|    Nov 24 Fri, 2017 6:41 pm
FLASH NEWS

കോളറ നിയന്ത്രണവിധേയം ; ആശങ്ക വേണ്ടെന്ന് ഡിഎംഒ

Published : 8th August 2017 | Posted By: fsq

 

കോഴിക്കോട്:  ജില്ലയിലെ തെങ്ങിലക്കടവ് പ്രദേശത്ത് സ്ഥീരീകരിച്ച കോളറ രോഗം നിയന്ത്രണ വിധേയമായെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ അറിയിച്ചു.കോളറ ബാധിത പ്രദേശം ജില്ലാ സര്‍വൈലന്‍സ് ടീമിനൊടോപ്പം ഡിഎംഒ സന്ദര്‍ശിച്ചു. രോഗം ബാധിച്ച ഏഴ് പേരും സുഖം പ്രാപിച്ചതായും പുതിയ കേസുകള്‍ ഉണ്ടായിട്ടില്ലെന്നും സംഘം വിലയിരുത്തി. ഇപ്പോള്‍ നടത്തിവരുന്ന ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനം തുടരാനും വയറിളക്ക രോഗ നീരീക്ഷണം  ശക്തിപ്പെടുത്താനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. വിബ്രിയോ കോളറ എന്ന രോഗാണുവിനെ കണ്ടെത്തിയ കിണര്‍ വെള്ളം ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. ഈ പ്രദേശത്ത് നിന്നുമുള്ള ഏതു തരത്തിലുള്ള വയറിളക്ക രോഗവും നിരീക്ഷണ വിധേയമാക്കണമെന്നും നിര്‍ദേശം നല്‍കി.വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെളളം, ആഹാരം എന്നിവയിലൂടെയാണ് കോളറയുടെ രോഗാണുക്കളായ വിബ്രിയോ കോളറ ശരീരത്തില്‍ കടക്കുന്നത്. ഈ രോഗാണുക്കള്‍ ഉല്‍പാദിപ്പിക്കുന്ന കോളറ ടോക്‌സിന്‍ എന്ന വിഷ വസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. കുടിവെളളത്തിലൂടെയാണ് രോഗം പകരുന്നത്.തിളപ്പിച്ചാറിയ വെളളം മാത്രമേ കുടിക്കാന്‍ പാടുളളൂ, എല്ലാ കുടിവെളള സ്രോതസ്സുകളും ശാസ്ത്രീയമായി ക്ലോറിനേഷന്‍ നടത്തിയെന്ന് ഉറപ്പാക്കുക, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക, മലമൂത്ര വിസര്‍ജ്ജനം തുറസ്സായ സ്ഥലങ്ങളില്‍ നടത്തരുത്, മലവിസര്‍ജ്ജനത്തിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കഴുക്കി വൃത്തിയാക്കുക, ആഹാരത്തിന് മുമ്പ് കൈകള്‍ നല്ലവണ്ണം കഴുകുന്നത് ശീലമാക്കുക. ആഹാര സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ രോഗികള്‍ അല്ലെന്ന് ഉറപ്പുവരുത്തുകയും കര്‍ശന വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യുക, കുടിവെളളം മനുഷ്യ വിസര്‍ജ്യവുമായി യാതൊരു തരത്തിലും കലരുന്നില്ലെന്ന് ഉറപ്പുവരുത്തുക, വയറിളക്ക രോഗമുളളവര്‍ നിര്‍ബന്ധമായും വൈദ്യ പരിശോധനക്ക് വിധേയമാകുക, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക