|    Jul 17 Tue, 2018 5:48 am
FLASH NEWS

കോര്‍പറേഷന്‍ പിറവിക്ക് നാളെ ഒരാണ്ട്; കണ്ണൂരില്‍ ഒന്നും ശരിയായില്ല

Published : 31st October 2016 | Posted By: SMR

കണ്ണൂര്‍: ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവില്‍ കണ്ണൂര്‍ കോര്‍പറേഷനായിട്ട് നാളെ ഒരാണ്ട് പൂര്‍ത്തിയാവുന്നു. നഗരസഭയില്‍ നിന്നു മാറി കോര്‍പറേഷനായി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ജില്ലാ ആസ്ഥാനത്തിനു പറയാന്‍ ഏറെ വികസനമൊന്നുമില്ല. രൂപീകരണം മുതല്‍ യുഡിഎഫ് പക്ഷത്തായിരുന്ന കണ്ണൂര്‍ നഗരസഭ കോര്‍പറേഷനായ പ്രഥമ തിരഞ്ഞെടുപ്പില്‍ തന്നെ വിമതപിന്തുണയില്‍ ഇടതുപക്ഷം ഭരണം പിടിച്ചെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്താനായിട്ടില്ല. ആറുമാസത്തോളം സംസ്ഥാന ഭരണം യുഡിഎഫിന്റെ കൈയിലായതിനാല്‍, കോര്‍പറേഷനു പ്രാഥമികമായി ലഭിക്കേണ്ട അഞ്ചു കോടി രൂപ അനുവദിച്ചില്ലെന്നാരോപിച്ച് ഭരണപക്ഷം സര്‍ക്കാരിനെതിരേ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍, കഴിഞ്ഞ മാസം മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ സമഗ്ര വികസന പദ്ധതി അവതരിപ്പിച്ചെങ്കിലും പ്രായോഗിക തലത്തിലെത്തിയിട്ടില്ല. നഗരസഭയുടെ അവസാന ബജറ്റിലെ പദ്ധതികള്‍ പോലും പൂര്‍ത്തിയായിട്ടില്ലെന്നതു വികസനത്തിലെ ഇരുമുന്നണികളുടെയും മെല്ലെപ്പോക്ക് തുറന്നുകാട്ടുന്നതാണ്.  ജനസംഖ്യാ വര്‍ധനവും വികസനമുരടിപ്പും കാരണം ജനങ്ങള്‍ ഉയര്‍ത്തിയ നിരന്തര മുറവിളിക്കൊടുവിലാണ് കണ്ണൂര്‍ നഗരസഭയെ 2015 നവംബര്‍ ഒന്നിനു കോര്‍പറേഷനാക്കി ഉയര്‍ത്തിയത്. ഇതോടെ 11 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന കണ്ണൂര്‍ നഗരസഭ 78 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലേക്ക് ഉയര്‍ന്നു. നഗരസഭയ്‌ക്കൊപ്പം പള്ളിക്കുന്ന്, പുഴാതി, എളയാവൂര്‍, എടക്കാട്, ചേലോറ പഞ്ചായത്തുകളും കോര്‍പറേഷന്റെ ഭാഗമായി. നഗരസഭയിലെ ജനസംഖ്യ 54,000 ആയിരുന്നത് കോര്‍പറേഷനായപ്പോള്‍ 2,33,000 ആയി ഉയര്‍ന്നു. 55 ഡിവിഷനുകളാണുള്ളത്. ഇത്തരത്തില്‍ സാങ്കേതികാര്‍ഥത്തില്‍ കോര്‍പറേഷനായി ഉയര്‍ന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. റോഡ് വികസനം, മാലിന്യ നിര്‍മാര്‍ജനം, മാലിന്യ സംസ്‌കരണ പ്ലാന്റ്, ശുചീകരണം, ശുദ്ധജല വിതരണം തുടങ്ങിയ വിഷയങ്ങളില്‍ യാതൊരുവിധ പുരോഗതിയുമില്ല. ശുചീകരണ തൊഴിലാളികളുടെ എണ്ണത്തില്‍ പോലും വര്‍ധനവ് വരുത്താത്തതിനാല്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും മാലിന്യനീക്കം കാര്യക്ഷമമല്ല. പ്രധാന തസ്തികകളിലേക്കുള്ള നിയമനം നടക്കാത്തതും തിരിച്ചടിയാണ്.  മെഡിക്കല്‍ ഓഫിസറില്ലാത്തതിനാല്‍ ആരോഗ്യ-പ്രതിരോധ മേഖലയില്‍ പ്രതിസന്ധി നിഴലിക്കുന്നുണ്ട്. ഹെല്‍ത്ത് സൂപര്‍വൈസര്‍, ചീഫ് എന്‍ജിനീയര്‍ എന്നിവരുടെ തസ്തികയും കാലങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. കോര്‍പറേഷന്‍ സെക്രട്ടറിയായി ഐഎഎസുകാരനെ നിയമിക്കാന്‍ നിയമം ഉണ്ടായിട്ടും നടന്നിട്ടില്ല. കണ്ണൂര്‍ പോലൊരു വളരുന്ന പട്ടണത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികള്‍ക്ക് രൂപം കൊടുക്കാനും അധികൃതര്‍ക്കായിട്ടില്ല. പ്രഥമ പരിഗണന നല്‍കേണ്ട വിഷയം കോര്‍പറേഷന്‍ ആസ്ഥാനം തന്നെയാണ്. 2015ലെ നഗരസഭയുടെ ബജറ്റില്‍ തന്നെ പുതിയ ആസ്ഥാനത്തിനു വേണ്ടി തുക വകയിരുത്തിയിരുന്നു. ഇതിനു ശേഷമാണ് കോര്‍പറേഷന്‍ രൂപീകരിച്ചത്. പുതിയ ആസ്ഥാനം പണിയാന്‍ 30 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത്. ഇതിനുപുറമെ അടിസ്ഥാന വികസനത്തിന് 70 കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോഴത്തെ കോര്‍പറേഷന്‍ ആസ്ഥാനം 1969ല്‍ നിര്‍മിച്ചതാണ്. കാലപ്പഴക്കവും അസൗകര്യവും കാരണം ശോച്യാവസ്ഥയിലായ കെട്ടിടം ഉടനടി പുതുക്കേണ്ടതുണ്ട്. എന്നാല്‍ ബഹുനില കെട്ടിടം പണിയാനുള്ള പ്രാഥമിക നടപടികള്‍ പോലും തയ്യാറാവാത്തത് അധികൃതരുടെ അനാസ്ഥ തന്നെയാണ്. വിവിധ വകുപ്പുകളിലായി 150 ഉദ്യോഗസ്ഥരാണു കോര്‍പറേഷനിലുള്ളത്. 160 തൊഴിലാളികളും 160 കണ്ടിജന്റ് ജീവനക്കാരുമുണ്ട്. ഒരു കോര്‍പറേഷനെ സംബന്ധിച്ചിടത്തോളം ഇതു കുറഞ്ഞ എണ്ണമാണ്. പ്രത്യേകിച്ച് വര്‍ഷങ്ങളോളം നഗരസഭയുടെ തലവേദനയായിരുന്ന മാലിന്യപ്രശ്‌നം പുതിയ വിധത്തില്‍ ആവര്‍ത്തിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റര്‍ പ്ലാന്‍ പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല. ഇതിനിടയില്‍ നഗരത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ആധുനികരീതിയിലുള്ള 60  കാമറകള്‍ സ്ഥാപിച്ചതും, സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഗാന്ധിസ്‌ക്വയര്‍ പ്രവൃത്തിയും നടത്തിയിട്ടുണ്ട്. മരയ്ക്കാര്‍ കണ്ടിയിലെ എസ്‌സി, എസ്ടി ഫഌറ്റ് സമുച്ചയം തുറന്നുകൊടുത്തതും നേട്ടമായി കണക്കൂകൂട്ടുകയാണ്. എന്നാല്‍ എസ്‌സി, എസ്ടി ഫഌറ്റില്‍ പലതും ഉപയോഗയോഗ്യമല്ലാതെയാണ് തുറന്നുകൊടുത്തതെന്ന പരാതിയും നിലനില്‍ക്കുകയാണ്. മറ്റൊരു പ്രധാന പദ്ധതിയാണ് കാംബസാറിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ്. യൂഡിഎഫിലെ കോണ്‍ഗ്രസ്-ലീഗ് തര്‍ക്കങ്ങളെ തുടര്‍ന്ന് രണ്ടു തവണ പ്രവൃത്തി ഉദ്ഘാടനം വരെ നടത്തിയ പദ്ധതി ഇപ്പോഴും തുറന്നുകൊടുക്കാനായിട്ടില്ല. നിര്‍മാണം പൂര്‍ത്തീകരിച്ച് ഉടന്‍ തുറന്നുകൊടുക്കുമെന്ന പതിവു പല്ലവി തന്നെയാണ് ഇപ്പോഴും തുടരുന്നത്. ജവഹര്‍ സ്‌റ്റേഡിയം നവീകരണത്തിനു പദ്ധതി തയ്യാറാക്കിയതായി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രാഥമിക പ്രവൃത്തി പോലും തുടങ്ങിയിട്ടില്ല. ഡെപ്യൂട്ടി മേയര്‍ പദവി കൂടി കൈവിട്ടതോടെ പ്രതിപക്ഷം എല്ലാ കൗണ്‍സില്‍ യോഗത്തിലും ശക്തമായ എതിര്‍പ്പുകളുമായാണ് രംഗത്തെത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss