|    Nov 24 Fri, 2017 6:38 pm
FLASH NEWS

കോളറ: ജാഗ്രതയോടെ ആരോഗ്യവകുപ്പ്

Published : 9th August 2017 | Posted By: fsq

 

മലപ്പുറം:  ജില്ലയില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. കുറ്റിപ്പുറത്തെ നാലു കിണറുകളിലാണ് കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതില്‍ ഒരു കുഴല്‍കിണറും മൂന്ന് സാധാകിണറുമാണ്. നാലു കിണറുകളും കലക്ടറുടെ ഉത്തരവിലുടെ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. മൂന്ന് കിണറുകള്‍ ഹോട്ടലുകള്‍ ഉപയോഗിക്കുന്നവയാണ്. കോളറയുടെ സാന്നിധ്യം ജില്ലയില്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി മീനാക്ഷിയുടെ നേതൃത്വത്തില്‍ സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തും. മഞ്ചേരി മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുമായി സംഘം ചര്‍ച്ച നടത്തും. അയല്‍ ജില്ലയായ കോഴിക്കോട് മാവൂരില്‍ കോളറ സ്ഥീരീകരിച്ചതോടെയാണ് ജില്ലയിലും ജാഗ്രതാ നിര്‍ദേശം ശക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 17 കോളറ കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ അഞ്ച് കേസുകള്‍ രോഗം സ്ഥിരീകരിച്ചിരുന്നു. 12 കേസുകള്‍ സംശയിക്കുന്നതായിരുന്നു. കുറ്റിപ്പുറത്ത് മാത്രം കഴിഞ്ഞ വര്‍ഷം ആറ് കോളറ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്ന് കേസുകള്‍ സ്ഥീരീകരിച്ചിരുന്നു. കേരളത്തില്‍ നിന്നു തുടച്ചുനീക്കിയ കോളറ വീണ്ടും തലപൊക്കുന്നത് വളരെ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നു ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തിലെത്തുക. മനുഷ്യരുടെ മലവിസര്‍ജനം വഴി പുറത്താവുന്ന കോളറ ബാക്ടീരീയകള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ആരോഗ്യമുള്ള ഏതൊരാളും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാവുകയും അയാളുടെ മരണത്തിനുവരെ കോളറ കാരണമാവുകയും ചെയ്യുന്നു. വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. പരിസര-വ്യക്തി ശുചിത്വത്തിലൂടെ മാത്രമെ കോളറയെ പടിക്കുപുറത്ത് നിര്‍ത്താന്‍ കഴിയൂവെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം. അതേസമയം, പനിബാധിതരുടെ എണ്ണം ജില്ലയില്‍ കുറഞ്ഞിട്ടുണ്ട്. ദിവസവും അറുനൂറിനും ആയിരത്തിനുമിടയില്‍ രോഗികള്‍ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുരുന്നുവെങ്കില്‍ ഇപ്പോള്‍ അത് പകുതിയായി കുറഞ്ഞു. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ പനിബാധിച്ച് 17 പേരും ഡെങ്കിപ്പനി ബാധിച്ച് 47 പേരും മരിച്ചതായാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക