|    Dec 14 Fri, 2018 8:18 am
FLASH NEWS

കോര്‍പറേഷന്‍ സായംപ്രഭ ഹോമില്‍ ഐആര്‍പിസി കേന്ദ്രത്തിന് അനുമതി

Published : 19th August 2018 | Posted By: kasim kzm

കണ്ണൂര്‍: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെ വയോജനങ്ങളെയും മറ്റു ദുര്‍ബല വിഭാഗങ്ങളെയും സഹായിക്കുന്നതിന് കണ്ണൂര്‍ കോര്‍പറേഷനു കീഴിലെ താളിക്കാവിലെ പുനരധിവാസ കേന്ദ്രമായ സായംപ്രഭ ഹോമില്‍ സിപിഎമ്മിന്റെ ജീവകാരുണ്യ സംഘടനയായ ഐആര്‍പിസിയുടെ സഹായകേന്ദ്രം ആരംഭിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത വിഷയമാണ് കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി അവതരിപ്പിച്ചത്. ഇതിനെ പ്രതിപക്ഷത്തെ യുഡിഎഫ് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശിച്ചു. ഇതോടെ യോഗം ബഹളമായി. ക്ഷേമകാര്യ സ്റ്റാന്റിങ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച കാര്യങ്ങളാണ് കൗണ്‍സിലില്‍ അജണ്ടയായി വന്നതെന്നും തെറ്റായ പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്നുമായിരുന്നു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്റെ വിശദീകരണം.
എന്നാല്‍, ഐആര്‍പിസിയുടെ പ്രവര്‍ത്തനത്തിന് ആരും എതിരല്ലെന്നും പ്രതിവര്‍ഷം 100 രൂപ ലൈസന്‍സ് ഫീസ് ഈടാക്കി മൂന്നുവര്‍ഷത്തേക്ക് മുറി അനുവദിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി. ഇത്തരത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന മറ്റു സംഘടനകളുമുണ്ട്. അവര്‍ക്കും ഇളവ് നല്‍കേണ്ടിവരും ഇവര്‍ ചൂണ്ടി—ക്കാട്ടി. സായംപ്രഭ ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകാത്ത തരത്തിലാണ് ഐആര്‍പിസിയുടെ പ്രവര്‍ത്തനമെന്ന് സിപിഎമ്മിലെ ടി രവീന്ദ്രന്‍ പറഞ്ഞു.
ഇതില്‍ രാഷ്ട്രീയമില്ല. ജനങ്ങള്‍ക്കാകെ സഹായം നല്‍കുന്ന വിധത്തില്‍ ഐആര്‍പിസി പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനാണ് കോര്‍പറേഷന്‍ സൗകര്യം നല്‍കുന്നത്. ഇതിനായി എല്ലാവരും യോജിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ ന്യായീകരണം അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. വിയോജിപ്പ് നിലനില്‍ക്കെ അജണ്ട പാസാക്കിയതായി മേയര്‍ ഇ പി ലത പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെ അലംഭാവം യോഗത്തില്‍ വീണ്ടും ചര്‍ച്ച വിഷയമായി.
പുഴാതി സോണലിലെ ഓവര്‍സിയര്‍ രാധാകൃഷ്ണനെതിരേയാണ് പരാതി ഉയര്‍ന്നത്. ജോലിക്ക് കൃത്യമായി എത്തുന്നില്ലെന്നും ഇയാളുടെ സേവനം കണ്ണൂരില്‍നിന്ന് മാറ്റണമെന്നും കൗണ്‍സിലര്‍ സി രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
ഇത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥര്‍ ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന രീതിയിലുള്ള പരാതികള്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ചു. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് മേയര്‍ നിര്‍ദേശം നല്‍കി.
കോര്‍പറേഷനില്‍നിന്ന് നല്‍കിവരുന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. തെരുവുവിളക്കുകള്‍ തെളിയിക്കാനും കത്താത്തവ അറ്റകുറ്റപ്പണി നടത്താനും നിര്‍ദേശം നല്‍കി. യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി ഒ മോഹനന്‍, പി ഇന്ദിര, സി സമീര്‍, എറമുള്ളാന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss