|    Jan 18 Wed, 2017 7:10 am
FLASH NEWS

കോര്‍പറേഷന്‍ കൗണ്‍സില്‍: ഐടി ഓഫിസര്‍ നിയമനം; സിപിഎം-സിപിഐ വാക്ക് പോരും ഇറങ്ങിപ്പോക്കും

Published : 30th September 2016 | Posted By: Abbasali tf

കൊല്ലം: കെഎസ്‌യുഡിപിയില്‍ സേവനമനുഷ്ഠിക്കുന്നയാളെ കരാര്‍ അടിസ്ഥാനത്തില്‍ ഐടി ഓഫിസറായി നിയമിക്കാനുള്ള തീരുമാനത്തില്‍ ഭരണ കക്ഷിയിലെ സിപിഎമ്മും സിപി ഐയും തമ്മില്‍ അഭിപ്രായഭിന്നത. വിഷയം ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രത്യേക അജണ്ടയായി വന്നതോടെ ഇരു പക്ഷത്തേയും അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്ക്‌പോരുണ്ടായി. സിപിഎം നിലപാടില്‍ പ്രതിഷേധിച്ച് സിപിഐ അംഗങ്ങള്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങിപോയി. ഒടുവില്‍ ഭൂരിപക്ഷ തീരുമാനപ്രകാരം അജണ്ട പാസ്സായതായി മേയര്‍ പ്രഖ്യാപിച്ചു. എല്‍ഡിഎഫില്‍ നിലവിലുള്ള 35 അംഗങ്ങളില്‍ 24 അംഗങ്ങള്‍ മാത്രമാണ് 55 അംഗ കൗണ്‍സിലില്‍ അജണ്ടയെ അനുകൂലിച്ചത്. നഗരസഭയില്‍ ഐടി ഓഫിസറുടെ തസ്തിക സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. തിരുവനന്തപുരം നഗരസഭയിലെ കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യുഡിപിയില്‍ സേവനം അനുഷ്ഠിക്കുന്ന ജെ ജയരാജിനെ ഐടി ഓഫീിസറായി നിയമിക്കാനുള്ള കുറിപ്പ് അജണ്ടയില്‍ ഉള്‍ക്കൊള്ളിച്ചത്. സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് മേയര്‍ നല്‍കിയ കത്താണ് കൗണ്‍സിലിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. ഈ വിഷയം എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ തന്നെ സിപിഐ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതാണ്. ഇതേ തുടര്‍ന്ന് സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാമെന്ന് തീരുമാനമെടുത്തിരുന്നെങ്കിലും ഏകപക്ഷീയമായി കൗണ്‍സിലിന്റെ അജണ്ടയില്‍ സിപിഎം ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് സിപിഐ അംഗങ്ങള്‍ പറഞ്ഞു. ഐടി ഓഫിസറുടെ തസ്തിക അനുവദിച്ച ശേഷം ഇതേക്കുറിച്ച് ആലോചിക്കാമെന്നുമായിരുന്നു സിപിഐ അംഗങ്ങളുടെ നിലപാട്. വിഷയം മാറ്റിവയ്ക്കണമെന്ന് സിപിഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഹണി ആവശ്യപ്പെട്ടപ്പോള്‍ മാറ്റിവയ്‌ക്കേണ്ടതില്ല എന്ന നിലപാടാണ് സിപിഎം കൈക്കൊണ്ടത്. ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അജണ്ട പാസ്സായതായി മേയര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സിപിഐ അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിക്കുകയായിരുന്നു. വിയോജനകുറിപ്പ് മിനിട്ട്‌സില്‍ രേഖപ്പെടുത്തണമെന്നും സിപിഐ അംഗങ്ങള്‍ ആവശ്യപ്പെട്ടു. തെരുവ് വിളക്കുകള്‍ കത്തിക്കുന്നതില്‍ വിവേചനം കാട്ടുന്നതായി ആരോപിച്ച് മരാമത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ചിന്ത എല്‍ സജിത്തിനെതിരേ സിപിഎം അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. ആശ്രാമം ഡിവിഷന്‍ കൗണ്‍സിലര്‍ രവീന്ദ്രന്‍, കുരീപ്പുഴ വെസ്റ്റ് ഡിവിഷന്‍ കൗണ്‍സിലര്‍ എസ് രാജ്‌മോഹനന്‍, അമ്മന്‍നട ഡിവിഷന്‍ കൗണ്‍സിലര്‍ അഞ്ജു ആര്‍ കൃഷ്ണന്‍ എന്നിവരാണ് മരാമത്ത് സ്ഥിരംസമിതി അധ്യക്ഷയ്‌ക്കെതിരേ ആരോപണങ്ങള്‍ ഉതിര്‍ത്തത്. തെരുവ് വിളക്കുകള്‍ കത്തിക്കുന്നതില്‍ വിവേചനം കാട്ടിയിട്ടില്ലെന്നും നിര്‍വഹണ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണ് ചില ഇടങ്ങളില്‍ ഓണത്തിന് മുമ്പ് തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ കഴിയാഞ്ഞതെന്നും ചിന്ത എല്‍ സജിത് വിശദീകരിച്ചു.കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംഎവൈ നടപ്പിലാക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ നിരവധി അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ പദ്ധതിക്കാവുന്നില്ലെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ് ഗീതാകുമാരി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ ബാങ്കുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ അറിയിച്ചു. ഗതാഗതത്തിന് തടസ്സമായി നില്‍ക്കുന്ന കൂറ്റന്‍ ബോര്‍ഡുകളും മറ്റും അടിയന്തരമായി നീക്കം ചെയ്യും. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി നഗരാസൂത്രണ കമ്മിറ്റി അടിയന്തിരമായി വിളിച്ചുചേര്‍ക്കും. കുടിവെള്ളപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കുമെന്നും മേയര്‍ പറഞ്ഞു. വളരെ സങ്കീര്‍ണമായി മാറുകയാണ് ഈ പ്രശ്‌നം. നഗരത്തില്‍ വെള്ളമെത്തിക്കാനുള്ള പദ്ധതികള്‍ 2020ല്‍ മാത്രമേ പൂര്‍ത്തീകരിക്കാനാകൂ. ഈ സാഹചര്യത്തില്‍ സമാന്തര പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. മരുത്തടി വട്ടക്കായല്‍ ശുദ്ധജല തടാകത്തിലെ വെള്ളം കുടിവെള്ളശൃംഖലയില്‍ ഉള്‍പ്പെടുത്താനാകുമോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇതിന് പുറമെ ജപ്പാന്‍ കുടിവെള്ള പദ്ധതി കൂടുതല്‍ ഫലപ്രദമാക്കാനും നീക്കം നടത്തേണ്ടതുണ്ടെന്ന് മേയര്‍ പറഞ്ഞു. ചിന്നക്കട-ആശ്രാമം റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐയിലെ ഹണി ആവശ്യപ്പെട്ടു. അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തില്‍ ബിവറേജ് ഔട്ട്‌ലെറ്റ് നടത്താന്‍ അനുവാദം നല്‍കിയതിനെയും അംഗം വിമര്‍ശിച്ചു. നഗരത്തിലാകെ അനധികൃത ബങ്കുകളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും വ്യാപകമായതായി സിപിഎം അംഗം എസ് രാജ്‌മോഹന്‍ പരാതിപ്പെട്ടു. തെരുവ് വിളക്ക് കത്തിക്കുന്നതില്‍ വിവേചനം കാട്ടുന്നതായും സോഡിയം വേപ്പര്‍ ലാമ്പുകള്‍ കൃത്യമായി കത്തുന്നില്ലെന്നും എസ്ഡിപി ഐ അംഗം എ നിസാര്‍ പറഞ്ഞു. വാഹനാപകടത്തില്‍ മരിച്ച കൗണ്‍സിലര്‍ കോകില എസ് കുമാറിന്റെ കുടുംബത്തെ സഹായിക്കാന്‍ സഹായ ഫണ്ട് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫണ്ട് സ്വരൂപിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിക്കുകയും ചെയ്തു.പ്ലാസ്റ്റിക് നിരോധനം ഒക്‌ടോബര്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ് ജയന്‍ അറിയിച്ചു. പ്ലാസ്റ്റിക് കവറുകളില്‍ ഹോളോഗ്രാം പതിക്കുന്നത് നടപ്പിലാക്കും. മരുത്തടി വട്ടക്കായലിലും കട്ടക്കകായലിലും ഡ്രജിങ് നടത്താന്‍ സര്‍വ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ജയന്‍ വെളിപ്പെടുത്തി. ക്ഷേമപെന്‍ഷന്‍ വിതരണം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളെ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് ഖണ്ഡിച്ചു.എസ് മീനാകുമാരി, അജിത് കുമാര്‍ ബി, അഡ്വ. എംഎസ് ഗോപകുമാര്‍, ടിആര്‍ സന്തോഷ്‌കുമാര്‍, പ്രശാന്ത്, എന്‍ മോഹനന്‍, എസ് ഗീതാകുമാരി, ടി ലൈലാകുമാരി, എസ് സതീഷ്, എന്‍ സഹൃദയന്‍, അഡ്വ. ജെ സൈജു, എ കെ ഹഫീസ്, അഡ്വ. വനിതാ വിന്‍സന്റ്, ഡെര്‍ളിന്‍, കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍, പി ജെ രാജേന്ദ്രന്‍ എന്നിവരും പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക