|    Apr 23 Mon, 2018 3:00 pm
FLASH NEWS

കോളറ: കര്‍ശന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്; കുറ്റിപ്പുറത്തെ രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

Published : 17th July 2016 | Posted By: SMR

കുറ്റിപ്പുറം: കുറ്റിപ്പുറത്തെ ഒരു വീട്ടിലെ നാലുപേര്‍ക്ക് കോളറ ബാധിച്ചതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കര്‍ശന നിര്‍ദേശവുമായി രംഗത്ത്. അസുഖം ബാധിച്ചവര്‍ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചതില്‍നിന്നാണ് രോഗബാധയുണ്ടായതെന്ന നിഗനത്തിന്റെ അടിസ്ഥാനത്തില്‍ ടൗണിലെ രണ്ട് വെജിറ്റേറിയന്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ഈ രണ്ട് ഹോട്ടലുകളും ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ്. ഒരിടത്ത് ഭക്ഷണം തികയാതെ വന്നാല്‍ രണ്ടാമത്തെ ഹോട്ടലില്‍നിന്നു ഭക്ഷണമെത്തിക്കുകയാണ് പതിവ്. അസുഖം ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുറ്റിപ്പുറം എസ്ബിടി ബാങ്ക് ബ്രാഞ്ച് മാനേജര്‍ ഡേവിസ്, ഭാര്യ ആനി, മക്കളായ ഡിന്റോ, ദിനേഷ് എന്നിവര്‍ ഈ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചിരുന്നു. ഹോട്ടലിലെ ചട്ണിയില്‍ നിന്നാണ് രോഗാണുക്കള്‍ ശരീരത്തിലേയ്ക്കു പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഹോട്ടലില്‍നിന്നു കുടിവെള്ളവും ഭക്ഷ്യാവശിഷ്ടങ്ങളും വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൃത്യമായ പരിശോധനാഫലം ലഭ്യമാവുന്നതിനു നാലു ദിവസമെങ്കിലുമാവുമെന്നാണ് ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ പറയുന്നത്. ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ഇന്നലെയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടന്നു. ഹോട്ടലുകളിലും കൂള്‍ബാറുകളിലും ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കുറ്റിപ്പുറത്ത് ക്യാംപ് ചെയ്താണ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഗ്രാമപ്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിത്യേന അവലോകന യോഗം ചേരുന്നുണ്ട്.
അതേസമയം, ജില്ലയില്‍ കോളറ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കിടേശപതി അറിയിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് കൈക്കൊള്ളുന്ന നടപടികളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. വിബ്രിയോ കോളറ എന്ന ബാക്ടീരിയ പരത്തുന്ന വെള്ളത്തിലൂടെ പകരുന്ന രോഗമാണ് കോളറ. മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്.
മക്കരപ്പറമ്പ് മേഖലയില്‍ മലമ്പനി; പ്രദേശം ആരോഗ്യവകുപ്പ് സംഘം സന്ദര്‍ശിച്ചു
മലപ്പുറം: മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി പ്രദേശങ്ങളില്‍ മലമ്പനി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ സ്റ്റേറ്റ് എഡമോളജിസ്റ്റ് ഡോ. ഉമറുല്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കൊതുകിന്റെ സാന്ദ്രതാ പഠനവും രോഗ സാധ്യതാ പഠനവും നടത്തി.
ജില്ലാ മലേറിയ ഓഫിസര്‍ ബി എസ് അനില്‍കുമാര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി ഭാസ്‌കരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സംസ്ഥാന സംഘം നടത്തിയ സര്‍വെയില്‍ മലമ്പനി രോഗം പരത്തുന്ന അനോഫിലിസ് കൊതുകുകളുടെ സാന്ദ്രത ഉയര്‍ന്ന തോതിലാണെന്ന് കണ്ടെത്തി.
പ്രദേശത്തെ ഭൂരിഭാഗം കിണറുകളിലും കെട്ടിടത്തിന് മുകളിലെ മൂടിയില്ലാത്ത ടാങ്കുകളിലും ടെറസ്സില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലും ഇത്തരം കൊതുകുകളുടെ ലാര്‍വകളെ കണ്ടെത്തിയിട്ടുണ്ട്. രാത്രി പശുതൊഴുത്തുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വെയില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ അനോഫിലിസ് കൊതുകിന്റെ സാന്ദ്രതയും കൂടുതലാണെന്ന് കണ്ടെത്തി.
മലമ്പനി രോഗം കൂടുതല്‍ റിപോര്‍ട്ട് ചെയ്യുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ അനോഫിലിസ് കൊതുകിന്റെ ഉയര്‍ന്ന സാന്ദ്രതാ ആശങ്കാജനകമാണെന്നും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളും രോഗ നിരീക്ഷണവും ഊര്‍ജിതപ്പെടുത്തേണ്ടതാണെന്നും സംഘം അഭിപ്രായപ്പെട്ടു. ജില്ലാ വെക്ടര്‍ കണ്‍ടോള്‍ യൂനിറ്റിലേയ്‌യും മങ്കട ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തിയുള്ള കര്‍മ പദ്ധതി തയ്യാറാക്കിയതായും 18 മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ഉമര്‍ ഫാറൂഖ് അറിയിച്ചു.
രോഗം റിപോര്‍ട്ട് ചെയ്ത വീടുകളുടെ അരക്കിലോമീറ്റര്‍ അകലത്തില്‍ രാത്രി കാലങ്ങളിലുള്ള ഫോഗിങ് വീടുകള്‍ക്കുള്ളില്‍ കീടനാശിനി സ്‌പ്രേയിങ്, കിണറുകളില്‍ ഗപ്പി മല്‍സ്യം നിക്ഷേപിക്കല്‍, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കീടനാശിനി സ്‌പ്രേയിങ്, മൂടിയില്ലാത്ത ടാങ്കുകളില്‍ കൊതുക് വലയിടല്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ രക്ത പരിശോധന എന്നിവയാണ് കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss