|    Oct 18 Thu, 2018 4:56 am
FLASH NEWS

കോര്‍ ബാങ്കിങിന് പുതിയ സോഫ്റ്റ്‌വെയര്‍ : സഹകരണസംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ അവഗണിച്ചു

Published : 29th September 2017 | Posted By: fsq

 

ടി എസ് നിസാമുദ്ദീന്‍

ഇടുക്കി: പൈലറ്റ് പദ്ധതി എന്ന പേരില്‍ ജില്ലയിലെ സഹകരണ ബാങ്കുകളില്‍ പുതിയ സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്തിയത് സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലറിലെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ. 2017 മെയ് 5ന് 37 നിര്‍ദേശങ്ങള്‍ അടങ്ങിയ 27/2017 നമ്പര്‍ സര്‍ക്കുലര്‍ സഹകരണ സംഘം രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന അഡീഷനല്‍ രജിസ്ട്രാര്‍ (ക്രെഡിറ്റ്) ജോസ് ഫിലിപ്പ് ഇറക്കിയിരുന്നു. ഇതില്‍ സഹകരണ സംഘങ്ങളിലെ ഓഡിറ്റ് കംപ്യൂട്ടര്‍വല്‍കൃത അക്കൗണ്ടുകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച നിബന്ധനകളാണുണ്ടായിരുന്നത്. സര്‍ക്കുലറില്‍ പ്രധാനമായുള്ളത് ഏതെങ്കിലും ഒരു കമ്പനിയുടെ സോഫ്റ്റ് വെയര്‍ വാങ്ങണമെന്ന നിബന്ധനയുണ്ടായിരുന്നില്ല എന്നതാണ്. സര്‍ക്കുലറിലെ 9, 10, 11 നിര്‍ദേശങ്ങള്‍ ഇതു ശരിവയ്ക്കുന്നു. സോഫ്റ്റ് വെയര്‍ സേവനം സംബന്ധിച്ച കൃത്യമായ ഉഭയകക്ഷി എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുണ്ടോ, എങ്കില്‍ ഓഡിറ്റര്‍ പരിശോധിച്ച് ബാങ്കിനു ദോഷകരമായ വ്യവസ്ഥകള്‍ ഉണ്ടെങ്കില്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി സാധ്യമായ തിരുത്തലുകള്‍ നിര്‍ദേശിക്കാം. സോഫ്റ്റ് വെയര്‍ കോസ്റ്റ് മറ്റ് സ്ഥാപനങ്ങളുടേതുമായി താരതമ്യം ചെയ്ത് അക്കാര്യവും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും ഓഡിറ്ററോട് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഇവിടെയാണ് പുതിയ സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്താനുള്ള പൈലറ്റ് പദ്ധതി ഇടുക്കി ജില്ലാ ബാങ്ക് ഹൈജാക്ക് ചെയ്തു എന്ന ആക്ഷേപമുള്ളത്. സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായ സുരക്ഷയും ബാങ്കിന്റെ സുഗമമായ പ്രവര്‍ത്തിനുംവേണ്ട സംവിധാനങ്ങളുമുണ്ടെങ്കില്‍ ആരുടെയ പക്കല്‍ നിന്നു സോഫ്റ്റ് വെയര്‍ വാങ്ങാമെന്നിരിക്കേ ജില്ലയില്‍ അതുണ്ടായില്ല. ആദ്യം തന്നെ കോര്‍ ബാങ്കിങ് നടപ്പാക്കാന്‍ ഒരു സമിതി രൂപീകരിച്ചു. ഈ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും അഴിമതി നടത്തിയെന്ന് ആക്ഷേപം ഉയര്‍ന്ന സംഘത്തിന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവരായിരുന്നു. മൂന്നുപേര്‍ മാത്രമാണ് ഔദ്യോഗികതലത്തില്‍ നിന്നുണ്ടായിരുന്നത്. ഇത് തുടക്കത്തില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ധൃതഗതിയില്‍ സമിതി സോഫ്റ്റ് വെയര്‍ നിര്‍മാണത്തിന് ഇഫ്ത്താസ് എന്ന കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ജില്ലയിലെ എല്ലാ ബാങ്കുകളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിരത്തിയതോടെ സോഫ്റ്റ് വെയറുകള്‍ സംബന്ധിച്ച കാര്യമായ പിടിപാടില്ലാത്ത അധികം സഹകരണ ബാങ്ക് ഭരണസമിതിയും ഇവരുടെ വലയില്‍ വീണു. ചുരുക്കം ചിലര്‍ മാത്രമാണ്് ഇതിനെ എതിര്‍ത്തത്. കാശില്ലെന്നു പറഞ്ഞ ബാങ്കുകള്‍ക്ക് ജില്ലാ ബാങ്ക് പണവും അനുവദിച്ചതോടെ കാര്യങ്ങള്‍ പൂര്‍ണമായും സോഫ്റ്റ് വെയര്‍ നിര്‍മാണ സമതിയുടെ കൈകളിലായി. ഇഫ്ത്താസ് സോഫ്റ്റ് വെയര്‍ നിര്‍മിക്കാന്‍ മറ്റൊരു കമ്പനിയെ ഏല്‍പ്പിച്ചു. അവരുടെ എന്‍ജിനീയര്‍മാര്‍ ചെറുതോണിയിലെത്തി സോഫ്റ്റ് വെയര്‍ നിര്‍മിക്കാന്‍ തുടങ്ങിയെങ്കിലും സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തന രീതി ഉള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്യാന്‍ തയ്യാറായില്ല. അവിടെത്തന്നെ പദ്ധതി ആദ്യഘട്ടത്തില്‍ പാളി. പിന്നീട് സോഫ്റ്റ് വെയറുകള്‍ ഓരോ ബാങ്കുകളിലും ഇന്‍സ്റ്റാള്‍ ചെയ്തു പ്രവര്‍ത്തനം തുടങ്ങി. ആദ്യം ഡാറ്റ മൈഗ്രേഷന്‍ ആയിരുന്നു. ഇതിനുമാത്രം ഓരോ സംഘങ്ങളോടും ചോദിച്ചത് ഒരുലക്ഷം രൂപ. ഫിന്‍ ക്രാഫ്റ്റ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ തന്നെ ബാങ്കുകളുടെ അക്കൗണ്ടിങ് വര്‍ക്കുകള്‍ താറുമാറായി. പ്രശ്‌നം കാണുന്ന മുറയ്ക്ക് ഓരോ ബാങ്കുകളും എന്‍ജനീയര്‍മാരെ അറിയിച്ചത് അനുസരിച്ച് അതാതു ബാങ്കുകളില്‍ മാത്രം പരിഹാരം ചെയ്യുകയായിരുന്നു പിന്നീട്. ഇതോടെ ഓരോ ബാങ്കുകള്‍ക്കും ഓരോ അക്കൗണ്ടിങ് രീതിയായി. വെബ് ബേസ്ഡ് സോഫ്റ്റ് വെയര്‍ അല്ലാതിരുന്നതിനാലണ് ഇതുണ്ടായത്. ഇതിനിടെ, പല ബാങ്കുകളുടെയും ഡാറ്റ മാറ്റമടക്കം പലതവണ ടീം വ്യൂവര്‍ വഴി നടന്നുവെന്നും പരാതിയുണ്ട്. വെബ് ബേസ്ഡ് അല്ലാത്ത സോഫ്റ്റ് വെയര്‍ വന്‍വിലയ്ക്ക് എന്തിനാണ് സഹകരണ ബാങ്കുകളെ അടിച്ചേല്‍പ്പിച്ചു എന്നതാണ് ചോദ്യം. ഇവിടെയാണ് കോടികള്‍ മറിയുന്ന അനധികൃത ഇടപാടുകള്‍ നടന്നിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss