|    Oct 20 Fri, 2017 9:35 pm
FLASH NEWS

കോളജിലെ അതിക്രമത്തിനെതിരേ വ്യാപക പ്രതിഷേധം

Published : 13th July 2017 | Posted By: fsq

 

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളജില്‍ നടന്ന എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അതിക്രമത്തിനെതിരേ വ്യാപക പ്രതിഷേധം. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. കോളജും ഇതിനോടു ചേര്‍ന്ന പ്രാര്‍ഥനാലയങ്ങളും ടെക്‌നിക്കല്‍ പലിശീനകേന്ദ്രവും തകര്‍ത്തതിനെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി അപലപിച്ചു. സമരക്കാരെ നേരിടുന്നതിനു പകരം അവിടെയുണ്ടായിരുന്ന പോലിസ് അക്രമികളെ സഹായിക്കുകയാണുണ്ടായത്. വിദ്യാര്‍ഥിസമരത്തിന്റെ പേരില്‍ പുറത്തുനിന്ന് എത്തിയവരാണ് കൂടുതല്‍ അക്രമം നടത്തിയത്. ഒരിക്കലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു നേരെ ഉണ്ടാവാന്‍ പാടില്ലാത്തതാണ് അരങ്ങേറിയത്. ന്യൂനപക്ഷ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി പ്രചാരണം നടത്തുന്ന ഇടതുപക്ഷം തന്നെ കേരളം ഭരിക്കുമ്പോള്‍ മതന്യൂനപക്ഷം നടത്തുന്ന ഡോണ്‍ ബോസ്‌കോ കോളജ് ആക്രമിക്കപ്പെട്ടത് വേദനാജനകമാണെന്നും കെ എം മാണി പറഞ്ഞു. കോളജിലേക്ക് നടത്തിയ മാര്‍ച്ചിന്റെ മറവില്‍ ഡോണ്‍ ബോസ്‌കോ സ്ഥാപനത്തിലെ ആരാധനാലയവും ഡോണ്‍ ബോസ്‌കോയുടെ രൂപവും അടിച്ചുതകര്‍ത്തത് അങ്ങേയറ്റം അപലപനീയമാണെന്ന് മാനന്തവാടി രൂപത, സുല്‍ത്താന്‍ ബത്തേരി ഫൊറോനയിലെ വൈദികരുടെ യോഗം കുറ്റപ്പെടുത്തി. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന അക്രമം നടത്തിയത് ഉത്തരവാദപ്പെട്ട വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകരാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഉത്തരേന്ത്യയില്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നതിനെതിരേ പ്രതിഷേധ കൂട്ടായ്മകള്‍ നടത്തുന്ന ദേശീയ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടന ഇത്തരത്തില്‍ അക്രമം അഴിച്ചുവിടുന്നത് അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. ഫൊറോന വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ.കുര്യന്‍ വാഴയില്‍, ഫാ. കുര്യാക്കോസ് പറമ്പില്‍, ഫാ. ജോര്‍ജ് കല്ലട ന്തിയില്‍, ഫാ. ജോര്‍ജ് പടിഞ്ഞാറേല്‍, ഫാ. ജോയി ഉള്ളാട്ടില്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക