|    Feb 21 Wed, 2018 1:10 am
FLASH NEWS

കോളജ് കെട്ടിടത്തിനു മുകളില്‍ കയറി വിദ്യാര്‍ഥികളുടെ സമരം

Published : 10th January 2017 | Posted By: fsq

 

കോട്ടയം: ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരം സംബന്ധിച്ച് തീരുമാനമാവാത്തതോടെ ഭാവിതുലാസിലായ സ്‌കൂള്‍ ഒഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ (എസ്എംഇ) വിദ്യാര്‍ഥികള്‍ തലപ്പാടിയിലെ കോളജ് കെട്ടിടത്തിനു മുകളില്‍ കയറി സമരം ചെയ്തു. പെണ്‍കുട്ടികളടങ്ങിയ നൂറോളം പേര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നാലു മണിക്കൂറിനു ശേഷം സമരം അവസാനിപ്പിച്ചത്. ആരോഗ്യ മന്ത്രിയുമായി ബന്ധപ്പെട്ട തിരുവഞ്ചൂര്‍, പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി വിദ്യാര്‍ത്ഥികളെ അറിയിച്ചു. എംജി സര്‍വകലാശാല നേരിട്ടു നടത്തുന്ന എസ്എംഇ സ്ഥാപനങ്ങളെ ആരോഗ്യ സര്‍വകലാശാല അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ഒരാഴ്ചയിലേറെയായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ഇന്നലെ 3.30ഓടെയാണു നൂറോളം വിദ്യാര്‍ഥികള്‍ മൂന്നു നിലകളുള്ള ബിഫാം ഡിപാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ടെറസില്‍ മുദ്രാവാക്യം വിളികളുമായി ഒത്തുകൂടിയത്. കെട്ടിടത്തിന്റെ പ്രവേശന കവാടം പൂട്ടിയ വിദ്യാര്‍ഥികള്‍ ടെറസിലേയ്ക്കുള്ള വാതിലും പൂട്ടി. വിദ്യാര്‍ഥികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയെന്ന വ്യാജ വാര്‍ത്ത പരന്നതോടെ ആളും ബഹളവുമായി. മെഡിക്കല്‍ കോളജില്‍ പോസ്റ്ററിങ് കഴിഞ്ഞെത്തിയ മറ്റ് വിദ്യാര്‍ഥികള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെട്ടിടത്തിന് താഴെ ബാനറുമായി ഇരുന്നതോടെ പരിസരം മുദ്രാവാക്യം കൊണ്ട് നിറഞ്ഞു. വൈകാതെ പാമ്പാടിയില്‍ നിന്ന് ഒരു യൂനിറ്റ് ഫയര്‍ഫോഴ്‌സും എത്തി. 6.30ഓടെ സ്ഥലത്തെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആദ്യം സ്ഥലം എംഎല്‍എ കൂടിയായ ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഗണേശനുമായും സംസാരിച്ചു. തുടര്‍ന്നാണ് ആരോഗ്യ മന്ത്രി കെ കെ ഷൈലജയുമായി ഫോണില്‍ സംസാരിച്ചത്. തീരുമാനം സ്വാഗതം ചെയ്ത വിദ്യാര്‍ഥികള്‍ 7.30ഓടെ സമരം അവസാനിപ്പിക്കുകയായിരുന്നു. എസ്എംഇയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. എസ്എംഇക്കെതിരെ നീക്കമുണ്ടായാല്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ജനപ്രതിനിധികളും ഉണ്ടാവുമെന്ന്അദ്ദേഹം പറഞ്ഞു. എസ്എംഇ കോളേജുകള്‍ ആരോഗ്യ സര്‍വകലാശാല ഏറ്റെടുക്കുകയോ എംജി സര്‍വകലാശാലയ്ക്ക് കീഴില്‍ തുടര്‍ന്നും കോഴ്‌സ് നടത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുകയോ ചെയ്യണമെന്നതാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥലം എംഎല്‍എ, ആരോഗ്യ സര്‍വകലാശാല, എംജി സര്‍വകലാശാല അധികൃതര്‍, വിദ്യാര്‍ത്ഥി പ്രതിനിധി എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും തിയ്യതി പിന്നീട് അറിയിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss