|    Nov 12 Mon, 2018 11:18 pm
FLASH NEWS

കോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ : പൂര്‍ത്തിയാക്കിയ പദ്ധതി വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കണം-വികസന അതോറിറ്റി

Published : 13th June 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍-പൊന്നാനി കോള്‍  വികസന പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകണമെന്നും കര്‍ഷകര്‍ക്കു മനസ്സിലാക്കുന്ന വിധം പൂര്‍ത്തിയാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ മലയാള ഭാഷയില്‍ പദ്ധതി പ്രദേശത്ത് ബോര്‍ഡെഴുതി പ്രദര്‍ശിപ്പിക്കണമെന്നും അതോറിറ്റി അധ്യക്ഷന്‍ സി എന്‍ ജയദേവന്‍ എംപി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. അടുത്ത കൃഷിയ്ക്ക് മുന്‍പ് ജൂലൈ അവസാന വാരം സമിതി യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ക്ക് അന്തിമ രൂപം നല്‍കണമെന്നും എംപി അറിയിച്ചു. പദ്ധതികളെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എല്ലാ സമിതി അംഗങ്ങള്‍ക്കും പാടശേഖര പ്രദേശത്തെ ജനപ്രതിനിധികള്‍ക്കും അയച്ചു നല്‍കണമെന്ന് ഉപാധ്യക്ഷന്‍ പി കെ ബിജു എംപി അഭിപ്രായപ്പെട്ടു. കോള്‍ മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി റിപ്പോര്‍ട്ട് കോള്‍ വികസന അതോറിറ്റി സ്‌പെഷ്യല്‍ ഓഫീസര്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഷീല പ്രസാദ് അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യവികസനം, പച്ചക്കറി വ്യാപനം, പശു-താറാവ് വളര്‍ത്തല്‍, കാര്‍ഷിക യന്ത്രവല്‍ക്കരണം, മല്‍സ്യകൃഷി വ്യാപനം, പെട്ടിപറയ്ക്ക് ബദല്‍ സംവിധാനം, ജൈവകൃഷി വ്യാപനം, കോഴി വളര്‍ത്തല്‍ പ്രോല്‍സാഹനം എന്നിവയാണ് സമഗ്ര വികസന പദ്ധതികള്‍. ബണ്ട്, സ്ലൂയീസ്, എഞ്ചിന്‍തറ, പാലങ്ങള്‍, കനാല്‍ എന്നിവയുടെ നവീകരണവും നിര്‍മാണവുമാണ് അടിസ്ഥാന സൗകര്യവികസനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. തൃശൂരില്‍ 67 ഉം പൊന്നാനിയില്‍ 65 ഉം പ്രവര്‍ത്തനങ്ങള്‍ക്ക് 300 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 85.24 ശതമാനം പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തെ അറിയിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ കാര്‍ഷിക യന്ത്രവല്‍ക്കരണത്തിന് 71 കോടി കേരള അഗ്ര ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന് അനുവദിച്ചു. കൊയ്ത്തുമെതി യന്ത്രം (50), നടീല്‍ യന്ത്രം (4), ട്രാക്ടറുകള്‍ (10), പവര്‍ ട്രില്ലര്‍ (200), കള്‍ട്ടിവേറ്റര്‍ (20) എന്നിവ ലഭ്യമാക്കി. പെട്ടിപറയ്ക്ക് ബദലായി 8 ആക്‌സിയല്‍ മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിച്ചു. ഒരു കോടി രൂപ ഇതിന് ചെലവഴിച്ചതായും കൃഷി ഡി.ഡി യോഗത്തില്‍ പറഞ്ഞു. കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 5050 പേര്‍ക്ക് പരിശീലനം നല്‍കുന്നതിന് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്. അനുമതി ലഭിച്ചാലുടന്‍ പരിശീലനം ആരംഭിക്കും. മോട്ടോര്‍ പമ്പ് സെറ്റിന്റെ പ്രവര്‍ത്തന ക്ഷമതാ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കാന്‍ സമിതി കൃഷി വകുപ്പ് എഞ്ചിനീയിറിങ്് ഡിവിഷിനെ ചുമതലപ്പെടുത്തി. മല്‍സ്യ സമ്പത്ത് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൃഷി ഭുമി രൂപാന്തരപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്നും കോള്‍ പടവുകളിലെ പൊതു ജലാശയങ്ങളില്‍ മല്‍സ്യങ്ങളെ നിക്ഷേപിച്ചാല്‍ മതിയെന്നുളള കര്‍ഷകരുടെ ആവശ്യം സമിതി അംഗീകരിച്ചു. സമിതി അംഗങ്ങളായ എം എല്‍എ മാരായ കെ.രാജന്‍, ഗീത ഗോപി, കെവി.അബ്ദുല്‍ ഖാദര്‍, മുരളി പെരുനെല്ലി, ഇടി  ടൈസണ്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ഷീല വിജയകുമാര്‍, ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍, സ്പീക്കറുടെ പ്രതിനിധി കെഎ ജയാനന്ദന്‍, കര്‍ഷക സമിതി പ്രതിനിധികളായ പിആര്‍ വര്‍ഗ്ഗീസ്, എന്‍ കെ സുബ്രഹ്മണ്യന്‍, കെ കെ കൊച്ചുമുഹമ്മദ്, എം ആര്‍ മോഹന്‍, ജോതി ബസു, സി എസ് പ്രസന്നന്‍, ടി അബു, എം സി നാരായണന്‍ കുട്ടി, ജില്ലാതല നിര്‍വഹണോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss