|    Nov 23 Thu, 2017 1:11 pm
FLASH NEWS

കോളജ് വിദ്യാര്‍ഥികള്‍ക്ക് വിതരണത്തിനായി കൊണ്ടുവന്ന ബ്രൗണ്‍ഷുഗര്‍ പിടികൂടി

Published : 27th October 2016 | Posted By: SMR

വളാഞ്ചേരി: കോളജ് വിദ്യാര്‍ഥികള്‍ക്ക് വിതരണത്തിനായി കൊണ്ടുവന്ന ബ്രൗണ്‍ഷുഗറും സിറിഞ്ചുകളുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ മുര്‍ശിതാബാദ് സ്വദേശികളായ സാക്കിബുള്‍ ഷേഖ് (21), സഹീല്‍ ഷേഖ് (19) എന്നിവരെയാണു കുറ്റിപ്പുറം എക്‌സൈസും എക്‌സൈസ് ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയത്. ജില്ലയിലെ കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ബ്രൗണ്‍ഷുഗറും കഞ്ചാവും വ്യാപകമായി വിതരണം നടക്കുന്നുണ്ടെന്ന മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്ന് പ്രതികളെ ദിവസങ്ങളായി കുറ്റിപ്പുറം എക്‌സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നുമാണു മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്. പ്രതികള്‍ ബ്രൗണ്‍ഷുഗര്‍ കൊണ്ടുവരാനായി നാട്ടിലേക്ക് പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരുടെ വരവിനായി എക്‌സൈസ് സംഘം കാത്തിരിക്കുകയായിരുന്നു. ഇന്നലെ വിദ്യാര്‍ഥികളാണെന്ന വ്യാജേന ഇവരെ സമീപിച്ചെങ്കിലും മുന്‍ പരിചയമില്ലാത്തവരായതിതിനാല്‍ ബ്രൗണ്‍ഷുഗര്‍ ലഭിച്ചില്ല. തുടര്‍ന്ന് പ്രതികളെ രഹസ്യമായി പിന്തുടര്‍ന്ന എക്‌സൈസ് സംഘം വളാഞ്ചേരി കൊട്ടാരം ഭാഗത്ത് ഒരാള്‍ക്ക് വില്‍പന നടത്തുന്നിടെ പിടികൂടുകയായിരുന്നു. 250 ഓളം ചെറു പൊതികളിലായി ശരീരത്തിലും വസ്ത്രങ്ങളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ബ്രൗണ്‍ ഷുഗര്‍. തുടക്കത്തിന്‍ ബ്രൗണ്‍ഷുഗര്‍ സൗജന്യമായി നല്‍കുകയും ക്രമേണ ലഹരിക്ക് അടിമകളാക്കുകയുമാണ് ഇവരുടെ പതിവ്. ആവശ്യക്കാര്‍ക്ക് കുത്തിവച്ചും ബ്രൗണ്‍ഷുഗര്‍ നല്‍കാറുണ്ടെന്നും ഒരു തവണ കുത്തിവയ്ക്കാന്‍ 300 രൂപയാണ് നിരക്ക് എന്നും പ്രതികള്‍ എക്‌സൈസിനോട് പറഞ്ഞു. കുത്തിവയ്ക്കാനുള്ള സിറിഞ്ചുകളും ഇവരില്‍ നിന്നു പിടികൂടിയിട്ടുണ്ട്. വിപണിയില്‍ 1.50 ലക്ഷത്തോളം വിലമതിക്കുന്ന മയക്കു മരുന്നാണ് പിടികൂടിയത്. ജില്ലയിലെ പല കോളജുകളും എക്‌സൈസിന്റെ നിരീക്ഷണത്തിലാണെന്നും മയക്കുമരുന്നു മാഫിയകളുടെ ചെറുകണ്ണികള്‍ മാത്രമാണ് പിടിയിലായവരെന്നും ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ് പറഞ്ഞു.പ്രതികളെ വടകര എന്‍ഡിപിഎസ് കോടതി മുന്‍പാകെ ഹാജരാക്കും. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രനാഥ്, പ്രിവന്റീവ് ഓഫിസര്‍മാരായ അഭിലാഷ് ,രാജേഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ലതീഷ്, ഹംസ, ഷിബു ശങ്കര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക