|    Jun 19 Tue, 2018 8:12 pm
FLASH NEWS

കോളറ: ആരോഗ്യ പഠനസംഘം മാവൂരില്‍ സന്ദര്‍ശനം നടത്തി

Published : 11th August 2017 | Posted By: fsq

 

മാവൂര്‍: കോളറ രോഗം സ്ഥിരീകരിച്ച മാവൂരില്‍ തിരുവനന്തപുരം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിലുള്ള പഠന സംഘം സന്ദര്‍ശനം നടത്തി. സംസ്ഥാന എപിഡമോളജി വിഭാഗത്തിലെ ഡോ. സുകുമാരന്‍, സംസ്ഥാന ഒആര്‍ടി ഓഫിസര്‍ ഡോ. മഞ്ജുള ദേവി, തിരുവനന്തപുരം കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. ശ്രീകാന്ത്, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി വിഭാഗത്തിലെ ഡോ. അനിത എന്നിവരാണ് പഠന സംഘത്തിലുണ്ടായിരുന്നത്. രാവിലെ 11 ഓടെ ചെറൂപ്പ ഹെല്‍ത്ത് സെന്ററിലെത്തിയ സംഘം അവിടെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ബിന്ദു, സിവില്‍ സര്‍ജ്ജന്‍ ഡോ. പ്രീത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ഉണ്ണികൃഷ്ണന്‍, സൂപ്രവൈസര്‍ മുരളീധരന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. 12 മണിയോടെ തെങ്ങിലക്കടവിലെത്തി കോളറ രോഗം ബാധിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലവും അവര്‍ ഉപയോഗിച്ചിരുന്ന ജലസ്രോതസ്സുകളും പരിശോധിച്ചു. പരിശോധനാ സമയത്ത് കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരെല്ലാം ഒഴിഞ്ഞുപോയതിനാല്‍ അവരുടെ രോഗവിവരങ്ങളും മറ്റും ചോദിച്ചറിയാനായില്ല. ഇവിടെ താമസിച്ചിരുന്ന കോളറ ബാധിതരേയും രോഗലക്ഷണമുള്ളവരായി നിരീക്ഷണത്തില്‍ വെച്ചവരെയും ഒഴിപ്പിച്ചതില്‍ സംഘം ആശങ്ക രേഖപ്പെടുത്തി. ഇത്തരക്കാര്‍ മറ്റിടങ്ങളിലെവിടെയെങ്കിലും താമസിക്കാനിടയായാല്‍ അവിടങ്ങളിലും രോഗം പടരാന്‍ സാധ്യതയുണ്ടെന്ന നിഗമനമാണ് ആശങ്കക്കാധാരം. പിന്നീട് മാവൂര്‍ ഗ്രാസിമിനു സമീപമുള്ള വാടക കെട്ടിടങ്ങളിലും സംഘം പര്യടനം നടത്തി. ഇവിടെ ഔരു കെട്ടിടത്തില്‍ നിന്നു ബുധനാഴ്ച വൈകീട്ട് മുര്‍ഷിദാബാദ് സ്വദേശിയായ ഹാഷി (30) മിനെ കോളറ ലക്ഷണങ്ങളുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോളറ പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, തണുത്ത ഭക്ഷണം ഒഴിവാക്കുക, ശൗചാലയങ്ങളിലും മറ്റും പോയ ശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കാനും തീരുമാനിച്ചു. 14 ദിവസത്തിനു ശേഷം മാവൂരിലെയും തെങ്ങിലക്കടവിലെയും കിണറുകളിലെ വെള്ളം പരിശോധനയ്ക്കു വിധേയമാക്കും. സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയ ശേഷം കോളറ ബാക്ടീരിയയും മറ്റു മാലിന്യങ്ങളും അവശേഷിക്കുന്നുണ്ടെന്നു കണ്ടെത്തിയാല്‍ അനന്തര നടപടി സ്വീകരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss