|    Oct 21 Sun, 2018 1:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോളജ് ഗസ്റ്റ് അധ്യാപകര്‍ സംഘടിത ശക്തിയാവുന്നു

Published : 8th September 2017 | Posted By: fsq

 

നസ്‌റുല്ല  മാമ്പ്രോല്‍

വാണിമേല്‍: കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് കോളജുകളിലെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഗസ്റ്റ് അധ്യാപകര്‍ ഓള്‍ കേരള കോളജ് ഗസ്റ്റ് ലക്ചറേഴ്‌സ് യൂനിയന്‍’എന്ന പേരില്‍ സംഘടന രൂപീകരിക്കുന്നു. കോളജില്‍ ഗസ്റ്റ് അധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും പരിഹാരം നേടുന്നതിനുമാണ് സംഘടന രൂപം കൊണ്ടത്. 2012ല്‍ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴും ഗസ്റ്റ് അധ്യാപകര്‍ക്ക് വേതനം നല്‍കിവരുന്നത്. മണിക്കൂറിന് 500 രൂപ ക്രമത്തില്‍ കുറഞ്ഞത് 50 മണിക്കൂര്‍ ക്ലാസെടുത്താല്‍ മാത്രം പ്രതിമാസം 25,000 രൂപ വേതനമായി ലഭിക്കുന്നതാണ് നിലവിലെ സാഹചര്യം. അമ്പതില്‍ കുറവ് ക്ലാസുകളുള്ള അധ്യാപകന് മണിക്കൂറിനു 500 രൂപ വച്ച് കുറയ്ക്കുമെങ്കിലും അമ്പതില്‍ കൂടുതല്‍ എത്ര മണിക്കൂര്‍ പഠിപ്പിച്ചാലും വേതന വര്‍ധനവില്ല. 2012നു ശേഷം കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ എല്‍പി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള അധ്യാപകരുടെയും മറ്റു വകുപ്പുകളിലെ ദിവസവേതന-കരാര്‍ ജീവനക്കാരുടെയും വേതനം പല പ്രാവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍, കോളജ് ഗസ്റ്റ് അധ്യാപകരെ തഴഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍. ഫലത്തില്‍ ഇന്ന് ഹയര്‍സെക്കന്‍ഡറിയില്‍ ജോലി ചെയ്യുന്ന ഒരു ഗസ്റ്റ് അധ്യാപകനു കിട്ടുന്ന വേതനം പോലും ഉന്നത ബിരുദധാരികളായ കോളേജ് ഗസ്റ്റ് അധ്യാപകര്‍ക്ക് ലഭിക്കുന്നില്ല. കോളജ് അധ്യാപനത്തിന് യുജിസി നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന യോഗ്യതയായ നെറ്റ് നേടിയ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ നെറ്റ് ഇല്ലാത്തവരെ നിയമിക്കുന്നുണ്ട്. മണിക്കൂറിന് 350 രൂപ മാത്രം ലഭിക്കുന്ന ഇവര്‍ സ്ഥിരാധ്യാപകരെപ്പോലെ മുഴുവന്‍ സമയവും കോളജില്‍ ഉണ്ടായിരിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകല്‍പിക്കാനായി  കേരളത്തിലെ പല കോളജുകളില്‍ നിന്നുമുള്ള ഗസ്റ്റ് അധ്യാപകര്‍ നിരവധി അപേക്ഷകളും നിവേദനങ്ങളും നല്‍കി. ഒരു പരിഹാരവും അധികാരികളില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ 2013ല്‍ 279 കോളജുകളില്‍ പുതുതായി അനുവദിച്ച കോഴ്‌സുകളില്‍ നിയമനം നടക്കാത്തതിനാല്‍ എണ്ണൂറോളം ഗസ്റ്റ് അധ്യാപകരാണ് വേതനമില്ലാതെ ജോലി ചെയ്യുന്നത്. നാലു വര്‍ഷമായി സര്‍ക്കാര്‍ ശമ്പളം ലഭിക്കാത്ത ഇവര്‍ക്ക് മാനേജ്‌മെന്റ് നല്‍കുന്ന ശമ്പളം മാത്രമാണ് ആശ്രയം. ശമ്പള കുടിശ്ശിക ലഭിക്കുന്നതിനു വേണ്ടി മനുഷ്യാവകാശ കമ്മീഷന്‍ അടക്കമുള്ള നിയമവേദികളില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് എയ്ഡഡ് കോളജുകളിലെ ഗസ്റ്റ് അധ്യാപകര്‍. തുല്യജോലിക്ക് തുല്യവേതനം അവകാശമാണെന്നും ഗസ്റ്റ് അധ്യാപകരെ സ്ഥിരാധ്യാപകര്‍ക്ക് തുല്യമായ വേതനവ്യവസ്ഥയില്‍ പരിഗണിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഗസ്റ്റ് അധ്യാപക സേവനകാലം  സ്ഥിരനിയമനം ലഭിക്കുമ്പോള്‍ സര്‍വീസ് ആയി പരിഗണിക്കുക, ഗസ്റ്റ് ലക്ചറര്‍’എന്ന പദവിനാമം യുജിസി നിര്‍ദേശിക്കുന്ന അസിസ്റ്റന്റ് പ്രഫസര്‍’എന്നാക്കി മാറ്റുക, നിലവിലുള്ള ഒഴിവുകളില്‍ യോഗ്യരായവരെ ഉടനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും കോളജ് ഗസ്റ്റ് അധ്യാപകര്‍ മുന്നോട്ടുവയ്ക്കുന്നു. ശനിയാഴ്ച മാനാഞ്ചിറയില്‍ സംഘടനയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകൃതമാവും. എല്ലാ ജില്ലകളിലും കമ്മിറ്റി രൂപീകരിച്ച് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുനീങ്ങാനാണ് പദ്ധതിയെന്ന് സംസ്ഥാന സെക്രട്ടറി ദിലീപ് കുമാര്‍ വി എം തേജസിനോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss