|    Nov 21 Wed, 2018 9:08 am
FLASH NEWS

കോര്‍പറേഷനില്‍ കോണ്‍ഗ്രസ്സിനെതിരേ ലീഗ് അവിശ്വാസത്തിന്

Published : 4th August 2018 | Posted By: kasim kzm

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ യുഡിഎഫ് മുന്നണി ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക്. കോര്‍പറേഷനിലെ കോണ്‍ഗ്രസ് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍, അഴീക്കോട് മണ്ഡലം മുസ്്‌ലിംലീഗ് ഭാരവാഹികളുടെയും കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗങ്ങളുടെയും സംയുക്തയോഗം തീരുമാനിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്സും ലീഗും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരം കാണാത്തതാണ് കടുത്ത തീരുമാനത്തിലേക്കു നീങ്ങാന്‍ ലീഗിനെ പ്രേരിപ്പിച്ചത്. കണ്ണൂര്‍ കോര്‍പറേഷനിലുള്‍പ്പെടെ ഭരണനഷ്ടത്തിനു കാരണം കോ ണ്‍ഗ്രസ്സിലെ ഗ്രൂപ്പിസവും തമ്മിലടിയുമാണെന്നും ചിലയിടങ്ങളില്‍ ലീഗിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ടെന്നും കാണിച്ച് മുസ്്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു.
ജില്ലാ-സംസ്ഥാന തലത്തി ല്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നം അനന്തമായി നീളുകയായിരുന്നു. ഇതോടെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്ന് സമ്മര്‍ദം ശക്തമാക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്സിന് നിലവില്‍ കോ ര്‍പറേഷനില്‍ അഞ്ചു സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരാണുള്ളത്. അഡ്വ. ടി ഒ മോഹനന്‍(പൊതുമരാമത്ത്), ജെമിനി(വികസനം), അഡ്വ. പി ഇന്ദിര(ആരോഗ്യം), ഷാഹിന മൊയ്തീന്‍(വിദ്യഭ്യാസം), വിനോദ്(ടാക്‌സ്, അപ്പീല്‍) എന്നിവരാണ്. ഇവര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പാസായാല്‍ നിലവില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് അപ്രസക്തമാവുമെന്നു മനസ്സിലാക്കി നേതൃത്വം ഇടപെട്ട് ലീഗുമായി താഴേതട്ടിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണു ലീഗിന്റെ കണക്കുകൂട്ടല്‍.
കൊളച്ചേരി പഞ്ചായത്തിലും പതിറ്റാണ്ടുകള്‍ക്കു ശേഷം ലീഗിനു ഭരണനഷ്ടത്തിനു കാരണമായത് കോണ്‍ഗ്രസ്സിന്റെ നിലപാടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിച്ച ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി ലീഗ് വിമതയെ പ്രസിഡന്റാക്കാന്‍ സിപിഎമ്മിനും ബിജെപിക്കുമൊപ്പം കോണ്‍ഗ്രസ് അംഗങ്ങളും വോട്ട് ചെയ്തിരുന്നു. ഏറെ വിവാദത്തിനൊടുവില്‍ നേതൃതലത്തില്‍ ധാരണയായതിനെ തുടര്‍ന്ന് ലീഗ് പ്രതിനിധിയെ തന്നെ പ്രസിഡന്റാക്കി സമവായത്തിലെത്തുകയായിരുന്നു.
എന്നാല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തര്‍ക്കം പരിഹരിച്ചിട്ടില്ല. കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയറായ കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിനെ മുന്നണിയിലെത്തിച്ച് ഭരണം നേടാന്‍ അവസരമുണ്ടായിട്ടും കെ സുധാകരന്‍ തടസ്സം നില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗിന്റെ പുതിയ നീക്കം. കോര്‍പറേഷനിലെ ചില പദ്ധതികള്‍ സംബന്ധിച്ചും കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം നിലനില്‍ക്കുകയാണ്. ഇതുകാരണം യുഡിഎഫ് പരിപാടികളുമായി മുസ്്‌ലിം ലീഗ് നിസ്സഹകരിക്കുകയും ചെയ്തിരുന്നു. മുസ്്‌ലിം ലീഗ് ഭാരവാഹികളുടെയും കൗണ്‍സില്‍ അംഗങ്ങളുടെയും സംയുക്തയോഗം ജില്ലാ വൈസ് പ്രസിഡന്റ് ടി എ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കൗണ്‍സില്‍ പാര്‍ട്ടി ചെയര്‍മാന്‍ സി സമീര്‍ അധ്യക്ഷത വഹിച്ചു. കെ പി എ സലീം, കെ പി താഹിര്‍, ഫാറൂഖ് വട്ടപ്പൊയില്‍, എം പി മുഹമ്മദലി, അശ്‌റഫ് ബംഗാളി മുഹല്ല, കെ വി ഹാരിസ്, സി എറമുള്ളാന്‍, വി കെ അഹമ്മദ്, പി കെ റിയാസ്, കളത്തില്‍ സലീം, എം ഷഫീഖ്, സി സീനത്ത്, കെ പി റസാഖ്, ടി കെ നൗഷാദ്, പി കെ ഇസ്മത്ത് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss