|    Nov 21 Wed, 2018 5:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കോര്‍പറേഷന്‍/ മുനിസിപ്പാലിറ്റി ഓഫിസുകളില്‍ മിന്നല്‍പ്പരിശോധന

Published : 4th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി കോര്‍പറേഷന്‍/മുനിസിപ്പാലിറ്റി ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. എന്‍ജിനീയറിങ് വിഭാഗത്തില്‍ കെട്ടിടനിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നതിലും മറ്റും വ്യാപക അഴിമതികള്‍ നടക്കുന്നതായി വിജിലന്‍സ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസിനു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കെട്ടിടനിര്‍മാണ പെര്‍മിറ്റിനായി ലഭിക്കുന്ന അപേക്ഷകളില്‍ കൈക്കൂലിക്ക് വേണ്ടി മനപ്പൂര്‍വം കാലതാമസം വരുത്തുന്നതായും നിലവിലെ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. സേവനാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം കെട്ടിടനിര്‍മാണത്തിനുള്ള അനുമതി നല്‍കേണ്ടതും നിര്‍മാണം പൂര്‍ത്തീകരിച്ച് അപേക്ഷ നല്‍കി 15 ദിവസത്തിനകം കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നുമാണ് ചട്ടം. എന്നാല്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞിട്ടും കെട്ടിടനിര്‍മാണ അനുമതി നല്‍കാത്ത 2900ല്‍ പരം അപേക്ഷകളും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത 1200ല്‍പരം അപേക്ഷകളും കണ്ടെത്തി. തിരുവനന്തപുരം കോര്‍പറേഷനില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം പോലും ലഭ്യമല്ല.
സെറ്റ് ബാക്ക്, പാര്‍ക്കിങ് ഏരിയ, ടോയ്‌ലറ്റുകള്‍ തുടങ്ങിയവയ്ക്ക് കെട്ടിടനിര്‍മാണ ചട്ടമനുസരിച്ചല്ല അനുമതി നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തി.
കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പല കെട്ടിടങ്ങളും അനുമതി നല്‍കിയ പ്രകാരമല്ല നിര്‍മിച്ചിരിക്കുന്നതെന്നും കണ്ടെത്തി. കൊച്ചി കോര്‍പറേഷനിലെ പള്ളുരുത്തി സോണല്‍ ഓഫിസിലും നിലമ്പൂര്‍, കല്‍പറ്റ, പത്തനംതിട്ട, കൊടുവള്ളി, കാഞ്ഞങ്ങാട്, കരുനാഗപ്പള്ളി തുടങ്ങിയ മുനിസിപ്പാലിറ്റികളിലും ചട്ടലംഘനം കണ്ടെത്തി.
ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ വാണിജ്യ സമുച്ചയത്തിനും കാസര്‍കോട് പഴയ പ്രസ്‌ക്ലബ് കെട്ടിടത്തിന് സമീപമുള്ള വാണിജ്യ സമുച്ചയത്തിനും പണിപൂര്‍ത്തിയാവുന്നതിനു മുമ്പ് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. പാലക്കാട് പട്ടാമ്പി മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ 350 ചതുരശ്ര അടി അനുമതി വാങ്ങി 2000 ചതുരശ്ര അടി കെട്ടിടം നിര്‍മിച്ച് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതായി 2017ല്‍ കണ്ടെത്തിയെങ്കിലും അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
ഒട്ടുമിക്ക കോര്‍പറേഷന്‍/മുനിസിപ്പാലിറ്റി ഓഫിസുകളിലും ബില്‍ഡിങ് പെര്‍മിറ്റ് അപേക്ഷ രജിസ്റ്റര്‍, ബില്‍ഡിങ് പെര്‍മിറ്റ് ഇഷ്യൂ രജിസ്റ്റര്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍, മൂവ്‌മെന്റ് രജിസ്റ്റര്‍, പേര്‍സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ തുടങ്ങിയവ ഇല്ലായെന്നും കണ്ടെത്തി. തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും അപേക്ഷ ലഭിച്ച് ഒന്നര വര്‍ഷമായിട്ടും കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് നടപടികള്‍ സ്വീകരിക്കാത്ത നിരവധി അപേക്ഷകളും പാലാ മുനിസിപ്പാലിറ്റിയില്‍ നിന്നും കെട്ടിടനിര്‍മാണത്തിനായി അപേക്ഷ നല്‍കി ആറ് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത നിരവധി അപേക്ഷകളും കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ നിന്നും 2016ല്‍ കെട്ടിടനിര്‍മാണ അനുമതിക്കായി നല്‍കിയ നടപടി സ്വീകരിക്കാത്ത ലീല എന്ന സ്ത്രീയുടെ അപേക്ഷയും വിജിലന്‍സ് കണ്ടെത്തി.
49 മുനിസിപ്പാലിറ്റിയിലും 5 കോര്‍പറേഷനിലും ഇന്നലെ രാവിലെ 11ന് ആരംഭിച്ച മിന്നല്‍പ്പരിശോധന പല സ്ഥലങ്ങളിലും വൈകിയാണ് അവസാനിച്ചത്. പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളെപ്പറ്റി വിശദമായ റിപോര്‍ട്ട് തയ്യാറാക്കി മേല്‍നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസിന്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss