|    May 23 Tue, 2017 10:30 pm
FLASH NEWS

കോളിയൂര്‍ മരിയാദാസ് കൊലക്കേസ്: പ്രതികളുമായി പോലിസ് തമിഴ്‌നാട്ടിലേക്ക്

Published : 18th July 2016 | Posted By: SMR

കോവളം: കോളിയൂര്‍ മരിയാദാസ് കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള പ്രതികളുമായി പോലിസ് തെളിവെടുപ്പിനായി തമിഴ്‌നാട്ടിലേക്ക്. കേസിലെ പ്രതികളായ വട്ടപ്പാറ സ്വദേശി കൊലുസു ബിനു എന്ന അനില്‍ കുമാര്‍, തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി ചന്ദ്രന്‍ എന്നിവരുമായാണ് ഫോര്‍ട്ട് എസി സുധാകരപിള്ള, വിഴിഞ്ഞം സിഐ ന്യൂമാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഞായറാഴ്ച രാത്രിയോടെ സായുധ പോലിസിന്റെ കാവലില്‍ തെളിവെടുപ്പിനായി തമിഴ്‌നാട്ടിലേക്കു കൊണ്ടുപോയത്.
കൊലപാതകത്തിനു ശേഷം ഒന്നാം പ്രതി ബിനു ഒളിവില്‍ താമസിച്ച തിരുെനല്‍വേലിയിലെ വീട്, രണ്ടാം പ്രതി ചന്ദ്രന്‍ താമസിച്ച വെല്ലൂരിലെ വീട് എന്നിവിടങ്ങളില്‍ ഉള്‍െപ്പടെ പോലിസ് പ്രതികളെ തെളിവെടുപ്പിനു കൊണ്ടുപോകും. ഇരുവര്‍ക്കുമെതിരെ ഇവിടങ്ങളില്‍ എന്തെങ്കിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യവും സംഘം പരിശോധിക്കും.
കൊല്ലപ്പെട്ട മരിയാദാസിന്റെ ഭാര്യയുടെ കഴുത്തില്‍ ഉണ്ടായിരുന്ന മൂന്നര പവന്റെ മാല പ്രതികള്‍ കവര്‍ന്നിരുന്നു.
ഇത് പിന്നീട് ഒന്നാം പ്രതി ബിനുവിന്റെ ഭാര്യ അമ്മുക്കുട്ടി വഴി തിരുനെല്‍വേലിയില്‍ ഒരു ജ്വല്ലറിയില്‍ കൊടുത്ത് മാറ്റിവാങ്ങി എന്നാണു പ്രതികള്‍ പറഞ്ഞിരിക്കുന്നത്. ഇവിടെ നിന്ന് ഈ മാലയും കേരള പോലിസ് സംഘം കണ്ടെടുക്കും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മരിയാദാസന്റെ ഭാര്യ ഷീജയുടെ മൊഴിയെടുക്കാന്‍ പോലിസിന് ഇതുവരെ സാധിച്ചിട്ടില്ല. തലയ്ക്ക് പരിക്കേറ്റതിനാല്‍ ഷീജയ്ക്ക് പഴയ കാര്യങ്ങളൊന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇവരെ വെന്റിലേറ്ററില്‍ നിന്നു വാര്‍ഡിലേക്ക് മാറ്റിയെങ്കിലും ഇവര്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഷീജയാണ് സംഭവത്തിന്റെ പ്രധാന സാക്ഷി. ഷീജയുടെ മൊഴി നിര്‍ണായകമാണെന്ന് പോലിസ് പറഞ്ഞു. ഇക്കഴിഞ്ഞ 14നാണ് പ്രതികളെ പോലിസിന് 12 ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചത്. തെളിവെടുപ്പ് കഴിഞ്ഞു കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ തമിഴ്‌നാട് പോലിസ് അപേക്ഷ നല്‍കും.
മരിയാദാസിന്റെ കൊലപാതകത്തിനു സമാനമായി തിരുെനല്‍വേലിയില്‍ നടന്ന മറ്റൊരു കൊലപാതകവുമായി ബന്ധപ്പെട്ടാകും തമിഴ്‌നാട് പോലിസ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇക്കഴിഞ്ഞ ആറാം തിയ്യതിയാണ് കോളിയൂര്‍ ചാനല്‍ക്കാര ചരുവിള പുത്തന്‍വീട്ടില്‍ മരിയാദാസനെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day