|    Mar 21 Wed, 2018 12:57 pm

കോര്‍പറേഷന്‍ യോഗത്തില്‍ ബഹളവും ഇറങ്ങിപ്പോക്കും

Published : 30th July 2016 | Posted By: SMR

കണ്ണൂര്‍: മേയര്‍ സ്ഥാനത്തിനു പുറമെ ഡെപ്യൂട്ടി മേയര്‍ പദവി കൂടി എല്‍ഡിഎഫ് അരക്കിട്ടുറപ്പിച്ചതോട കോര്‍പറേഷന്‍ യോഗത്തില്‍ വീണ്ടും പ്രതിപക്ഷ ബഹളം. യോഗത്തില്‍ അജണ്ടക ള്‍ തുടങ്ങിയപ്പോള്‍ തന്നെ ഡെപ്യൂട്ടി മേയര്‍ പദവി നഷ്ടപ്പെട്ട ലീഗിലെ സി സമീറാണ് എഴുന്നേറ്റു നിന്നത്. താന്‍ ഏത് ഉപസമിതിയില്‍ ഉള്‍പ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതോടെ തന്നെ ബഹളങ്ങള്‍ക്കും തുടക്കമായി.
ഇതിനു ശേഷമാണ് കോണ്‍ഗ്രസ്സിലെ ടി ഒ മോഹനന്‍ കോര്‍പറഷനിലെ ധനകാര്യ വിഭാഗം ജീവനക്കാരനെതിരേ അഴിമതി ആരോപണം ഉന്നയിച്ചത്. 50,000 രൂപയുടെ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെതിരേ കോര്‍പറേഷന്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ടി ഒ മോഹനന്‍ ആരോപിച്ചു. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്നു പുതിയതായി ചുമതലയെടുത്ത കോര്‍പറേഷന്‍ സെക്രട്ടറി കെ പി വിനയന്‍ മറുപടി നല്‍കി.
ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ അവധിയിലാണ്. സംസ്ഥാന സര്‍ക്കാറിനും തദ്ദേശ വകുപ്പ് ഡയറക്ടറേറ്റിനും വിവരം കൈമാറിയിട്ടുണ്ട്. സൂപ്രണ്ട് വിഷയം അന്വേഷിക്കുന്നുണ്ട്. റിപോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു. ഇതിനു ശേഷമാണ് മാസ്റ്റര്‍ പ്ലാനിനെ ചൊല്ലി വാക്കേറ്റമുണ്ടായത്.
ഒന്നാം വാര്‍ഡിലെ വീട്ടുടമ വീടിന്റെ രണ്ടാം നില കൂട്ടിയെടുക്കാന്‍ നല്‍കിയ അപേക്ഷയിന്‍മേല്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഹസാര്‍ഡ് സോണിലായതിനാല്‍ അപേക്ഷ തള്ളുന്നതായി കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്കേറ്റം രൂക്ഷമായി. കഴിഞ്ഞ നഗരസഭയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതെന്നു എല്‍ഡിഎഫ് അംഗങ്ങളും നടപടി ജനങ്ങളെ ബാധിക്കുന്നതിനാല്‍ പുനപരിശോധിക്കണമെന്നു യുഡിഎഫ് അംഗങ്ങളും വാദിച്ചു. വാക്കേറ്റം കൈയാങ്കളിയിലേക്ക് എത്തുമെന്നതായതോടെ പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ ഗസ്റ്റ് ഹൗസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ ആന്റ് ചൈല്‍ഡ് ആശുപത്രിയുടെ ലൈസന്‍സ് കാലാവധി 2014ല്‍ അവസാനിച്ചിരുന്നു. കോര്‍പറേഷന്‍ നിശ്ചയിച്ച പ്രതിമാസ വാടക അടയ്ക്കുന്നതില്‍ ഇളവ് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ വന്‍ ഇളവാണ് ഇപ്പോള്‍ നല്‍കുന്നതെന്നു അംഗങ്ങള്‍ ചൂണ്ടിക്കാട്ടുകയും നടപടി പുനപ്പരിശോധിക്കണമെന്ന് യോഗം ഐക്യകണ്‌ഠ്യേന തീരുമാനിക്കുകയും ചെയ്തു.
ഇക്കാര്യം അറിയിച്ച് ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കാനും നിര്‍ദേശമുയര്‍ന്നു. താഴെചൊവ്വയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
താഴെചൊവ്വയില്‍ ദേശീയപാതയെയും സംസ്ഥാന പാതയെയും ബന്ധിപ്പിച്ച് ക്രോസ് റോഡ് നിര്‍മിക്കാനാണു തീരുമാനം. ഇക്കാര്യം വിശദമായി പഠിക്കാന്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തി. മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss