|    Aug 23 Wed, 2017 11:51 am

കോരയാറില്‍ രാസമാലിന്യം കലര്‍ന്നെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തി

Published : 10th August 2017 | Posted By: fsq

 

പാലക്കാട്: കോരയാര്‍ പുഴയില്‍ കഞ്ചിക്കോട്ടെ സ്വകാര്യ ഇലാസ്റ്റിക് കമ്പനിയിലെയും മറ്റു മൂന്നു കമ്പനികളിലെയും  രാസമാലിന്യം കലര്‍ന്നിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോ ര്‍ഡിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കോരയാറിന്റെ തീരത്തുള്ള നാല് സ്വകാര്യ കമ്പനികള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോ ര്‍ഡിലെ എന്‍വിയോണ്‍മെന്റ് എന്‍ജിനീയര്‍ ആര്‍ദര്‍ സേവ്യര്‍ പറഞ്ഞു. ഇവിടെ നിന്ന് ശേഖരിച്ച പുഴ വെള്ള സാംപിളുകള്‍ പാലക്കാട്ട് ലാബില്‍ പരിശോധിച്ചു വരുകയാണ്. ആദ്യ  ഫലത്തി ല്‍ തന്നെ രാസമാലിന്യം കലര്‍ന്നെന്ന് വ്യക്തമായി. കലര്‍ന്ന രാസപദാര്‍ഥമേതെന്ന് കണ്ടെത്താനുണ്ട്.  ബാക്കിയുള്ള പരിശോധന പൂര്‍ത്തിയായി ഇതിന്റെ റിപോര്‍ട്ട് കിട്ടിയാലുടന്‍ കമ്പനികള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. വീഴ്ച വരുത്തിയ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. പുഴയിലും കമ്പനികളുടെ പരിസരത്തുമായി ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയില്‍ കമ്പനികളിലെ മാലിന്യ പ്ലാന്റില്‍ ചോര്‍ച്ചയുണ്ടെന്നു കണ്ടെത്തി. പ്ലാന്റിലെ ചോര്‍ച്ചയില്‍ നിന്നാണ് രാസമാലിന്യം ഉള്‍പ്പെടെ പുഴയിലേക്കു കലര്‍ന്നതെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വെള്ളത്തില്‍ രാസമാലിന്യം കലര്‍ന്നതിനാല്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ് പൂജ്യത്തിലെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ വെള്ളത്തില്‍ കമ്പനികളില്‍ നിന്നുള്ള ശുചിമുറി മാലിന്യവും കലര്‍ന്നിട്ടുണ്ട്. വാളയാര്‍ പുഴ കോരയാറിനോട് ചേരുന്ന ഭാഗത്തെ ചെറുതും വലുതുമായ അഞ്ചു കമ്പനികളാണുള്ളത്. എല്ലാ കമ്പനികളുടെയും മാലിന്യ പ്ലാന്റില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തി.  ഇതിന്റെ അന്തിമ റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും. അതേസമയം, കൊയ്യാമരക്കാട് ചത്ത ആടുകളുടെ ആന്തരികാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി തിരുവനന്തപുരം വെറ്റനറി ലാബിലേക്ക് അയച്ചു. മൃതദേഹ പരിശോധനയില്‍ ആടുകളുടെ വയറ്റില്‍ നിന്ന് ആനത്തൊട്ടാവാടിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതു മരണ കാരണമാവാന്‍ ഇടയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതെന്നു ചീഫ് വെറ്ററനറി ഓഫിസര്‍ പറഞ്ഞു. രാസമാലിന്യം കലര്‍ന്നതിനാല്‍ പുഴവെള്ളം ഉപയോഗിക്കരുതെന്നു പുതുശ്ശേരി പഞ്ചായത്ത് ഭരണസമിതി പ്രദേശവാസികള്‍ക്കു നി!ര്‍ദേശം നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക