|    Feb 21 Wed, 2018 8:30 pm
FLASH NEWS

കോളജിന് നേരെ കല്ലേറ്; വിദ്യാര്‍ഥിക്ക് പരിക്ക്

Published : 17th January 2017 | Posted By: fsq

 

മുക്കം: കളന്‍ തോട് കെഎംസിടി പോളിടെക്‌നിക് കോളജില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ സസ്‌പെന്റു ചെയ്തതിനെതിരേ സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായി. വിദ്യാര്‍ഥികളില്‍ നിന്ന് അമിതമായി പിഴഈടാക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ദിവസം വിവിധ വിദ്യാര്‍ഥി യൂനിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. ഇതിനെതിരേ രാവിലെ തന്നെ പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികള്‍ സമരമാരംഭിച്ചിരുന്നു. സമരക്കാര്‍ പോളിടെക്‌നിക് ഓഫിസിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. പ്രിന്‍സിപ്പലിന്റെ ഓഫിസിന് നേരെയും ആക്രമണമുണ്ടായി. ഈ സമയം ഓഫിസില്‍ പ്രിന്‍സിപ്പല്‍ ഇല്ലായിരുന്നു. അതിനിടെ രാവിലെ 10.45 ഓടെ കെഎസ്‌യു പ്രവര്‍ത്തകര്‍ പോളിടെക്‌നിക്കിലേക്ക് മാര്‍ച്ച് നടത്തി. കൊടുവള്ളി സിഐ ബിശ്വാസിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം മാര്‍ച്ച് തടഞ്ഞു. കോളജിന്റെ ഇരു ഗേറ്റിലും പോലിസ് നിലയുറപ്പിച്ചിരുന്നു. മാര്‍ച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ദുല്‍ഫിക്കിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അസീസ് മാവൂര്‍, ദിഷാല്‍ കറുത്ത പറമ്പ് സംസാരിച്ചു. ഉദ്ഘാടനം കഴിഞ്ഞ ഉടനെ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രധാന ഗേറ്റിനടുത്തേക്ക് മാര്‍ച്ച് നടത്തുകയും തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിദ്യാര്‍ഥികള്‍ കാന്റീന്‍ ഗ്ലാസിന് നേരെ എറിഞ്ഞ കല്ല് വാട്ടര്‍ പൈപ്പിന് കൊണ്ടതോടെ പൈപ്പ് പൊട്ടി. അതിനിടെ വിദ്യാര്‍ഥികള്‍ എറിഞ്ഞ കല്ല് ഒരു പ്രവര്‍ത്തകന്റെ തലക്കേറ്റ് തല പൊട്ടി. ഇതോടെ പോലിസ് ലാത്തി വീശുകയായിരുന്നു. എസ്എഫ്‌ഐ, കെഎസ്‌യു നേതാക്കള്‍ വൈസ് പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തി. ബുധനാഴ്ച പ്രിന്‍സിപ്പലുമായി സംസാരിക്കാന്‍ അവസരം നല്‍കിയതോടെ വിദ്യാര്‍ഥികള്‍ പിരിഞ്ഞു പോവുകയായിരുന്നു. അതേ സമയം അകത്ത് ചര്‍ച്ച നടക്കുമ്പോള്‍ പുറത്ത് കോളജിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത്  വീണ്ടും സംഘര്‍ഷത്തിന് കാരണമായി. സംഘര്‍ഷത്തെ തുടര്‍ന്ന് പോളിടെക്‌നിക് അനിശ്ചിതകാലത്തേക്ക് അടച്ചതായി കോളജധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss