന ദിവ്യനും ഗുണ്ടയും ഗജപോക്കിരിയുമായ കോടാലി വാസുവിനെ സമീപിച്ച് കാര്യം പറഞ്ഞു: ”കോടാലി സാര്‍, കുറേ നോട്ട് കത്തിക്കാനുണ്ട്. കൂലിയായി ഒരു കോടി തരാം.”
ചാക്യാര്‍ നല്‍കിയ നോട്ടുകള്‍ കത്തിക്കാതെ കോടാലി സ്വന്തം വീട്ടിലെ വലിയ പെട്ടിയില്‍ അടച്ചുപൂട്ടി. കുറേശ്ശെ അപരന്മാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നാണ് കോടാലി കരുതിയത്. കരിംപൊട്ടന്‍ എന്നല്ലാതെ എന്തു പറയാന്‍? കോടാലിക്ക് നാലു പെട കൊടുക്കാന്‍ മോഹിച്ചിരുന്ന കാമുകി ഉണ്ണൂലി സംഗതി ലീക്കാക്കി.

ബ്രേക്കിങ് ന്യൂസ്: പതിനായിരം കോടിയുടെ കള്ളപ്പണവുമായി കോടാലി വാസു അറസ്റ്റില്‍. കോഴചാക്യാരെ പിടികൂടാന്‍ നാലു പോലിസ് സംഘങ്ങള്‍ രൂപീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക