|    Dec 16 Sun, 2018 7:16 am
FLASH NEWS

കോര്‍പറേഷന്‍ വൈദ്യുതിവിഭാഗം ഉപഭോക്താക്കളെ കബളിപ്പിക്കുന്നു

Published : 27th December 2017 | Posted By: kasim kzm

തൃശൂര്‍: കോര്‍പ്പറേഷന്‍ വൈദ്യുതിവിഭാഗം വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് ഉപഭോക്താക്കളെ വ്യാപകമായി കബളിപ്പിക്കുന്നതായി ആക്ഷേപം. ഇതിനെതിരേ വിജിലന്‍സ് അന്വേഷണം വേണമെന്ന് ഭൂരിഭാഗം കൗണ്‍സില്‍ അംഗങ്ങളും ആവശ്യപ്പെടുമ്പോഴും അന്വേഷണം ആവശ്യമില്ലെന്നാണ് ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും വാദം.
കല്ല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമയില്‍ നിന്നും  വൈദ്യുതി വിഭാഗത്തിന്റെ ചെലവില്‍ നല്‍കേണ്ട വൈദ്യുതി കണക്ഷന് 20 ലക്ഷം രൂപ അടപ്പിച്ചതായും വിവരമുണ്ട്്്.പുറമെ  സ്വന്തം ചെലവില്‍ പണി നടത്തേണ്ടിയും വന്നു. വടക്കേ സ്റ്റാന്റിനടുത്തുള്ള കല്ല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് കേബിള്‍ ഇട്ട് കണക്ഷന്‍ നല്‍കുന്നതിലാണ് കൊള്ള. കല്ല്യാണ്‍ മാളിന്നാവശ്യം 696.07 കിലോ വാട്ടും ലിഫ്റ്റിനായി 22.5 കിലോ വാട്ടും വൈദ്യുതിയായിരുന്നു. സപ്ലെ കോഡ് അനുസരിച്ച് 1000 കിലോ വാട്ട് വരെ വൈദ്യുതി മാളിന് മുന്നിലെത്തിച്ചുകൊടുക്കേണ്ടത് ലൈസന്‍സിയെന്ന നിലയില്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന്റെ ബാധ്യതയണ്്് മാളിലേക്കുള്ള സര്‍വീസ് കണക്ഷന്റെ ചെലവ് മാത്രമേ ഉപഭോക്താവ് എന്ന നിലയില്‍ നിയമാനുസൃതം കല്ല്യാണ്‍ ഉടമക്കുണ്ടായിരുന്നുള്ളൂ. ആ സ്ഥാനത്ത് ഉടമയെ കൊണ്ട് അടപ്പിച്ചത് മേയര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ നല്‍കിയ കുറിപ്പ് അനുസരിച്ച് 19,22,788 രൂപയാണ്. പുറമെ 44,985 രൂപ സൂപ്പര്‍ വിഷന്‍ ചാര്‍ജും അടപ്പിച്ചു. കൗസ്തുഭത്തിന് മുന്നിലുള്ള ട്രാന്‍സ്‌ഫോര്‍മറില്‍നിന്നും ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് കേബിള്‍ ഇടുന്നതിന് കേബിളിന്റെ വിലയും റോഡ് കട്ട് ചെയ്യുന്നതിനും പൂര്‍വ്വസ്ഥിതിയിലാക്കേണ്ടതിനുമുള്ള ചെലവുകളും ഉള്‍പ്പെടെയാണീ തുക. നിയമമനുസരിച്ച് വൈദ്യുതി വിഭാഗം വഹിക്കേണ്ടതാണീ ചെലവ്. മാത്രമല്ല വൈദ്യുതി വിഭാഗം പണി നടത്തുന്നതിന് സമയമെടുക്കുമെന്നതിനാല്‍ ആ പേരില്‍ ഉടമയെകൊണ്ട് നേരിട്ട് കേബിള്‍ വാങ്ങി സ്ഥാപിപ്പിക്കുകയും ചെയ്തു.
കണക്ഷന്‍ നല്‍കിയതിനെ ചൊല്ലി ഉയര്‍ന്ന അഴിമതി ആരോപണത്തിലാണ് കോര്‍പ്പറേഷനില്‍ നിയമവിരുദ്ധമായി നടന്നുവരുന്ന ഉപഭോക്തൃ ചൂഷണവും കൊള്ളയും അഴിമതിയും പുറത്തുവന്നത്. നേരത്തെ പാട്ടുരായ്ക്കല്‍ സബ്‌സ്റ്റേഷനില്‍നിന്നും നേരിട്ട് കേബിള്‍ ഇട്ട് കണക്ഷന്‍ നല്‍കാനായിരുന്നു തീരുമാനം. റോഡ് കട്ട് ചെയ്യാന്‍ പിഡബ്ല്യുഡി അനുമതി നിഷേധിിച്ചതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിന്റെ ഇടപെടലില്‍ കൗസ്തുഭം ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും കണക്ഷന്‍ നല്‍കിയത്. ഏറെ ദൂരെയുള്ള സബ്‌സ്റ്റേഷനില്‍നിന്നും കണക്ഷന്‍  നല്‍കാന്‍ ആദ്യം 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയെന്നും പിന്നീട് കൗസ്തുഭത്തില്‍നിന്നും നല്‍കാന്‍ 28 ലക്ഷമായി കുറച്ചു നല്‍കിയെന്നും ഉടമ സ്വന്തം ചിലവില്‍ 18 ലക്ഷം രൂപക്ക് കേബിളിട്ടുവെന്നുമായിരുന്നു പ്രതിപക്ഷം കൗണ്‍സിലിലുന്നയിച്ച ആരോപണം. എന്നാല്‍ ബന്ധപ്പെട്ട ഫയലിലൊന്നും 45 ലക്ഷത്തിന്റേയും 28 ലക്ഷത്തിന്റേയും എസ്റ്റിമേറ്റില്ല. ആ നിലയില്‍ ആരോപണം തന്നെ അടിസ്ഥാന രഹിതമെന്നായിരുന്നു ഭരണപക്ഷവാദം. വിജിലന്‍സ് അന്വേഷണാവശ്യവും ഭരണപക്ഷം തള്ളുകയായിരുന്നു. അതേസമയം വന്‍ ക്രമക്കേടും ഉപഭോക്തൃ ചൂഷണവുമാണ് വൈദ്യുതിവിഭാഗം നടത്തിയതെന്നും ഫയല്‍ പഠിച്ച വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. സബ്‌സ്റ്റേഷനില്‍നിന്നും കണക്ഷന്‍  നല്‍കാനായിരുന്നു ആദ്യ തീരുമാനമെന്ന് മേയര്‍ കുറിപ്പില്‍ പറയുന്നുണ്ട്. ഏതെങ്കിലും ഫീഡറില്‍ നിന്നല്ലാതെ സബ് സ്റ്റേഷനില്‍ നിന്നും നേരിട്ട് കണക്ഷന്‍  നല്‍കാറില്ല. ഇതിനായി ബിനി, അരണാട്ടുകര ഫീഡറുകളാണ് പരിഗണിച്ചതെന്ന് ഫയലില്‍ പറയുന്നുണ്ട്.
ലോഡില്ലാത്തതിനാല്‍ ബിനി സാധ്യത ആദ്യമേ തള്ളിയിരുന്നു. വളരെ അടുത്തുള്ള കൗസ്തുഭം ട്രാന്‍സ്‌ഫോമറില്‍നിന്നും കണക്ഷന്‍ നല്‍കണമെന്നിരിക്കെ ഇരട്ടി ദൂരത്തുള്ള സബ്‌സ്റ്റേഷനില്‍നിന്നും കണക്ഷന്‍  നല്‍കാന്‍ ഉദ്യോഗസ്ഥതല തീരുമാനമുണ്ടായത് തന്നെ സപ്ലൈ കോഡ് അനുസരിച്ച് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നിയമവിരുദ്ധമായി എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ച് കക്ഷികളെ വരുത്തികൊത്തിക്കുന്ന അഴിമതിയാണിതിന് പിന്നിലെന്നായിരുന്നു കൗ ണ്‍സിലില്‍ പ്രതിപക്ഷ ആരോപണം. മൂന്ന് മാസത്തിനകം കണക്ഷന്‍  നല്‍കണമെന്നാണ് ചട്ടം അനുശാസിക്കുന്നതെങ്കിലും അപേക്ഷ നല്‍കി മൂന്നുംനാലുംവര്‍ഷം വരെ കണക്ഷന്‍  നല്‍കല്‍ നീട്ടികൊണ്ടുപോകുന്ന കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗം ഒരാഴ്ചകൊണ്ടായിരുന്നുഇവിടെ കണക്ഷന്‍  നല്‍കിയത്. കണക്ഷന്‍  നല്‍കുന്നതില്‍ മനപൂര്‍വം കാലതാമസം വരുത്തി അഴിമതി നടത്തുന്നുവെന്ന് ഭരണപക്ഷത്തെ മിക്കകൗണ്‍സിലര്‍മാരും ഉദാഹരണങ്ങള്‍ സഹിതം ഉന്നയിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടെങ്കിലും വിജിലന്‍സ് അന്വേഷണമേ വേണ്ടെന്നായിരുന്നു ഒടുവില്‍ തീരുമാനം.
പ്രതിപക്ഷവും ഇതിനോട് യോജിച്ചതിനെതിരായി കോണ്‍ഗ്രസിലെ 13 വനിതാ അംഗങ്ങള്‍ വിജിലന്‍സ് അന്വേഷണം ആവശ്യപെട്ട് മേയര്‍ക്കും സെക്രട്ടറിക്കും കത്തു നല്‍കിയിട്ടുണ്ട്. പഴയ മുനിസിപ്പല്‍ പ്രദേശത്തെ നൂറ് കണക്കിന് ഉപഭോക്താക്കള്‍ സമാനമായി കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെങ്കിലും തിരുത്താന്‍ കൗണ്‍സില്‍ തയ്യാറായിട്ടില്ല. എംജിറോഡിലെ ബ്രഹ്മസ്വം മഠം കെട്ടിടത്തിലേക്ക് കേബിളിട്ട് കണക്ഷന്‍  ലഭിക്കാന്‍ 15 ലക്ഷം കൊള്ളയടിക്കാനുള്ള വൈദ്യുതി വിഭാഗം നോട്ടീസ് ബ്രഹ്മസ്വം മഠം ചോദ്യം ചെയ്തതിനാല്‍ വൈദ്യുതി വിഭാഗം എന്‍ജിനീയര്‍ തന്നെ കഴിഞ്ഞ ദിവസം അത്്  റദ്ദാക്കിയിരുന്നു. കൗണ്‍സില്‍ അറിയാതെ ഇലക്ട്രിസിറ്റി ബോര്‍ഡിലേതിനേക്കാള്‍ 10 ശതമാനം അധികനിരക്ക് സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കി മുനിസിപ്പല്‍ പ്രദേശത്തെ മാത്രം ഉപഭോക്താക്കളെ കൊള്ളയടിക്കുന്നുവെന്ന ആരോപണത്തിലും അന്വേഷണത്തിനും നടപടിക്കും ഭരണ പ്രതിപക്ഷാംഗങ്ങള്‍ തയ്യാറായിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss