|    Jul 17 Tue, 2018 11:03 pm
FLASH NEWS

കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചട്ടങ്ങളെ ചൊല്ലി വാഗ്വാദം

Published : 27th September 2017 | Posted By: fsq

 

കണ്ണൂര്‍: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചട്ടങ്ങളെയും ചട്ടങ്ങളിലെ ഇളവുകളെയും സംബന്ധിച്ച് ഭരണ-പ്രതിപക്ഷ വാഗ്വാദം. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ മിക്ക അജണ്ടകളിലും ചട്ടങ്ങളും നിയമങ്ങളും കടന്നുവന്നതോടെ പലപ്പോഴും ബഹളത്തില്‍മുങ്ങി. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷമായി നിലച്ചതു സംബന്ധിച്ച കെ പ്രകാശന്റെ ആദ്യ അജണ്ടയില്‍ മേയര്‍ ഇ പി ലതയുടെ മറുപടിക്കു ശേഷം വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി മേയര്‍ വിലക്കി. എസ്‌സി പദ്ധതികള്‍ സംബന്ധിച്ച ചോദ്യത്തിന്‍മേലും തുടര്‍ചര്‍ച്ചകള്‍ വേണ്ടെന്നായിരുന്നു മേയറുടെ നിലപാട്. ഇതിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയതോടെ സെക്രട്ടറി വിശദീകരണം നല്‍കി. തൊഴിലാളികളില്ലാത്തതിനാലാണ് തൊഴിലുറപ്പ് പദ്ധതി നിലച്ചതെന്നും ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ളവ നടന്നുകഴിഞ്ഞെന്നും ആവശ്യമായ കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പഠനാവശ്യത്തിനു എസ്‌സി വിദ്യാര്‍ഥികള്‍ക്കു ലഭിക്കേണ്ട ലാപ്‌ടോപ് ലഭിച്ചില്ലെന്നു ആരോപണമുയര്‍ന്നു. ഇതുസംബന്ധിച്ച് പ്രതിപക്ഷ പ്രതിനിധിയും എസ്‌സി പദ്ധതി ചെയര്‍മാനുമായ ധനേഷ്ബാബു മറുപടി നല്‍കുന്നതിനെയും മേയര്‍ വിലക്കി. ചോദ്യങ്ങളെ ഭയക്കുന്നത് എന്തിനെന്ന ബഹളവുമായി പ്രതിപക്ഷമെത്തിയപ്പോള്‍ ഭരണപക്ഷം മേയര്‍ക്കൊപ്പം നിന്നു. ഇതുസംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ടെന്നു സെക്രട്ടറി മറുപടി നല്‍കിയതോടെ ബഹളം നിലച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് എട്ടാമത് പാര്‍ട്ടിന്റെ ബില്ലിലെ കുടിശ്ശിക ഇനത്തില്‍ കരാറുകാരനു 8.83 ലക്ഷം രൂപ അനുവദിച്ച വിഷയം പ്രതിപക്ഷ വിയോജിപ്പോടെ അംഗീകരിച്ചു. എടക്കാട് സോണലിലെ വീട്ടമ്മയ്ക്കു അനുവദിച്ച സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹധനസഹായം സംബന്ധിച്ച് പരാതി ഉയര്‍ന്നതിനാല്‍ തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിന്‍മേലും ചര്‍ച്ച നടന്നു. അപേക്ഷക പുനര്‍വിവാഹിതയാണ് എന്നതിനാല്‍ തുക തിരിച്ചുപിടിക്കണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശം. എന്നാല്‍, പുനര്‍വിവാഹിതയാണെന്നതിനു രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ നടപടിയെടുക്കാവൂ എന്ന് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. തീരുമാനം പുനപരിശോധിക്കാമെന്നും റിപോര്‍ട്ടിന്‍മേല്‍ അന്വേഷണം നടത്തി തീരുമാനമെടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും അടുത്ത കൗണ്‍സിലില്‍ റിപോര്‍ട്ട് ചെയ്യണമെന്നും തീരുമാനിച്ചു. കോര്‍പറേഷനിലെ 38ാം ഡിവിഷനിലെ തോട്ടട ജെടിഎസ് കുറുവ-തയ്യില്‍ റോഡിനു വേണ്ടി ഒന്നേമുക്കാല്‍ സെന്റ് സ്ഥലവും രണ്ടുനില പഴയ കെട്ടിടവും പൊളിച്ചുനീക്കാന്‍ നല്‍കിയപ്പോള്‍ ബാക്കിയുള്ള സ്ഥലത്ത് കെട്ടിട നിര്‍മാണ ചട്ടത്തില്‍ ഇളവ് നല്‍കി പ്രത്യേക കേസായി പരിഗണിച്ച് അനുമതി നല്‍കണമെന്ന സ്വകാര്യ വ്യക്തികളുടെ അപേക്ഷ സംബന്ധിച്ചും രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇവിടെയും ചട്ടങ്ങളില്‍ ഇളവ് ആവശ്യപ്പെടുന്നത് കോര്‍പറേഷനിലെ മറ്റു ഡിവിഷനുകളിലെ കാര്യങ്ങളിലും തുടരേണ്ടി വരുമെന്നത് വന്‍ ബാധ്യതയാവുമെന്ന് പ്രതിപക്ഷം പറഞ്ഞു. രൂക്ഷമായ വാക്കുതര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നോട്ടോടെ സര്‍ക്കാരിനോട് ഇളവ് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. കക്കാട് ബയോ ഗ്യാസ് പ്ലാന്റിലെ ഓപറേറ്ററുടെ സേവന കാലാവധി ആറുമാസത്തേക്കു കൂടി നീട്ടാന്‍ തീരുമാനിച്ചു. യൂസര്‍ഫീയായി ഒരു വീട്ടില്‍നിന്ന് 200 രൂപ വാങ്ങുന്നത് 300 ആക്കി വര്‍ധിപ്പിക്കണമെന്ന ആവശ്യം അടുത്ത യോഗത്തിലേക്കു മാറ്റണമെന്ന ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിന്റെ ആവശ്യം അംഗീകരിച്ചു. വാര്‍ഡ് തല മാലിന്യനിര്‍മാര്‍ജനം ഊര്‍ജിതമാക്കാന്‍ ഹരിത സേന രൂപീകരിക്കുന്നതു സംബന്ധിച്ച മേയറുടെ പരാമര്‍ശവും ബഹളത്തിനിടയാക്കി. വാര്‍ഡ്തല സമിതികളിലേക്കു കോര്‍പറേഷനിലേക്ക് അപേക്ഷ നല്‍കണമെന്നായിരുന്നു മേയറുടെ ആവശ്യം. എന്നാല്‍ വാര്‍ഡുതലത്തില്‍ മതിയെന്നായിരുന്നു ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ അഭിപ്രായം. ഒടുവില്‍ വാര്‍ഡുതലത്തി ല്‍ മതിയെന്ന ആവശ്യം അംഗീകരിച്ചു. നഗരത്തിലെ കാപിറ്റോള്‍ മാളില്‍ പാര്‍ക്കിങ് ഫീ പിരിക്കാന്‍ അനുമതി വേണമെന്ന അപേക്ഷയില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. കെട്ടിടത്തില്‍ അനധികൃതമായി പാര്‍ക്കിങ് ഫീസ് ഈടാക്കുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്തി കോര്‍പറേഷന്‍ നോട്ടീസ് പതിച്ചിരുന്നു. ഇതു നശിപ്പിച്ചതായും ഇത്തരമൊരു കീഴ്‌വഴക്കം പല കെട്ടിടങ്ങളിലും ആവര്‍ത്തിക്കുമെന്നും പ്രതിപക്ഷത്തെ സി സമീര്‍ പറഞ്ഞു. പ്രതിവര്‍ഷം 15000 രൂപ ഫീസ് നിശ്ചയിച്ച് കാപിറ്റോള്‍ മാളില്‍ വ്യാപാര ആവശ്യത്തിനെത്തുന്നവരില്‍ നിന്നു ഒരു ഫീസും ഈടാക്കരുതെന്നുമുള്ള നിബന്ധനയോടെ ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചു. താളിക്കാവ് ഡിവിഷനില്‍ ടൂറിസം വകുപ്പിനു കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് കോംപൗണ്ടിലെ അങ്കണവാടി കെട്ടിടം അപകടാവസ്ഥയിലാണെന്നും പുതിയ കെട്ടിടം പണിയാന്‍ മൂന്നുസെന്റ് സ്ഥലം കോര്‍പറേഷന് വിട്ടുനല്‍കണമെന്നുമുള്ള പ്രമേയം യോഗം അംഗീകരിച്ചു.  2017 ഒക്്‌ടോബര്‍ ഒന്നുമുതല്‍ മരണം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മരണപ്പെട്ട വ്യക്തിയുടെയും അപേക്ഷകന്റെയും ആധാര്‍ നമ്പര്‍ സംബന്ധിക്കുന്ന പ്രസ്താവന കൂടി സമര്‍പ്പിക്കണമെന്ന് അറിയിച്ചു. കസാനക്കോട്ടയിലെ കോട്ടയില്‍ താഴെപള്ളി റോഡിന്റെ മതില്‍ മഴയില്‍ തകര്‍ന്ന് 5 മീറ്റര്‍ താഴ്ചയില്‍ താഴുകയും റോഡ് ഒലിച്ചുപോയി 12 മീറ്റര്‍ നീളത്തില്‍ ഉപഗോയിക്കാന്‍ കഴിയാത്തതിനാല്‍ അടിയന്തര പ്രവൃത്തിക്കായി 4.20 ലക്ഷം രൂപ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കലക്്ടര്‍ അനുവദിച്ചിരുന്നു. പ്രവൃത്തി എത്രയും വേഗം പൂര്‍ത്തിയാക്കി അന്തിമ ബില്ല് സമര്‍പ്പിക്കാനുള്ള കലക്ടറുടെ ഉത്തരവിന്‍മേല്‍ തുടര്‍നടപടികള്‍ക്കു അംഗീകാരം നല്‍കി.  ചര്‍ച്ചകളില്‍ സി സമീര്‍, എം പി മുഹമ്മദലി, ആര്‍ രഞ്ജിത്ത്, പ്രകാശന്‍, അഡ്വ. ലിഷാ ദീപക്, സുമാബാലകൃഷ്ണന്‍, അഡ്വ. പി ഇന്ദിര, എന്‍ ബാലകൃഷ്ണന്‍, വെള്ളോറ രാജന്‍, കെ പി എ സലീം, ടി കെ അശ്‌റഫ്, സി സീനത്ത്, സി എറമുള്ളാന്‍, എം വി സഹദേവന്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss