|    Jan 20 Fri, 2017 7:15 am
FLASH NEWS

കോള്‍സെന്റര്‍ തട്ടിപ്പ്: നാലിടത്തുകൂടി റെയ്ഡ്

Published : 10th October 2016 | Posted By: SMR

താനെ: അമേരിക്കന്‍ പൗരന്‍മാരുടെ ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് പോലിസ് കൂടുതല്‍ കോള്‍ സെന്ററുകളില്‍ തിരച്ചില്‍ നടത്തി. കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം നാലു കോള്‍സെന്ററുകളില്‍കൂടി ക്രൈംബ്രാഞ്ച് സംഘം തിരച്ചില്‍ നടത്തി. കോള്‍സെന്റര്‍ ഉടമകളെയും ജീവനക്കാരെയും പിടികൂടാന്‍ പോലിസിനു സാധിച്ചില്ല. പിടിച്ചെടുത്ത 250 കംപ്യൂട്ടറുകളില്‍ 100 എണ്ണത്തില്‍ ഹാര്‍ഡ് ഡിസ്‌കില്ലായിരുന്നു. സംഘത്തിന്റെ തലവനെ കണ്ടെത്തുന്നതിനുവേണ്ടി പോലിസ് ഗുജറാത്തിലേക്കു പോയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മൂന്നു കോള്‍സെന്ററുകള്‍ റെയ്ഡ് ചെയ്തു. 70 പേരെ പോലിസ് പിടികൂടിയിരുന്നു. ഇതില്‍ 630 പേര്‍ക്കെതിരേ കേസെടുത്തു. അമേരിക്കന്‍ ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ വിളിച്ചാണ് സംഘം പണം തട്ടിയെടുക്കുന്നതെന്ന് പോലിസ് പറഞ്ഞു. സെന്ററിലെ ജീവനക്കാര്‍ക്ക് 10,000 രൂപ മുതല്‍ 40,000 രൂപ വരെയാണ് മാസശമ്പളമെങ്കിലും ചിലര്‍ മാസത്തില്‍ ഒരു ലക്ഷം വരെ സമ്പാദിക്കുന്നതായാണ് പോലിസിനു കിട്ടിയ വിവരം. ദിവസവും കുറഞ്ഞത് നൂറു കോളെങ്കിലും അവര്‍ അമേരിക്കയിലേക്കു വിളിക്കാറുണ്ട്. അതില്‍ 10 മുതല്‍ 15പേര്‍ വരെ ഇവരുടെ വലയില്‍ വീഴുകയും അതില്‍ മൂന്നോ നാലോ പേര്‍ ഭീഷണിക്കു വിധേയമായി പണമടയ്ക്കാന്‍ തയ്യാറാവുകയും ചെയ്യുമെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഓരോ ആളില്‍ നിന്നും 10,000 മുതല്‍ 20,000 ഡോളര്‍ വരെ കമ്പനിക്കു ലഭിക്കും. ഇങ്ങനെ ഒരു ദിവസം 1.5 കോടി രൂപ വരെയും വര്‍ഷത്തില്‍ 300 കോടിയിലധികം സമ്പാദിക്കുന്ന കമ്പനികളുണ്ടെന്നും പോലിസ് അറിയിച്ചു. അറസ്റ്റ് ചെയ്തവരെ ചോദ്യംചെയ്തതില്‍ നിന്ന് കേസിന്റെ തുടരന്വേഷണത്തിനുള്ള തുമ്പ് ലഭിച്ചതായും പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക