|    Apr 19 Thu, 2018 3:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോളറ: വെള്ളം പരിശോധനയ്ക്കയച്ചു; കുറ്റിപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനം തുടങ്ങി

Published : 16th July 2016 | Posted By: SMR

കുറ്റിപ്പുറം: മല്ലൂര്‍ കടവിലെ കോളറ ബാധിത പ്രദേശം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ ആരോഗ്യ സംഘം സന്ദര്‍ശിച്ചു. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളില്‍ നിന്നു സാംപിള്‍ ശേഖരിച്ച് വയനാട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് പരിശോധനയ്ക്ക് അയച്ചു.
ജലനിധി പദ്ധതിയിലൂടെ ജല വിതരണം നടത്തുന്ന സ്രോതസ്സുകളും ടാങ്കുകളും പരിശോധിച്ചു. ഇവിടെനിന്നു ശേഖരിച്ച സാംപിളിന്റെ പരിശോധനാ ഫലം ലഭിക്കുന്നതുവരെ ജലവിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരാഴ്ചത്തേക്ക് കൂള്‍ബാറുകള്‍ അടച്ചിടും, ഹോട്ടലുകളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ നല്‍കാവൂ എന്ന് നിര്‍ദേശിച്ചു. രോഗവ്യാപനം തടയുന്നതിന്റ ഭാഗമായി കുറ്റിപ്പുറത്തെ ഹോട്ടലുകളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും പരിശോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തോട് ജില്ലാ കലക്ടര്‍ എസ് വെങ്കിടേസപതി നിര്‍ദേശിച്ചു. മുഴുവന്‍ കുടിവെള്ള സ്രോതസ്സുകളും കുറ്റിപ്പുറം താലൂക്കാശുപത്രി ഫീല്‍ഡ് വിഭാഗം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിവരുന്നുണ്ട്. പൊതുജനങ്ങള്‍ കൈക്കൊള്ളേണ്ട പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. ഒആര്‍എസ്, അവശ്യമരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രദേശത്ത് സജീവ രോഗ നിരീക്ഷണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും നടത്തി.
കുറ്റിപ്പുറത്തെ എസ്ബിടി ബാങ്ക് ശാഖയിലെ മാനേജര്‍ പുനൂര്‍ വീട്ടില്‍ ഡേവിസ്, ഭാര്യ ആനി, മക്കളായ ദിനേശ്, ഡിന്റോ എന്നിവരാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇവരുടെ തൊട്ടടുത്ത് താമസിക്കുന്ന ഒരാളെ അസുഖം ബാധിച്ച് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ക്കും കോളറ പിടിപെട്ടതായി വിദഗ്ധ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരിസരത്തെ വീടുകളിലെ നാലുപേര്‍ വയറിളക്കവും ഛര്‍ദ്ദിയും മൂലം കുറ്റിപ്പുറത്തേയും വളാഞ്ചേരിയിലേയും ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്ക് കോളറ പിടിപെട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ രണ്ടു ദിവസംമുമ്പ് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന എണ്‍പതുകാരി ആയിഷ അതിസാരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചിരുന്നു. ഇവര്‍ക്ക് കോളറ ബാധിച്ചിരുന്നോയെന്ന് പരിശോധിച്ചുവരികയാണ്. കുറ്റിപ്പുറത്തെ ഒരു ഹോട്ടലില്‍നിന്നു രാത്രിയില്‍ ഭക്ഷണം വാങ്ങി കഴിച്ച കുടുംബത്തിലുള്ളവരാണിപ്പോള്‍ തൃശൂരിലെ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ ഈ ഹോട്ടലിലെത്തി ഭക്ഷണവും വെള്ളവും ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്. അസുഖം ബാധിച്ച വീട്ടുകാര്‍ ഉപയോഗിച്ചിരുന്ന വെള്ളത്തില്‍ നിന്ന് കോളറ വ്യാപകമാവാതിരിക്കാന്‍ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ മേഖലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. രോഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വയറിളക്കവും ഛര്‍ദ്ദിയും കണ്ടാല്‍ ഉടന്‍തന്നെ ആശുപത്രികളില്‍ ചികില്‍സ തേടണമെന്ന് ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഴുക്കുചാലിലൂടെ കടന്നുപോവുന്ന കുടിവെള്ള പൈപ്പുകളിലൂടെയും രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. മലിനജലം കെട്ടി നിര്‍ത്തുന്നത് ഒഴിവാക്കി വീടും പരിസരവും ശുദ്ധീകരിച്ച് പരിസര ശുചീകരണം ഉറപ്പുവരുത്തണമെന്നും പഞ്ചായത്ത്തല ശുചീകരണ ജോലികള്‍ ഊര്‍ജിതമാക്കാനും ഉദ്യോഗസ്ഥര്‍ ഗ്രാമപ്പഞ്ചായത്തധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ഷിബുലാല്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജിത് വിജയശങ്കര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss