|    Apr 22 Sun, 2018 4:57 am
FLASH NEWS

കോളിയൂര്‍ കൊലപാതകം: പിടിയിലായ ബിനു നിരവധി കവര്‍ച്ചക്കേസുകളിലെ പ്രതി

Published : 11th July 2016 | Posted By: SMR

കോവളം: പൂങ്കുളം കോളിയൂരില്‍ അര്‍ധരാത്രി ഗൃഹനാഥനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ഭാര്യയെ തലയ്ക്കടിച്ചു മാരകമായി പരിക്കേല്‍പിക്കുകയും ചെയ്ത ബിനു നിരവധി കവര്‍ച്ചക്കേസുകളിലെ പ്രതി. തമിഴ്‌നാട് തിരുെനല്‍വേലി കളക്കാട് കാശിനാഥപുരം വീട്ടുനമ്പര്‍ 309ല്‍ വാടകയ്ക്ക് താമസിക്കുന്ന കൊലുസു ബിനു എന്നു വിളിക്കുന്ന അനില്‍കുമാര്‍ തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയാണ്.
കേരളത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ പ്രാഥമികമായ തെളിവുകളൊന്നും തന്നെ അവശേഷിച്ചിരുന്നില്ല. സിറ്റി ഷാഡോ പോലിസ് സംഭവം നടന്ന ഉടന്‍ തന്നെ നിരവധി ഗ്രൂപ്പുകളായി തിരിഞ്ഞ് നാട്ടുകാരില്‍ നിന്നും അയല്‍വാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് പഴുതടച്ചു നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ കവര്‍ച്ച നടത്തുന്ന ആള്‍ക്കാരില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.
ബിനു കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി പിടിച്ചുപറി-മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റവാളിയാണ്. തന്റെ അനുജനോടൊപ്പം ജോലിക്കു വന്ന തമിഴ്‌നാട് സ്വദേശിയായ സെല്‍വനോടൊപ്പം തമിഴ്‌നാട്ടില്‍ എത്തുകയും സെല്‍വരാജിന്റെ ബന്ധുവായ പ്രിയങ്കയെ വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് ബിനുവും ഭാര്യയും കൊല ചെയ്യപ്പെട്ട മരിയാദാസിന്റെ വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയത്ത് കൊല ചെയ്യപ്പെട്ട മരിയാദാസിന്റെ വീടുമായി സൗഹൃദം സ്ഥാപിച്ച ബിനു മരിയാദാസിന്റെ വീടും ചുറ്റുപാടും സാമ്പത്തികസ്ഥിതിയും മനസ്സിലാക്കുകയും മോഷണത്തിന് ഇരയെ കണ്ടെത്തുകയുമായിരുന്നു.
എന്നാല്‍, സ്വന്തം കുഞ്ഞിനെ കെട്ടിത്തൂക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ ബിനുവിന്റെ ദുഃസ്വഭാവം അറിഞ്ഞ മരിയാദാസ് ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. ഈ സമയം കോളിയൂരിലും പരിസരത്തും നിരവധി മോഷണങ്ങളും നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇയാളെ വാടകവീട്ടില്‍ നിന്നു മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് താമസം മാറ്റി.
അവിടെ വച്ച് ഭാര്യയുടെ അമ്മയായ അമ്മുക്കുട്ടിയുമായി ബിനുവിന് ഉണ്ടായ അവിഹിതബന്ധം മനസ്സിലാക്കിയ പ്രിയങ്ക മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് അമ്മുക്കുട്ടിയുമായി നാടുവിട്ട് പല സ്ഥലങ്ങള്‍ മാറിമാറി വാടകയ്ക്ക് താമസിച്ചു. മോഷണത്തിനു വേണ്ടി ആരെയും ഉപദ്രവിക്കാന്‍ മടിയില്ലാത്ത ആളാണ് കൊലുസു ബിനു. ഇതിനിടെയാണ് കൊലുസു ബിനു കോളിയൂരില്‍ എത്തി ഈ കൊലപാതകം നടത്തിയത്. കേരളത്തിലും തമിഴ്‌നാട്ടിലും ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.
2008ല്‍ പേട്ട പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ബിനുവും സുഹൃത്തും ചേര്‍ന്ന് മിനിയുടെ നാലു പവന്റെ സ്വര്‍ണമാല ബൈക്കില്‍ വന്ന് പൊട്ടിച്ചെടുത്ത കേസ്, മണ്ണന്തല പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിന് രണ്ടു കേസുകള്‍, പേരൂര്‍ക്കട കല്ലട ജങ്ഷനു സമീപമുള്ള വീട്ടില്‍ നിന്ന് ഉറങ്ങിക്കിടന്ന കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത് തുടങ്ങി പല സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്.
എഡിജിപി ഡോ. ബി സന്ധ്യ, റേഞ്ച് ഐജി മനോജ് എബ്രഹാം, സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപി ശിവവിക്രം എന്നിവരുടെ നേതൃത്വത്തില്‍ സിറ്റി ഷാഡോ പോലിസ്, സൈബര്‍ സെല്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതിപക്ഷ നേതാവ് കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു
വിഴിഞ്ഞം: കോളിയൂരില്‍ കൊല്ലപ്പെട്ട മരിയദാസന്റെ മക്കളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് പ്രതിപക്ഷനേതാവ് കോളിയൂരില്‍ എത്തിയത്. മേരിദാസന്റെ മക്കളെ ആശ്വസിപ്പിച്ച അദ്ദേഹം കുടുംബത്തെ സഹായിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അരമണിക്കൂറോളം കുട്ടികളുമായി ചിലവഴിച്ച ശേഷം തിരികെ പോകാന്‍ ഇറങ്ങവെ നാട്ടുകാര്‍ വാഹനവ്യൂഹം തടഞ്ഞു. പിടിയിലായ പ്രതിയെ പോലിസ് തെളിവെടുപ്പിന് കൊണ്ടുവരുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞത്. പത്തു മിനിറ്റോളം വീടിനു പുറത്തു നിന്ന പ്രതിപക്ഷ നേതാവിനെ സുരക്ഷാ ജീവനക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും മറ്റൊരു വാഹനത്തില്‍ സ്ഥലത്തു നിന്നും മാറ്റി. തുടര്‍ന്ന് കോവളം എംഎല്‍എ വിന്‍സന്റ് നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും പ്രതിയെ തെളിവെടുപ്പിന് കൊണ്ട് വരുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തടഞ്ഞുവെച്ച വാഹനങ്ങള്‍ നാട്ടുകാര്‍ വിടുകയുമായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss