|    May 24 Wed, 2017 8:11 am
FLASH NEWS

കോര്‍പറേഷനില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം

Published : 7th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: കോര്‍പറേഷനില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം. ജില്ലാ ആസൂത്രണ സമിതിയിലേക്കു കോര്‍പ്പറേഷനില്‍ നിന്നുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പിലാണു കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തത്. ഇരുമുന്നണിയും സഖ്യമായാണു മത്സരിച്ചത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നതിനാല്‍ ജല്ലാ ആസൂത്രണ സമിതിയില്‍ ഇക്കുറി കോര്‍പറേഷനില്‍ നിന്ന് സിപിഎം പ്രതിനിധിയില്ല. പ്രതിപക്ഷ കക്ഷികളുടെ രഹസ്യ നീക്കം വോട്ടെടുപ്പില്‍ കോര്‍പറേഷന്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന് തിരിച്ചടിയായി. തിരഞ്ഞെടുപ്പില്‍ സമവായ ചര്‍ച്ചകള്‍ പൊളിഞ്ഞതിനെ തുടര്‍ന്നാണ് രഹസ്യ ബാലറ്റ് വോട്ടെടുപ്പ് നടത്തിയത്. യുഡിഎഫ് അംഗങ്ങളായ നാല് കൗണ്‍സിലര്‍മാര്‍ അവധിയിലായിരുന്നിട്ടും യുഡിഎഫ്, ബിജെപി അംഗങ്ങള്‍ ഒരുമിച്ച് നിന്ന് സിപിഎം പ്രതിനിധിയെ പരാജയപ്പെടുത്തുകയായിരുന്നു. വനിത സംവരണ വിഭാഗത്തില്‍ ബിജെപി അംഗം ഇടംനേടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ ജില്ലാ ആസൂത്രണ സമിതിയില്‍ 15 അംഗങ്ങളാണുള്ളത്. ഇതില്‍ മൂന്നു പേരാണ് കോര്‍പറേഷനെ പ്രതിനിധീകരിക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ യുഡിഎഫ് പ്രതിനിധിയായി ആക്കുളം കൗണ്‍സിലര്‍ വി ആര്‍ സിനിയും ഇടത് മുന്നണി പ്രതിനിധിയായി പുന്നയ്ക്കാമുകള്‍ കൗ ണ്‍സിലര്‍ ആര്‍ പി ശിവജിയും മത്സരിച്ചു. സിനി 51 വോട്ട് നേടിയപ്പോള്‍ ശിവജിക്ക് 45 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. വനിത വിഭാഗത്തില്‍ രണ്ട് അംഗങ്ങള്‍ക്കാണ് കോര്‍പറേഷനില്‍ നിന്ന് ആസൂത്രണ സമിതിയില്‍ പ്രാതിനിധ്യമുള്ളത്. തമ്പാനൂര്‍ കൗണ്‍സിലര്‍ സിപിഐയുടെ ജയലക്ഷ്മി, മുട്ടത്തറ കൗണ്‍സില്‍ സിപിഎമ്മിന്റെ എസ് ആര്‍ അഞ്ജു, ബിജെപിയുടെ ഷീജ എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ജയലക്ഷ്മി 38 വോട്ടും ഷീജ 48 വോട്ടും നേടി. അഞ്ച് വോട്ടു മാത്രം നേടിയ അഞ്ജു ഇതോടെ പുറത്താവുകയായിരുന്നു. അഞ്ച് വോട്ട് അസാധുവാകുകയും ചെയ്തു. ജനറല്‍ വിഭാഗത്തിലേക്ക് നടത്തിയ വോട്ടെടുപ്പില്‍ ബിജെപി യുഡിഎഫിനേയും വനിതാ വിഭാഗത്തിലേക്കുള്ള വോട്ടെടുപ്പില്‍ തിരിച്ചും സഹായിച്ചതാണ് സിപിഎം അംഗം പരാജയപ്പെടാന്‍ കാരണമെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. ഇതോടെ നഗരസഭയിലെ ബിജെപി കോണ്‍ഗ്രസ് സഖ്യം മറനീക്കി പുറത്തുവന്നെന്നു മേയര്‍ വി കെ പ്രശാന്ത് പറഞ്ഞു. എന്നാല്‍ ആരോപണം പ്രതിപക്ഷം നിഷേധിച്ചു. സ്വതന്ത്ര അംഗം ഉള്‍പ്പെടെ 44 പേരുടെ പിന്തുണ ഉറപ്പാക്കിയാണ് എല്‍ഡിഎഫ് വോട്ടെടുപ്പിലേക്ക് കടന്നത്. ബിജെപിയുടെ 35 അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തു. എന്നാല്‍ 21 അംഗങ്ങളുള്ള യുഡിഎഫില്‍ നാല്‌പേര്‍ അവധിയിലായിരുന്നു. ബീമാപ്പള്ളി റഷീദ്, ത്രേസ്യാമ്മ തോമസ്, നിസാബീവി, കെ സി വിമല്‍കുമാര്‍ എന്നിവരാണ് അവധിയിലായിരുന്നത്. ജില്ലാ ആസൂത്രണ കമ്മിറ്റി തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ്  തിരഞ്ഞെടുപ്പുനടന്നത്. ജില്ലാ പഞ്ചായത്ത് പ്രതിനിധികളായി എട്ട് പേരും കോര്‍പറേഷനെ പ്രതിനിധീകരിച്ച് മൂന്നു പേരും നാലു മുനിസിപ്പാലിറ്റികളില്‍ നിന്ന് ഒരാളും ജില്ലാ ആസൂത്രണ സമിതിയിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റിന് പുറമേ കലക്ടര്‍, ആസൂത്രണ രംഗത്തെ  ഒരു വിദഗ്ധന്‍ എന്നിവരും അംഗങ്ങളാണ്. ജില്ലയുടെ വികസനത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് അംഗീകാരം ന ല്‍കുകയാണ് ആസൂത്രണ സമിതിയുടെ ചുമതല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day