|    Jun 29 Thu, 2017 9:25 am
FLASH NEWS

കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പന വ്യാപകം

Published : 23rd November 2016 | Posted By: SMR

പത്തനംതിട്ട: കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പന വ്യാപകമാവുന്നു.  വിദേശ വിപണിയില്‍ ലഭിക്കുന്ന ആംപ്യുളുകള്‍ പോലും ഇപ്പോള്‍ വിദ്യാര്‍ഥികള്‍ സുലഭമായി  ഉപയോഗിക്കുന്നുണ്ടെന്നാണ്  നാര്‍ക്കേട്ടിക്ക്  സെല്ലിന് ലഭിച്ച വിവരം. ഗോവ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇത്തരത്തില്‍ മയക്കുമരുന്നുകള്‍ ജില്ലയില്‍ എത്തിച്ച് വിതരണം ചെയ്യുന്നത്. കോളജ് വിദ്യാര്‍ഥികളെയാണ്  ഇവര്‍ വില്‍പനയ്ക്കായി നിയോഗിക്കുന്നത്. ഇതിനായി വിലകൂടിയ മൊബൈല്‍ ഫോണ്‍, ആഢംബര സ്‌പോര്‍ട് സ് ബൈക്കുകള്‍ എന്നിവ നല്‍കിയാണ്  ഇവര്‍ വിദ്യാര്‍ഥികളെ സംഘത്തില്‍ എത്തിക്കുന്നത്. ഇവര്‍ വഴിയാണ് മറ്റ് വിദ്യാര്‍ഥികളെ ഉപഭോക്താക്കളായി കണ്ടെത്തുന്നത്. കഞ്ചാവ്, മോര്‍ഫിന്‍ എന്നിവയാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉപയോഗിച്ച് വരുന്നത്. മോര്‍ഫിന്‍ ഉന്നത ഗുണനിലവാരമുള്ള ടിഷ്യുപേപ്പര്‍റില്‍ മുക്കിയ ശേഷം കുപ്പിച്ചില്ല് പൊടിയില്‍ പൊതിഞ്ഞാണ് ഉപയോഗിക്കാന്‍ നല്‍കുന്നത്.  ഇത്തരത്തിലുണ്ടാവുന്ന മുറിവ് വഴിയാണ് ലഹരി ശരീരത്തില്‍ ഏല്‍ക്കുന്നത്. അര്‍ബുദ ബാധിതര്‍ക്ക് വേദന സംഹാരിയായി നല്‍കുന്ന മോര്‍ഫിന്‍ ഗോവയില്‍ നിന്നാണ്  നാട്ടില്‍ എത്തിക്കുന്നത്. ഇതിന് പുറമെ കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ്  എത്തിക്കുന്നത്. ഇത് പത്തനാപുരത്തു നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതെന്നാണ് മൂന്നു മാസങ്ങള്‍ക്ക് മുമ്പ്് കുമളി ചെക്‌പോസ്റ്റില്‍ പിടിയിലായ പത്തനംതിട്ട സ്വദേശികളായ വിദ്യാര്‍ഥികള്‍ നല്‍കിയ വിവരം.  ഒരു കിലോയില്‍ താഴെ തൂക്കത്തിലാണ് കഞ്ചാവ് വിതരണത്തിനായി എത്തിക്കുന്നത്. ഇത് ചെറിയ പ്ലാസ്റ്റിക് കയറിന്റെ ഉള്ളില്‍ ഒതുക്കി ചെറിയ കെട്ടുകളാക്കിയാണ് വിതരണം ചെയ്യുന്നത്. സിലിക്ക ജെല്ലിന്റെ കവറുകളിലും പൊതിഞ്ഞ് വില്‍പന നടത്തുന്നുണ്ട്. തുടക്കക്കാര്‍ക്ക് ടയറിന്റെ പഞ്ചര്‍ ഓട്ടിക്കാന്‍ ഉപയോഗിക്കുന്ന സെല്യുഷന്‍, പൈപ്പ് ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന സോള്‍വെന്റ്  എന്നിവ തുണിയില്‍ പൊതിഞ്ഞ് ശ്വസിക്കാന്‍ നല്‍കുകയും തുടര്‍ന്ന് ചെറിയ തോതില്‍ മറ്റ് മയക്കുമരുന്നുകള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. പത്തനംതിട്ട നഗരത്തിലാണ് ഇവയുടെ വില്‍പന ഏറെയും നടക്കുന്നത്. തിരിച്ചറിയാതിരിക്കാന്‍ ജനത്തിരക്കുള്ള മേഖകളെയാണ് വില്‍പനയ്ക്കായി തിരഞ്ഞെടുക്കാറുള്ളത്. കഞ്ചാവ് അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ കൈമാറുന്ന പ്രധാനകേന്ദ്രം പത്തനംതിട്ട ജനറല്‍ ആശുപത്രി, റിങ്  റോഡ് എന്നിവിടങ്ങളിലാണ്.  ഇവിടെ പോലിസ്, നാര്‍ക്കോട്ടിക് സെല്ല് എന്നിവയുടെ പരിശോധന ഇല്ലാത്തതാണ് ഇവര്‍ക്ക് തുണയാലുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക