|    May 27 Sat, 2017 4:20 am
FLASH NEWS

കോര്‍പറേഷനില്‍ പാര്‍ട്ടി ക്യാംപുകള്‍ ഉണര്‍ന്നു

Published : 5th October 2015 | Posted By: RKN

കോഴിക്കോട്: തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം വന്നതോടെ ഇടത്, വലത് മുന്നണികളും ബി.ജെ.പി, എസ്.ഡി.പി.ഐ. കക്ഷികളും കടുത്ത പോരാട്ടച്ചൂടിലക്ക് ഇറങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ഭരണവിരുദ്ധ തരംഗത്തില്‍ തുഴഞ്ഞ് കരപറ്റാമെന്നും കോര്‍പറേഷന്‍ ഭരണത്തില്‍ നാല്‍പ്പതു വര്‍ഷം തികയ്ക്കാമെന്നുമുള്ള പ്രതീക്ഷയുമായി ഇടതു മുന്നണി സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥികളേക്കാള്‍ പ്രാധാന്യം സാമൂഹിക-സാംസ്‌കാരിക-കലാ പ്രവര്‍ത്തനത്തില്‍ സജീവമായ ഇടതു സഹയാത്രികരെ സ്ഥാനാര്‍ഥിയാക്കുക എന്ന ലക്ഷ്യമിട്ട് സ്ഥാനാര്‍ഥികളെ തിരയല്‍ തുടങ്ങി.

കഴിഞ്ഞ തവണ യു.ഡി.എഫ്. കോര്‍പറേഷന്‍ ഭരണത്തില്‍ കയറാന്‍ കീറാമുട്ടിയായി നിന്ന എലത്തൂരിലെയും ബേപ്പൂരിലേയും വാര്‍ഡുകളിലേക്ക് രാഷ്ട്രീയ പ്രബുദ്ധതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തി ജയിപ്പിക്കുകയെന്ന ലക്ഷ്യമാണ് യു.ഡി.എഫിന്റേത്. കോഴിക്കോടിന്റെ കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളെ ഒഴിവാക്കി അവിടെ മുനിസിപ്പാലിറ്റി രൂപീകരിക്കാനുള്ള യു.ഡി.എഫിന്റെ ഗൂഡാലോചന പാളിയതില്‍ ഏറെ ദുഖിതരാണ് യു.ഡി.എഫ്. കോഴിക്കോടിന്റെ വികസനം അട്ടിമറിക്കാന്‍ നഗരത്തെ വെട്ടിമുറിക്കാന്‍ കൂട്ടുനിന്ന് ഗൂഡാലോചന നടത്തിയെന്ന ആരോപണമാണ് യു.ഡി.എഫിനെതിരേ എല്‍.ഡി.എഫ്. ഉയര്‍ത്തുന്ന മുഖ്യ വിഷയം.

ഇതുകാരണമാണ് സ്മാര്‍ട്ട് സിറ്റി നഷ്ടപ്പെട്ടതെന്നും എല്‍.ഡി.എഫ്. ആരോപിക്കും. കൗണ്‍സില്‍ യോഗങ്ങള്‍ അലങ്കോലമാക്കിയതും അനാവശ്യ സമരങ്ങളും എല്‍.ഡി.എഫ്. വിഷയമാക്കും. എന്നാല്‍ കോഴിക്കോട് കോര്‍പറേഷനില്‍ നടന്ന  വന്‍ അഴിമതികളുടെ കണക്കാണ് യു.ഡി.എഫിന്റെ അസ്ത്രം. ഈ തവണ കോര്‍പറേഷന്‍ അഴിമതി വിരുദ്ധ സമിതി കോര്‍പറേഷന്റെ അഴിമതി കേസുകളുടെ കണക്കുകള്‍ നിരത്തി രംഗത്തുണ്ട്. വാര്‍ഡുകളില്‍ രാഷ്ട്രീയത്തിന്നതീതമായി സാമൂഹികരംഗത്ത് നിത്യസാന്നിധ്യമായവരും അഴിമതിക്കെതിരേ പോരാടാന്‍ തയ്യാറുള്ളവരുമായവരെ അഴിമതി വിരുദ്ധ സമിതി സ്ഥാനാര്‍ഥിയാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്‍.എം.പിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഐക്യ മുന്നണി, ആം ആദ്്മി പാര്‍ട്ടി തുടങ്ങിയവരും രംഗത്തുവരും. അനായാസ ജയമെന്ന അവകാശവാദം ഇക്കുറി ഇരുമുന്നണികള്‍ക്കും ഇല്ല. ഇപ്പോഴത്തെ കൗണ്‍സിലില്‍ ഉള്ള തഴക്കംചെന്ന കൗണ്‍സിലര്‍മാരുടെ തട്ടകങ്ങള്‍ പലതും സ്ത്രീകളുടെ സംവരണമായത് ഇരു മുന്നണികളേയും കുഴക്കിയിട്ടുമുണ്ട്. എല്‍.ഡി.എഫിനു 41 സീറ്റും യു.ഡി.എഫിനു 34 സീറ്റുമാണ് ഈ കൗണ്‍സിലിലുള്ളത്.

യു.ഡി.എഫിനു വെറും ഏഴ് സീറ്റ് ഉണ്ടായിരുന്നതില്‍ നിന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 34ലേക്ക് കുതിച്ചത്. മുസ്്‌ലിംലീഗ് മല്‍സരിച്ച 17 സീറ്റുകളില്‍ 12 സീറ്റുകളില്‍ വിജയംകണ്ടു. ജനത സോഷ്യലിസ്റ്റുകാര്‍ മല്‍സരിച്ച 4 സീറ്റുകളിലും ജയിച്ചതാണ്. 75 കൗണ്‍സിലര്‍മാരില്‍ 38 വനിതകള്‍ കൗണ്‍സിലിലെത്തി. സി.പി.ഐയ്ക്കു ഒരു സീറ്റുപോലും കിട്ടിയില്ല. എല്‍.ഡി.എഫില്‍ ഘടകകക്ഷിയായി കൗണ്‍സിലില്‍ എന്‍.സി.പി. മാത്രമാണുണ്ടായത്. രണ്ടു പേര്‍. നാലു വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥികള്‍. 40ല്‍ താഴെ മാത്രം വോട്ടിനാണ് പല ഡിവിഷനുകളിലും യു.ഡി.എഫ്. പരാജയപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day