|    Sep 24 Sun, 2017 2:14 pm
FLASH NEWS

കോളനികളില്‍ മദ്യമൊഴുകുന്നു;കുടുംബബന്ധങ്ങള്‍ തകര്‍ച്ചയില്‍

Published : 28th October 2016 | Posted By: SMR

മാനന്തവാടി: കോളനികളില്‍ മദ്യത്തിന്റെ ഒഴുക്ക്. ആദിവാസി കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍ തുടര്‍ക്കഥയാവുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെള്ളമുണ്ട പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മൂന്ന് ആദിവാസി പീഡനക്കേസുകളിലെ പ്രതികളെല്ലാം ഇരകളുടെ അടുത്ത ബന്ധുക്കള്‍. മദ്യപിച്ചത്തെുന്ന കോളനിയിലെ മുതിര്‍ന്നവരും യുവാക്കളുമായ പുരുഷന്മാരാണ് പീഡനക്കേസുകളില്‍ പ്രതികളാവുന്നത്. വെള്ളമുണ്ട പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ മേച്ചേരിക്കുന്ന്, തൊണ്ണമ്പറ്റ, ഉണ്ടാടി കോളനികളിലാണ് കഴിഞ്ഞ ആഴ്ചയില്‍ ബാലികാപീഡനത്തിന് പോക്‌സോ ആക്റ്റ് പ്രകാരം മൂന്നു കേസുകളെടുത്തത്. പീഡിപ്പിക്കപ്പെട്ട മൂന്നുപേരും 14 വയസ്സ് മാത്രമുള്ള വിദ്യാര്‍ഥിനികളാണ്. ഇതില്‍ ഒരു ബാലിക നാലുമാസം ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. കേസിലെ പ്രതിയാവട്ടെ, കോളനിയിലെ തന്നെ 16 വയസ്സുള്ള ബന്ധു. മറ്റു രണ്ടു കുട്ടികളെയും പീഡിപ്പിച്ചത് അടത്ത ബന്ധത്തില്‍പെട്ട വിവാഹിതരായ യുവാക്കളാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ലയിലെ ആദിവാസി കോളനികളില്‍ ബാലികാ പീഡനങ്ങളുള്‍പ്പെടെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇരകളിലധികവും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ്. കോളനികളിലെ സൗകര്യപ്രദമായ വീടുകളുടെ അഭാവം കാരണം രണ്ടും മൂന്നും കുടുംബങ്ങള്‍ ഒരേവീട്ടില്‍ കഴിയുന്നതിനിടെ യുവാക്കള്‍ മദ്യപിച്ചെത്തുന്നതാണ് പ്രശ്‌നം. പല പീഡനങ്ങളും പുറത്തറിയാറില്ല. വിദ്യാലയത്തില്‍ നടത്തിയ കൗണ്‍സലിങിനിടെയാണ് ഏതാനും മാസം മുമ്പ് നടന്ന പീഡനവിവരം കുട്ടികള്‍ പറഞ്ഞത്. ഇതു പ്രകാരം പ്രധാനാധ്യാപകര്‍ നല്‍കിയ പരാതിയിലാണ് വെള്ളമുണ്ട പോലിസ് കേസെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക